നൈസ്(ഫ്രാന്‍സ്): യൂറോ കപ്പ് യോഗ്യതാ ഫുട്ബോള്‍ മത്സരത്തില്‍ അത്യുഗ്രന്‍ വിജയവുമായി മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ്. ജിബ്രാള്‍ട്ടറിനെതിരെ എതിരില്ലാത്ത 14 ഗോളിനാണ് ടീം ജയിച്ചത്. കിലിയന്‍ എംബപ്പെ ഹാട്രിക് നേടിയ മത്സരത്തില്‍ കിങ്സ്ലി കോമാനും ഒലിവര്‍ ജിറൂദും ഇരട്ട ഗോളുകള്‍ നേടി. വമ്പന്‍ വിജയത്തില്‍ ഫ്രാന്‍സ് ഏറ്റവും വലിയ യൂറോയ യോഗ്യതാ വിജയത്തിനുള്ള റിക്കാര്‍ഡും സ്വന്തമാക്കി.
ഇതിന് മുമ്പ് 2006ല്‍ സാന്‍ മിറോയ്ക്കെതിരെ ജര്‍മനി നേടിയ 13-0ന്റെ വിജയമാണ് ഫ്രാന്‍സ് മറികടന്നത്. 2008 യൂറോ യോഗ്യതയിലേക്കുള്ള മത്സരത്തിലായിരുന്നു അന്ന് ജര്‍മനിയുടെ തകര്‍പ്പന്‍ പ്രകടനം.
ഇന്നലെ സ്വന്തം നാട്ടില്‍ നടന്ന കളിയില്‍ മൂന്നാം മിനിറ്റില്‍ ഫ്രഞ്ച് പട നടത്തിയ ശക്തമായ പ്രസ്സിങ് ഗെയിമിനൊടുവില്‍ ദാനഗോളില്‍ അക്കൗണ്ട് തുടങ്ങി. തൊട്ടടുത്ത മിനിറ്റില്‍ മാര്‍കസ് തുറാം ലീഡ് ഇരട്ടിപ്പിച്ചു. പിന്നീട് ആദ്യ പകുതി പിരിയും മുമ്പേ അഞ്ച് ഗോളുകള്‍ കൂടി വലയിലെത്തിച്ചു. എമെരി(16), എംബപ്പെ(30), ജോനാതന് ക്ലോസ്(34), കോമാന്(36), ഫൊഫാന(37) എന്നിവര്‍ ഗോളുകള്‍ നേടി. രണ്ടാം പകുതിയിലേക്ക് കടന്ന് ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഫ്രഞ്ച് പട വീണ്ടും ഗോളടിമേളം തുടര്‍ന്നു. 63-ാം മിനിറ്റില്‍ അഡ്രിയാന്‍ റാബിയറ്റ് ഗോളടിക്ക് തുടക്കമിട്ടു. പിന്നീട് കോമാന്(65), ഉസ്മാന് ഡെംബേലെ(73), കിലിയന്‍ എംബപ്പെ(74, 82), ഒലിവര്‍ ജിറൂദ്(89,90+1) എന്നിവരും ഗോളുകള്‍ നേടി.
ഇന്നലെ നടന്ന മറ്റ് യൂറോ യോഗ്യതാ പോരാട്ടങ്ങളില്‍ നെതര്‍ലന്‍ഡ്സ് അയര്‍ലന്‍ഡിനെയും(1-0) റൊമേനിയ ഇസ്രായേലിനെയും(2-1) തോല്‍പ്പിച്ചു. സ്വിററ്സര്‍ലന്‍ഡ് കൊസോവോ മത്സരം സമനിലയില്‍(1-1) പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: