നാഗ്പുര്‍: മാവോയിസ്റ്റ് ഭീഷണി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍ കേരളം തുടര്‍ച്ചയായി അവഗണിക്കുമ്പോള്‍ ഇടതു ഭീകരര്‍ക്കെതിരായ നീക്കം മഹാരാഷ്‌ട്രാ, ഛത്തീസ്ഗഡ് സര്‍ക്കാരുകള്‍ ശക്തമാക്കി.
ചുവപ്പ് ഇടനാഴി എന്നറിയപ്പെടുന്ന മാവോയിസ്റ്റ് സ്വാധീന പ്രദേശത്തേക്കുള്ള ആയുധങ്ങളുടെ വിതരണം അടക്കമുള്ളവ തടയാന്‍ ഛത്തീസ്ഗഡ് അതിര്‍ത്തിയിലെ വാങ്കേതുരി ഗ്രാമത്തില്‍ പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചു.
മാവോയിസ്റ്റുകള്‍ക്ക് വലിയ സ്വാധീനമുണ്ടെന്നു കരുതുന്ന പ്രദേശത്ത് മഹാരാഷ്‌ട്രാ-ഛത്തീസ്ഗഡ് അതിര്‍ത്തിയിലെ 105 കിലോമീറ്റര്‍ റോഡിലൂടെ കാല്‍നടയായി പട്രോളിങ് നടത്തിയെത്തിയ 2000 സുരക്ഷാ ഉദ്യോഗസ്ഥരാണ് 24 മണിക്കൂറിനുള്ളില്‍ ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചത്. മാവോയിസ്റ്റുകളെ നേരിടുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച സി60 കമാന്‍ഡോകള്‍ ഉള്‍പ്പെടുന്ന സംഘമാണിത്.
ദണ്ഡകാരണ്യ വനമേഖലയിലൂടെ ഛത്തീസ്ഗഡില്‍ നിന്ന് മഹാരാഷ്‌ട്രയിലേക്ക് കാല്‍നടയായി കമാന്‍ഡോ സംഘത്തിന് കടക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് കണക്കാക്കുന്നത്. മാവോയിസ്റ്റ് വിരുദ്ധ നീക്കത്തിലെ ചരിത്രപരമായ ഘട്ടം എന്നാണ് ഇതിനെ പ്രത്യേക സംഘത്തിന് നേതൃത്വം നല്കുന്ന എസ്പി നീലോത്പല്‍ വിശേഷിപ്പിച്ചത്. 200 സി60 കമാന്‍ഡോകളും സിആര്‍പിഎഫ് സൈനികരും പ്രത്യേക സംഘത്തിലുണ്ട്.
പ്രത്യേക ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള ഔട്ട്‌പോസ്റ്റാണ് വാങ്കേതുരി ഗ്രാമത്തില്‍ സ്ഥാപിച്ചത്. അഞ്ച് ഏക്കര്‍ വിസ്തീര്‍ണമുള്ള ഗ്രാമം ഗഡ്ചിരോളി പോലീസ്‌സ്റ്റേഷന്‍ പരിധിയിലാണ്. ഈ സ്റ്റഷന്റെ പരിധിയില്‍ 19 ഗ്രാമങ്ങളുണ്ട്.
അടുത്തിടെ ഈ പ്രദേശം മഹാരാഷ്‌ട്രാ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ സന്ദര്‍ശിച്ചിരുന്നു. പിന്നീട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷം യുദ്ധകാലാടിസ്ഥാനത്തില്‍ ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചു.
കേരളത്തില്‍ നിന്ന് പരിക്കേറ്റ രണ്ട് മാവോയിസ്റ്റുകള്‍ അതിര്‍ത്തി കടന്നു എന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് തമിഴ്‌നാടും നിരീക്ഷണം ശക്തമാക്കി. കേരളാ പോലീസില്‍ നിന്ന് തമിഴ്‌നാട് പോലീസിലെ ക്യൂ ബ്രാഞ്ച് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: