റോഡ് സൈഡില്‍ മൂന്നുവരി കടകളും പുറകിലായി വീടും ഉള്‍പ്പെട്ട വസ്തു. വീടിന്റെ തെക്കുപടിഞ്ഞാറുഭാഗവും വടക്കുപടിഞ്ഞാറുഭാഗവും മൂലകള്‍ ഇല്ലാതെ ചരിച്ച് എടുത്തിരിക്കുകയാണ്. ഭൂമി ആ രീതിയില്‍ ആയതിനാലാണ് വീടും ഈ രീതിയില്‍ ക്രമീകരിച്ചത്. മൂന്ന് വര്‍ഷമേ ആയുള്ളൂ പണിഞ്ഞിട്ട്. ഗൃഹനാഥന് വലിയ കടബാധ്യതയിലായി. വീടിന് വാസ്തുദോഷമുണ്ടെങ്കില്‍ എങ്ങനെ പരിഹരിക്കാം?
ചെറുതായാലും വലുതായാലും വീടു പണിയുമ്പോള്‍ ഒരു കാരണവശാലും കോണുകള്‍ കട്ട് ചെയ്ത് വീടുകള്‍ പണിയരുത്. ഇത് ശക്തമായ വാസ്തുദോഷം ഉണ്ടാക്കും. വീടിന്റെ മുന്‍ഭാഗം കടകളാണ്. പിറകുവശത്തുള്ള രണ്ട് പ്രധാന കോണുകളും കട്ട് ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. ഇതിന് പരിഹാരമായി ഫൗണ്ടേഷന്റെ പൊക്കമെങ്കിലും തറലെവലില് നിന്ന് കെട്ടി കോണുകള്‍ ഉണ്ടാക്കണം. കോണുകള്‍ എന്നുപറയുന്നത് 90 ഡിഗ്രിയാണ്. ശരിയായ രീതിയില്‍ ഊര്ജക്രമീകരണത്തിന് കോണുകള്‍ അത്യാവശ്യമാണ്. അഷ്ടദിക്കുകളുമായി ബന്ധപ്പെട്ട് ആയിരിക്കണം ഒരു വീട് നില്‍ക്കേണ്ടത്. വാസ്തുദോഷപരിഹാരത്തിന് പഞ്ചശിരസ്സ് സ്ഥാപനം, വാസ്തുബലി, സത്യനാരായണപൂജ എന്നിവ ചെയ്യുന്നത് ഉത്തമമായിരിക്കും.
പുതിയൊരു റെസ്റ്റോറന്റ് പണി കഴിപ്പിച്ചു. ഉദ്ദേശിച്ച രീതിയിലുള്ള ബിസിനസ് അവിടെ നടക്കുന്നില്ല. വാസ്തുശാസ്ത്രപരമായ അപാകതകള്‍ ഉണ്ടെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.അതിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?
ഒരു ബിസിനസ് സ്ഥാപനത്തിന്റെ പ്രധാന വാതില്‍ സ്ഥാപിക്കേണ്ടത് മഹാ ദിക്കുകളായ കിഴക്ക്, വടക്ക്, തെക്ക്, പടിഞ്ഞാറ് ഇതിന്റെ ഏതിന്റെയെങ്കിലും ഉച്ചഭാഗത്തുതന്നെ ആയിരിക്കണം. തീന്മുറി ഏതൊരു ഹോട്ടലിന്റെയും റെസ്റ്റോറന്റിന്റെയും ഹൃദയഭാഗമാണ്. ഇവിടെ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഡൈനിംഗ് ഹാള്‍ പടിഞ്ഞാറുവടക്ക് അല്ലെങ്കില്‍ കിഴക്ക് ഭാഗത്തായിരിക്കണം. കിഴക്കോട്ടോ പടിഞ്ഞാറോട്ടോ അല്ലെങ്കില്‍ തെക്കോട്ടോ നോക്കിയിരുന്ന് ആഹാരം കഴിക്കുന്നതാണ് ഉത്തമം. ഡൈനിംഗ് ഹാളുകള്‍ ക്രമീകരിക്കുമ്പോള്‍ ഊര്‍ജപ്രവാഹം റൂമിലേക്കു കടന്നുവരത്തക്ക രീതിയില്‍ ആയിരിക്കണം. ഹോട്ടലിന്റെ പ്രധാന അടുക്കള സ്ഥിതിചെയ്യേണ്ടത് തെക്കുകിഴക്ക് ഭാഗത്തായിരിക്കണം. സ്റ്റോര്‍ മുറി പടിഞ്ഞാറുഭാഗത്ത് വരുന്നത് നല്ലതാണ്. വടക്കുകിഴക്കേ മൂലഭാഗം തുറസായി ഇട്ടിരിക്കണം.
കുടുംബസ്വത്തായി കിട്ടിയ 15 സെന്റ് ഭൂമിയില്‍ വീടു പണിയുകയാണ്. വസ്തുവിന്റെ മുന്‍വശത്തു ചെറിയ ഒരു റോഡുണ്ട്. അതിനോടു ചേര്‍ന്ന് ഒരു കാവ് സ്ഥിതിചെയ്യുന്നുണ്ട്. കാവിന് വീടു പണിയുന്ന ഭൂമിയുമായി 18 അടി അകലം മാത്രമേ ഉള്ളു. കാവിന് എതിരേയുള്ള ഭൂമിയില്‍ വീടു വയ്ക്കുന്നത് ദോഷമാണെന്നു പറയുന്നുണ്ട്. ഇവിടെ വീടു വയ്ക്കുവാന്‍ വേറേ സ്ഥലമില്ല. പരിഹാരം നിര്‍ദേശിക്കാമോ?
പ്രസ്തുത കാവില്‍ നാഗാരാധന ഉണ്ടെങ്കില്‍ പണിയുവാന്‍ പോകുന്ന വീടിന്റെ ദര്‍ശനം കാവിനു നേരേയാകരുത്. 15 സെന്റ് ഭൂമിയുള്ളതിനാല്‍ കാവിനു നേരേ അല്ലാതെ വീടിന്റെ ദര്‍ശനം മാറ്റി ചെയ്യുന്നതാണു നല്ലത്. വസ്തു വിന്റെ മുമ്പില്‍ ഒരു റോഡ് ഉള്ളതു നല്ലതാണ്. ഗൃഹത്തിന്റെ പരിസരത്ത് ഒരു കാവ് ഉള്ളതും നല്ലതുതന്നെ. അവിടെനിന്നു ലഭിക്കുന്ന ഊര്‍ജപ്രവാഹം ചുറ്റുപാടുമുള്ള വീടുകള്‍ക്ക് അനുകൂലമായിരിക്കും. എന്നാല്‍, കാവില്‍നിന്നു നിശ്ചിത അകലം പാലിച്ചുവേണം ഗൃഹം പണിയുവാന്‍.
മുമ്പ് പാറ പൊട്ടിച്ച സ്ഥലത്താണു വീടു പണിഞ്ഞിട്ടുള്ളത്. പന്ത്രണ്ടുവര്‍ഷം പഴക്കമുണ്ട് വീടിന്. പടിഞ്ഞാറാണ് ദര്‍ശനം. 30 അടി മാറിയാല്‍ വളരെ താഴ്ചയില്‍ കരിങ്കല്ലെടുത്തു കുഴിയായി കുളംപോലെ വെള്ളം കെട്ടിക്കിടക്കുന്നു. ഇപ്പോള്‍ കുടുംബ ബിസിനസ്സെല്ലാം തന്നെ തകര്‍ന്നു. കൂടാതെ ഗൃഹനാഥന് വാഹനാപകടത്തിലും പെട്ടു. വാസ്തുശാസ്ത്രപരമായി ഗൃഹത്തെ രക്ഷിക്കുവാനുള്ള മാര്‍ഗം പറയാമോ?
സാധാരണ ഒരു കാരണവശാലും പാറമടകളില്‍ വീടു വയ്ക്കാറില്ല. പാറകള്‍ പൊട്ടിച്ചു മാറ്റി പ്രകൃതിയുടെ സന്തുലനാവസ്ഥയ്ക്കു മാറ്റം വരുത്തിയ സ്ഥലങ്ങളാണ് ഇവ. ഇവിടുത്തെ ഊര്ജക്രമീകരണം ഒരിക്കലും ശരിയായിരിക്കില്ല. അമിതമായ ചൂട് അനുഭവപ്പെടും. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ വൃക്ഷങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ഊര്ജക്രമീകരണത്തിനും കുഴപ്പങ്ങള്‍ ഉണ്ട്. ആയതിനാല്‍ ഇങ്ങ നെയുള്ള സ്ഥലങ്ങളില്‍ താമസിച്ചു നിത്യരോഗികള്‍ ആകുന്നതിനേക്കാള്‍ നല്ലതു വേറൊരു സ്ഥലം തേടിപ്പിടിക്കുകയാണ്. അതല്ലാതെ ഇതിനു വേറേ മാര്‍ഗങ്ങള്‍ ഇല്ല.
800 സ്ക്വയര്‍ഫീറ്റ് ഉള്ള ഷീറ്റിട്ട വീട്ടിലാണ് താമസിക്കുന്നത്. പടിഞ്ഞാറാണു വീടിന്റെ ദര്‍ശനം. വീടു പുതുക്കിപ്പണിഞ്ഞ് ഷീറ്റുമാറ്റി വാര്‍ക്കാന്‍ പോകുകയാണ്. വീടിന്റെ തെക്കു ഭാഗത്തുകൂടി ഒരു പുതിയ റോഡു വന്നതിനാല്‍ പടിഞ്ഞാറുള്ള ദര്‍ശനം തെക്കോട്ടു മാറ്റുന്നതില്‍ തെറ്റുണ്ടോ? വീട്ടുടമയുടെ നക്ഷത്രം ഉത്രമാണ്.
ഇപ്പോഴത്തെ വീടിന്റെ ദര്‍ശനം പടിഞ്ഞാറ് എന്നത് പുതുക്കിപ്പണിയുമ്പോള്‍ തെക്കോട്ട് ആക്കുന്നതില്‍ തെറ്റില്ല. പ്രത്യേകിച്ച് നക്ഷത്രം ഉത്രമായ തിനാല്‍ അനുകൂലമായ ദിക്കും കൂടിയാണിത്. എന്നാല്‍, തെക്ക് ദര്ശനംകൊടുക്കു മ്പോള്‍ വാസ്തുശാസ്ത്രം അറിയാവുന്ന ഒരാളിന്റെ നിര്‍ദേശപ്രകാരം പൂമുഖവാതില്‍ സ്ഥാപിക്കണം. കൂടാതെ കിഴക്കുതെക്കുഭാഗത്ത് അടുക്കള വരുന്നതിനും പ്രധാന ബെഡ്റൂം തെക്കുഭാഗത്തോ വടക്കുപടിഞ്ഞാറു ഭാഗത്തോ ആക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: