ശബരിമല: ശബരീശദര്‍ശനത്തിന് മലകയറി എത്തുന്ന തീര്‍ത്ഥാടകരുടെ ദാഹം അകറ്റാന്‍ പമ്പാ തീര്‍ത്ഥം പദ്ധതിയുമായി വാട്ടര്‍ അതോറിട്ടി. പമ്പാ തീര്‍ത്ഥം കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് ശബരിമലയില്‍ മുടക്കമില്ലാതെ യഥേഷ്ടം കുടിവെള്ളം എത്തിക്കുന്നത്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ത്ഥാടന പാതയില്‍ കുടിവെള്ള കിയോസ്കുകള്‍ സ്ഥാപിച്ചാണ് ശുദ്ധ ജലം എത്തിക്കുന്നത്.
പമ്പ കെഎസ്ആര്‍ടിസി മുതല്‍ സന്നിധാനം വരെ 103 കിയോസ്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെയുളള 270 ടാപ്പുകളിലൂടെ 24 മണിക്കൂറും മുടക്കമില്ലാതെ കുടിവെള്ളം ലഭിക്കും. തീര്‍ത്ഥാടക തിരക്ക് വര്‍ധിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ കിയോസ്ക്കുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വാട്ടര്‍ അതോറിട്ടിയുടെ പമ്പ, നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശരംകുത്തി എന്നീ അഞ്ച് ടാങ്കുകളില്‍ നിന്നാണ് വെള്ളം എത്തുന്നത്. പമ്പ ത്രിവേണിയില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് ക്ലോറിനേഷന് നടത്തി വിവിധ ടാങ്കുകളില്‍ വെള്ളം എത്തുന്നു.
ഈ വെള്ളം റിവേഴ്സ് ഓസ്മോസിസിലൂടെ ശുദ്ധീകരിച്ചാണ് കുടിവെള്ള ടാപ്പുകളില്‍ എത്തുക. പമ്പയില്‍ പുതുതായി സ്ഥാപിച്ച രണ്ട് ലക്ഷത്തിന്റെ സ്റ്റീല്‍ ടാങ്ക് ഉള്‍പ്പടെ 6.1 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയാണുള്ളത്. നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ രണ്ട് ലക്ഷം വീതവും ശരംകുത്തിയില്‍ ആറ് ലക്ഷം ലിറ്ററും സംഭരണ ശേഷിയുള്ള ടാങ്കുകളാണുള്ളത്. ആകെ 18.1 ലക്ഷം ലിറ്ററിന്റെ സംഭരണശേഷി. കൂടാതെ ദേവസ്വം ബോര്‍ഡിന്റെ 40, 10 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള രണ്ട് ടാങ്കുകളിലും വെള്ളം എത്തിക്കുന്നു.
ടാങ്കുകളില്‍ വെള്ളം കുറയുന്നതിന് അനുസരിച്ച് പമ്പിങ് നടത്താന്‍ 24 മണിക്കൂറും ജീവനക്കാരുമുണ്ട്. ഇത്തരത്തില്‍ വിവിധ സ്ഥലങ്ങളില്‍ എത്തുന്ന വെള്ളം വിവിധ സ്ഥലങ്ങളിലായി സഥാപിച്ചിരിക്കുന്ന ഒമ്പത് റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകളില്‍ ശുദ്ധികരിച്ചാണ് കുടിവെള്ളമാക്കി മാറ്റുന്നത്. പമ്പ കെഎസ്ആര്‍ടിസിയില്‍ മണിക്കൂറില്‍ 2,000 ലിറ്റര്‍ ശുദ്ധികരിക്കാനുള്ള പ്ലാന്റാണുള്ളത്. ത്രിവേണി, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ 5,000 ലിറ്ററും നീലിമല ടോപ്പ്, മരക്കൂട്ടം, ശരംകുത്തി എന്നിവിടങ്ങളില്‍ 2,000 ലിറ്ററും ശുദ്ധീകരിക്കാന്‍ കഴിയും. നീലിമല ബോട്ടത്തില്‍ 1,000 ലിറ്ററും അപ്പാച്ചിമേട്ടില്‍ 3,000 ലിറ്ററും ഓരോ മണിക്കൂറില്‍ കുടിവെള്ളമാക്കി മാറ്റും. ആകെ 29,000 ലിറ്റര്‍ ജലം ഒരുമണിക്കൂറില്‍ കുടിവെള്ളമാക്കി മാറ്റിയാണ് തീര്‍ഥാടകരുടെ ദാഹം അകറ്റുന്നത്.
103 കുടിവെള്ള കിയോസ്കുകള്‍ക്ക് പുറമെ ആറ് ഇടങ്ങളില്‍ ചൂട്, തണുപ്പ്, സാധാരണ വെള്ളം എന്നിവ നല്കുന്ന വാട്ടര്‍ ഡിസ്പെന്‍സറുകളുമുണ്ട്. പൊലീസ് കണ്ട്രോള് റൂം, ആഞ്ജനേയ ഓഡിറ്റോറിയത്തിന് സമീപം, നീലിമല ബോട്ടം, അപ്പാച്ചിമേട്, മരക്കൂട്ടം, സന്നിധാനം എന്നിവിടങ്ങളിലാണ് വാട്ടര്‍ ഡിസ്പെന്‍സറുകള്‍. 1.3 കോടി ലിറ്റര്‍ വെള്ളം പ്രതിദിനം പമ്പ് ചെയ്യാനുള്ള സംവിധാനമാണ് ത്രിവേണിയിലുള്ളത്. പ്രെഷര്‍ ഫില്‍ട്ടര്‍ സംവിധാനം ഉപയോഗിച്ച് ശുദ്ധീകരിച്ചാണ് വെള്ളം പമ്പ് ചെയ്യുന്നത്. നിശ്ചിത ഇടവേളകളില്‍ ഫില്‍ട്ടര്‍ സംവിധാനത്തില്‍ അടിയുന്ന ചെളിയും നീക്കം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: