ശ്രീനഗർ: തീവ്രവാദ ബന്ധം വ്യക്തമായതിനെ തുടർന്ന് കശ്മീരിലെ ഡോക്ടർമാരുടെ അസോസിയേഷൻ പ്രസിഡന്റ് ഡോ. നിസാർ ഉൽ ഹസ്സൻ ഉൾപ്പെടെ നാല് സർക്കാർ ജീവനക്കാരെ ജമ്മു കശ്മീർ സർക്കാർ പിരിച്ചുവിട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 311(2)(സി) പ്രകാരമാണ് ജീവനക്കാരെ പിരിച്ചുവിട്ടത്.
പിരിച്ചുവിട്ട ജീവനക്കാർ സംസ്ഥാനത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും കേസിൽ അന്വേഷണം നടത്തുന്നത് ഉചിതമല്ലെന്നും ബുധനാഴ്ച പുറപ്പെടുവിച്ച സർക്കാർ ഉത്തരവിൽ പറയുന്നു. കുപ്‌വാരയിലെ കുനൻ ഗ്രാമത്തിലെ പോലീസ് കോൺസ്റ്റബിൾ അബ്ദുൾ മജീദ് ഭട്ട്, കുപ്‌വാരയിലെ അധ്യാപകനായ ഫാറൂഖ് അഹമ്മദ് മിർ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരൻ അബ്ദുൾ സലാം റാത്തർ എന്നിവരെയാണ് പിരിച്ചുവിട്ടത്.
പാകിസ്ഥാൻ ഭീകര സംഘടനകളെ സഹായിക്കുക, ഭീകരർക്ക് ലോജിസ്റ്റിക്സ് നൽകുക, ഭീകരവാദികളുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുക, തീവ്രവാദികൾക്കായി ധനസമാഹരണം നടത്തുക, വിഘടനവാദ അജണ്ട മുന്നോട്ട് കൊണ്ടുപോകുക എന്നിങ്ങനെയുളള കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്നായിരുന്നു നടപടികൾ.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, അൻപതിലധികം സർക്കാർ ജീവനക്കാരെ ഭരണഘടനയുടെ 311 (2) (സി) ഉപയോഗിച്ച് ജമ്മു കശ്മീരിൽ പിരിച്ചുവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: