തിരുവനന്തപുരം: നവകേരള സദസിനായി ഒരു കോടി അഞ്ചു ലക്ഷം രൂപ മുടക്കി ബെന്‍സിന്റെ ബസ് കൊണ്ടുവന്നത് കൂടുതല്‍ വാഹനങ്ങള്‍ ഓടിക്കാതെ ചെലവ് കുറയ്ക്കാനാണെന്ന് സര്‍ക്കാര്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് തെളിയുന്നു. ബെന്‍സ് ബസും മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളും അതിന് അകമ്പടിയായി മറ്റു സര്‍ക്കാര്‍ വാഹനങ്ങളുമെല്ലാമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മണ്ഡലങ്ങളില്‍ നടത്തുന്നത് ആഡംബര വാഹന ഘോഷയാത്ര.
ആഡംബര ബസിലെ യാത്ര സംബന്ധിച്ച് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുമ്പോഴുണ്ടാകുന്ന വന്‍ വാഹനവ്യൂഹം ഒഴിവാക്കാനും ചെലവ് കുറയ്ക്കാനും ഒരു ബസ് മതിയെന്നാണ് മന്ത്രി ആന്റണി രാജു വ്യക്തമാക്കിയത്. എന്നാല്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയില്‍ ഘോഷയാത്രയായിട്ടാണ് നവകേരള സദസിലേക്കുള്ള യാത്ര.
നവകേരള സദസ് നടക്കുന്ന സ്ഥലത്തും സര്‍ക്കാര്‍ വാഹനങ്ങളുടെ നീണ്ടനിര കാണാം. മന്ത്രിമാരുടെ വാഹനങ്ങളെല്ലാം മണ്ഡലങ്ങളിലുണ്ട്. പരിപാടി കഴിഞ്ഞ ശേഷം ഇവര്‍ താമസ സ്ഥലത്തേക്ക് പോകുന്നത് ഈ വാഹനങ്ങളില്‍. പരാതികള്‍ സ്വീകരിക്കാനായി വിവിധ വകുപ്പുകളിലെ ജീവനക്കാരെ കൊണ്ടുവരുന്നതിനു വേണ്ടി വകുപ്പിന്റേത് കൂടാതെ വാടകയ്ക്ക് എടുത്ത വാഹനങ്ങളും. ഇതിനെല്ലാം പുറമെ വഴിനീളെ പോലീസുകാരെ എത്തിക്കുന്നതിന് എസ്എച്ച്ഒ മാരുടെ നേതൃത്വത്തില്‍ പോലീസ് വാഹനങ്ങളും.
മന്ത്രിമാരുടെ ചില പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും കൂടെ ഉണ്ട്. ഇവര്‍ ഉപയോഗിക്കുന്നത് മണ്ഡലത്തിലെ പൗരപ്രമുഖന്മാരുടെ വാഹനങ്ങള്‍. മുപ്പതോളം വാഹനങ്ങള്‍ നിരനിരയായി പോകുമ്പോള്‍ നിരത്തുകളില്‍ അനുഭവപ്പെടുന്നത് വന്‍ ഗതാഗതക്കുരുക്ക്. പലയിടത്തും മറ്റ് വാഹനങ്ങളെ വഴിതിരിച്ച് വിടുന്നു.
സദസ് കൂടുന്ന സ്ഥലത്ത് വാട്ടര്‍ അതോറിറ്റി, ഫയര്‍ ആന്‍ഡ് റസ്ക്യൂ, കെഎസ്ഇബി വകുപ്പുകളുടെ വാഹനങ്ങള്‍ വേറെ. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയതിനാല്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ വാഹനങ്ങളും കൂടിയാകുമ്പോള്‍ ഇനിയുള്ള ദിവസങ്ങളില്‍ അകമ്പടി വാഹനങ്ങള്‍ അമ്പതിനോട് അടുക്കും.
ആന്റണി രാജു അന്ന് പറഞ്ഞത്
1.05 കോടി രൂപ ചിലവഴിച്ചാണ് നവകേരള സദസിന് സഞ്ചരിക്കാനായി ബസ് വാങ്ങിയത്. ബസ് വാങ്ങിയത് കെഎസ്ആര്‍ടിസി ബജറ്റ് വിഹിതത്തില്‍ നിന്ന്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ ചിലവ് കുറയ്ക്കുന്നതിനു വേണ്ടി. 21 മന്ത്രിമാരും പൈലറ്റ് വാഹനവും പോയാല്‍ ഇതിലും കൂടുതലാകും ചെലവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: