ഇംഫാല്‍: മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ആകാശത്ത് അജ്ഞാത വസ്തുവിന്റെ (അണ്‍ഐഡിന്റിഫൈഡ് ഫഌയിങ് ഒബ്ജക്റ്റ് -യുഎഫ്ഒ) സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന യുദ്ധവിമാനങ്ങള്‍ അയച്ചു.
ഞായറാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണ് ഇംഫാല്‍ വിമാനത്താവളത്തിന് മുകളില്‍ അജ്ഞാത പറക്കുന്ന വസ്തു കണ്ടതായി വിവരം ലഭിച്ചത്. ഉടന്‍ സമീപത്തെ എയര്‍ബേസില്‍നിന്ന് റഫാല്‍ വിമാനം എത്തി വസ്തുവിനായി തിരച്ചില്‍ നടത്തിയെന്ന് വ്യോമസേന അറിയിച്ചു. ഇവിടെ വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
കൂടുതല്‍ പരിശോധനയ്ക്കായാണ് റാഫേല്‍ യുദ്ധവിമാനങ്ങള്‍ അയച്ചത്. എന്നാല്‍ ഹസിമാര എയര്‍ ബേസില്‍ നിന്ന് വിക്ഷേപിച്ച വിമാനങ്ങള്‍ക്ക് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഉന്നത വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യത്തെ വിമാനം ബേസിലേക്ക് മടങ്ങിയെങ്കിലും, കൂടുതല്‍ പരിശോധനയ്ക്കായി പ്രദേശത്ത് വിന്യസിച്ച രണ്ടാമത്തെ വിമാനത്തിനും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ അസ്വാഭാവിക സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് വ്യോമ പ്രതിരോധ പ്രതികരണ സംവിധാനം സജീവമാക്കിയതായി ഇന്ത്യന്‍ വ്യോമസേനയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: