മലപ്പുറം: കേരളാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലെ പി.അബ്ദുല്‍ ഹമീദിന്റെ പ്രാതിനിധ്യത്തില്‍ പ്രതിഷേധവുമായി യുഡിഎഫ് മലപ്പുറം ജില്ലാ ചെയര്മാന് പി.ടി. അജയ് മോഹന്‍. കേരളാ ബാങ്ക് ഭരണസമിതിയില്‍ ലീഗ് അംഗമായതില്‍ യുഡിഎഫിന് വിഷമമുണ്ടെന്നും നേതൃത്വവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തെന്നും അജയ്മോഹന് മലപ്പുറത്ത് പറഞ്ഞു. കേരളാ ബാങ്കിനെതിരായ കേസില്‍ പി. അബ്ദുല്‍ ഹമീദ് എംഎല്‍എ സഹകരിച്ചില്ലെന്നും അജയ് മോഹന്‍ വ്യക്തമാക്കി.
കേരളാ ബാങ്കിനെതിരായ കേസില്‍ എല്ലാവരും സഹകരിച്ചപ്പോള്‍ ഹമീദ് എംഎല്‍എ പ്രസിഡന്റായ പട്ടിക്കാട് സര്‍വീസ് സഹകരണ ബാങ്ക് വിട്ട് നിന്നു. ഇതിന് പ്രതിഫലമാണോ സ്ഥാനം എന്ന് പറയേണ്ടത് ഹമീദ് എംഎല്‍എ ആണ്. മലപ്പുറത്തെ 98 ബാങ്കുകളും ലയനത്തിന് എതിരായിരുന്നു. തുടക്കം മുതല്‍ കേസുമായി ഹമീദ് എംഎല്‍എ സഹകരിച്ചിട്ടില്ല. എന്തിന് വിട്ടുനിന്നുവെന്ന് ഹമീദ് എംഎല്‍എ പറയണം, അജയ് മോഹന്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും അമര്‍ഷം ഉണ്ടെന്ന് അജയ് മോഹന്‍ പറഞ്ഞു. എല്‍ഡിഎഫ് തരുന്ന ഒരു ആനുകൂല്യവും സ്വീകരിക്കില്ലെന്നും അജയ് മോഹന്‍ വ്യക്തമാക്കി. യുഡിഎഫ് നിലപാട് യോഗം കൂടിയ ശേഷമേ പറയാനാകൂവെന്നും പറഞ്ഞു.
കേരളാ ബാങ്ക് ഭരണസമിതിയില്‍ അംഗമായ ഹമീദ് എംഎല്‍എക്കും ലീഗ് നേതൃത്വത്തിനും എതിരെ ലീഗിനകത്ത് തന്നെ അതൃപ്തി പുകയുമ്പോഴാണ് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രതികരണം നടത്തിയിരിക്കുന്നത്.
ഭരണസമിതിയില്‍ തുടരുമെന്ന തീരുമാനത്തില്‍ ലീഗ് ഉറച്ച് നില്‍ക്കുമ്പോഴും പാര്‍ട്ടിക്ക് അകത്ത് നിന്നും പുറത്ത് നിന്നും വലിയ രോഷമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: