കോഴിക്കോട്: ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് അമ്മയെയും മകളെയും ടിടിഇ പുറത്തേക്ക് തള്ളിയിട്ടതായി പരാതി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ളാറ്റ്‌ഫോമിലായിരുന്നു സംഭവം. കണ്ണൂർ പാപ്പിനിശേരി വെണ്ടക്കൻ വീട്ടിൽ ഫൈസലിന്റെ ഭാര്യ ശരീഫ, 17 വയസുകാരിയായ മകൾ എന്നിവരെയാണ് നേത്രാവതി എക്സ്‌പ്രസിന്റെ എസ്2 കോച്ചിൽ നിന്ന് തള്ളിയിട്ടത്. വീഴ്ചയിൽ ശരീഫയുടെ കൈയ്‌ക്ക് പരിക്കേറ്റു.
റിസർവേഷൻ കോച്ചിൽ കയറിയതാണ് ടിടിഇയെ പ്രകോപിപ്പിച്ചത്. കണ്ണൂരിലേക്ക് പോകാനാണ് കുടുംബം എത്തിയത്. ഇവർക്ക് ജനറൽ ടിക്കറ്റാണ് ലഭിച്ചത്. ജനറൽ കോച്ചിൽ നല്ല തിരക്കായതിനാൽ ഫൈസൽ ഭാര്യയെയും മകളെയും റിസർവേഷൻ കോച്ചിൽ കയറ്റി. അതിനുശേഷം മകനോടൊപ്പം ഫൈസൽ ജനറൽ കോച്ചിൽ കയറി. ട്രെയിൻ പുറപ്പെടുന്നതിനിടെ ബഹളംകേട്ട് പ്ളാറ്റ്‌ഫോമിലേക്ക് നോക്കിയപ്പോൾ മകളെയും മറ്റ് രണ്ട് കുട്ടികളെയും ടിടിഇ ട്രെയിനിൽ നിന്ന് തള്ളിയിറക്കുന്നതാണ് കണ്ടത്.
ഉടൻതന്നെ മകനോടൊപ്പം ഫൈസൽ ട്രെയിനിൽ നിന്ന് ഇറങ്ങി. ഇതിനിടയിൽ തന്നെ ടിടിഇ ഭാര്യയെയും പുറത്തേക്ക് ഇറക്കി. അപ്പോഴാണ് വീണ് പരിക്കേറ്റത്. ആർപിഎഫ് എത്തി പ്രാഥമിക അന്വേഷണത്തിനുശേഷം റെയിൽവേ പൊലീസിൽ എത്തിച്ചു. തുടർന്ന് ടിടിഇയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകുകയായിരുന്നു. ഇന്നുതന്നെ ടിടിഇയോട് സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും റെയിൽവേ പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: