അഹമ്മദാബാദ്: അത്യുഗ്രന്‍ ഒരു ഔട്ട് സ്വിങ്ങറില്‍ ഡേവിഡ് വാര്‍ണറെ സ്ലിപ്പിലെത്തിച്ച് ജസ്പ്രീത് സിങ് ബുംറ ഭാരതത്തിന് ആദ്യ ബ്രേക്ക് ത്രൂ നല്കി. പക്ഷെ വിരാട് കോഹ്ലിയും ശുഭ്മാന്‍ ഗില്ലും ക്യാച്ചിന് ശ്രമിച്ചില്ല. പന്ത് ബൗണ്ടറിയിലേക്ക്. ഇവിടെ ഓസീസ് ആശ്വസിച്ചു. മറുവശത്ത് നിന്ന ട്രാവിസ് ഹെഡിന് സ്ട്രൈക്ക് കിട്ടിയതോടെ വെടിക്കെട്ടിന് തിരികൊളുത്തി. ഹെഡ് നല്കിയ തുടക്കം ഓസ്ട്രേലിയയെ വീണ്ടും ലോകക്രിക്കറ്റിന്റെ നെറുകയിലേക്കുയര്‍ത്തി. 120 പന്ത് നേരിട്ട് 15 ബൗണ്ടറിയും നാല് സിക്സറും സഹിതം ഹെഡ് ഓസീസിന്റെ ആറാം കിരീടത്തിലെ മുത്തായി.
വേഗം കുറഞ്ഞ സ്വഭാവം കാട്ടിയ അഹമ്മദാബാദ് പിച്ചില്‍ നന്നായി പ്രതിരോധിക്കാവുന്ന സ്കോറാണ് ഭാരതം മുന്നില്‍ വച്ച 241 റണ്‍സിന്റെ ലക്ഷ്യം. ഡേവിഡ് വാര്‍ണറെയും മിച്ചല്‍ മാര്‍ഷിനെയും സ്റ്റീവന്‍ സ്മിത്തിനെയുമെല്ലാം തുടക്കത്തില്‍ത്തന്നെ പുറത്താക്കിയെങ്കിലും ട്രാവിസ് ഹെഡ് ഭാരതത്തിന്റെ എല്ലാ പ്രതീക്ഷകള്‍ക്കും കുറുകെ നിന്നു. ഒരറ്റത്ത് നിലയുറപ്പിച്ച മാര്‍നസ് ലബൂഷെയ്നും ടൂര്‍ണമെന്റില്‍ ഫോമിലേക്കെത്തി. ഹെഡിന് പിന്തുണയേകി നിന്ന ലബൂഷെയ്ന് അര്‍ദ്ധസെഞ്ചുറിയുമായി(110 പന്തില്‍ 58 റണ്‍സ്) പുറത്താകാതെ നിന്നു.
ഏഴ് ഓവര്‍ പൂര്‍ത്തിയാകുമ്പോഴേക്കും ഭാരതം ഓസീസിനെ മൂന്നിന് 47 എന്ന നിലയിലേക്ക് ഒതുക്കിയതാണ്. അവിടെനിന്നാണ് ഹെഡും ലബൂഷെയ്നും ഓസീസ് വിജയത്തിന് ചിറകേകിയത്.
അന്തരീക്ഷത്തിലെ ഈര്‍പ്പം മൂലമുള്ള പ്രതിസന്ധി കൂടിയായതോടെ ഭാരതത്തിന്റെ പെരുമയാര്‍ന്ന ബൗളിങ് നിര വലഞ്ഞു. ഒടുവില്‍ വിജയത്തിനരികിലെത്തിനില്ക്കെ 43-ാം ഓവര്‍ എറിഞ്ഞ മുഹമ്മദ് സിറാജിന് വിക്കറ്റ് സമ്മാനിച്ച് വിജയശില്പി ഹെഡ് പുറത്തായി. ഡീപ് മിഡ് വിക്കറ്റില്‍ നിന്ന ശുഭ്മാന്‍ ഗില്ലിന് ക്യാച്ച് നല്‍കിയായിരുന്നു മടക്കം. പകരമെത്തിയ മാക്സ്വെല് അതേ ഓവറിലെ അവസാന പന്തില്‍ ഡീപ് സ്ക്വയറിലെക്ക് തിരിച്ചുവിട്ട് ഡബിള്‍സ് ഓടിയെടുത്ത് വിജയം പൂര്‍ത്തിയാക്കി.
സ്കോര്‍: ഭാരതം- 240/10(50), ഓസ്ട്രേലിയ- 241/4(43)
ടോസ് നേടിയ ഓസീസ് നായകന് പാറ്റ് കമ്മിന്‍സ് ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഭാരതത്തിനായി നായകന് രോഹിത് ശര്‍മ്മ പതിവുപോലെ തുടക്കത്തിലേ ഉയര്‍ന്ന റണ്നിരക്കിനായുള്ള പ്രയത്നം തുടങ്ങി. സ്കോര്‍ 4.2 ഓവറില്‍ 30 റണ്സെത്തിനില്ക്കെ അഹമ്മദാബാദിലെ പിച്ചിന്റെ വേഗക്കുറവിനെ മുതലാക്കി മിച്ചല്‍ സ്റ്റാര്‍ക്ക് ഒരുക്കിയ കെണിയില്‍ ശുഭ്മാന്‍ ഗില്‍ വീണു. ഏഴ് പന്തില്‍ നാല് റണ്‍സുമായി ആദം സാംപയ്ക്ക് അനായാസ ക്യാച്ച് നല്കി പുറത്തേക്ക്. പകരമെത്തിയ വിരാട് കോഹ്ലിക്കൊപ്പം രോഹിത് ശര്‍മ്മ അടിച്ചുതകര്‍ത്തുകൊണ്ടിരുന്നു. ഹേയ്സല്വുഡിനെയും സ്റ്റാര്‍കിനെയും കൂസലില്ലാതെ രോഹിത് നേരിട്ടു. കോഹ്ലിയും ബൗണ്ടറികളുമായി തുടങ്ങി. കമിന്‍സ് പന്തെറിയാന്‍ ഗ്ലെന്‍ മാക്സ്വെലിനെ വിളിച്ചു. ഒരു പന്ത് സ്റ്റെപ്പ് ഔട്ട് ചെയ്ത് സിക്സറിന് പറത്തി വീണ്ടും ഒരിക്കല്‍ കൂടി അറ്റംപ്റ്റ്. ഇക്കുറി പന്ത് ലെഗ് സൈഡിലേക്ക് കുത്തിതിരിഞ്ഞു. പന്ത് എഡ്ജ് ചെയ്ത് സ്ക്വയര്‍ ഓണിലേക്കു ദുര്‍ബലമായി ഉയര്‍ന്നു, പിന്നാലെയോടിയെ ട്രാവിസ് ഹെഡ് ഡൈവിങ് ക്യാച്ചിലൂടെ രോഹിത്തിനെ പിടികൂടി. നാലാമനായെത്തിയ ശ്രേയസ് അയ്യര്‍ മാക്സ്വെലിനെ ബൗണ്ടറി കടത്തി ഭാരത ടോട്ടല്‍ പത്ത് ഓവറില്‍ 80ലെത്തിച്ചെങ്കിലും തൊട്ടടുത്ത ഓവറില്‍ പുറത്തായി. നായകന് കമിന്‍സ് ജോഷ് ഇന്‍ഗ്ലിസിന്റെ കൈകളിലെത്തിക്കുകയായിരുന്നു. മൂന്നിന് 81 എന്ന നിലയിലായതോടെ ഭാരതം സമ്മര്‍ദ്ദത്തിലായി. പിന്നീട് നാലാം വിക്കറ്റില്‍ കോഹ്ലിയും കെ.എല്‍. രാഹുലും ചേര്‍ന്ന് ഭാരത ഇന്നിങ്സിന് അടിത്തറയൊരുക്കാന്‍ തുടങ്ങി. ഇരുവരും ഒന്നിച്ച ശേഷം ഒന്നര മണിക്കൂറിലേറെ നേരം ഭാരത ബാറ്റര്‍മാരില്‍ നിന്ന് ബൗണ്ടറി പിറന്നില്ല. പത്താം ഓവറിലെ അവസാന പന്തില്‍ ശ്രേയസ് അയ്യര്‍ ബൗണ്ടറി പായിച്ച ശേഷം അടുത്ത ബൗണ്ടറി നേടുന്നത് 27-ാം ഓവറിലെ രണ്ടാം പന്തിലാണ്. മാക്സ്വെല്ലിന്റെ പന്തില്‍ കെ.എല്‍. രാഹുലാണ് ബൗണ്ടറി നേടിയത്. വമ്പന്‍ ഷോട്ടുകള്‍ക്ക് മുതിരാതെ കളിച്ചെങ്കിലും കോഹ്ലി പന്തുകള്‍ പാഴാക്കാതിരിക്കാന് ശ്രദ്ധിച്ചു. മറുവശത്ത് രാഹുല്‍ സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ ഒരു ശ്രമവും നടത്താത്തത് പോലെ അമിത പ്രതിരോധത്തിലായി. 148ല്‍ നില്‍ക്കെ വിരാട് കോഹ്ലിയെ(63 പന്തില്‍ 54) നഷ്ടപ്പെട്ടു.
കമിന്‍സിന്റെ പന്തില്‍ ഹിറ്റ് വിക്കറ്റ്. പിന്നീട് പതിവ് തെറ്റിച്ച് ആറാം നമ്പറില്‍ സൂര്യകുമാര്‍ യാദവിന് പകരം രവീന്ദ്ര ജഡേജയെ ആണ് ക്രീസിലേക്ക് വിട്ടത്. വേഗം കുറഞ്ഞ പിച്ചില്‍ സ്കോര്‍ ഇഴഞ്ഞു തന്നെ നീങ്ങി. ഇടയ്ക്കിടെ വിക്കറ്റ് വീഴ്ത്തുന്നതില്‍ ഓസീസ് ബോളര്‍മാര്‍ വിജയിച്ചുകൊണ്ടിരുന്നു. 200 കടന്നപ്പോള്‍ തന്നെ വ്യക്തിഗത സ്കോര്‍ ഒമ്പതിലെത്തിയ രവീന്ദ്ര ജഡേജയെ ഹെയ്സല്‍വുഡ് പുറത്താക്കി. രാഹുല്‍ ക്രീസിലുള്ളതിനായല് ഭാരതം 270നപ്പുറമുള്ള ടോട്ടല്‍ അപ്പോഴും പ്രതീക്ഷിച്ചു. പക്ഷെ സ്കോര്‍ 211ലെത്തിയപ്പോള്‍ രാഹുലും പുറത്തായി. 107 പന്തുകള്‍ നേരിട്ട താരം 66 റണ്‍സെടുത്ത് ഭാരത നിരയിലെ ടോപ് സ്കോററായി. ഒരു ബൗണ്ടറി മാത്രമാണ് താരം നേടിയത്. പിന്നീട് ബാക്കിയുള്ള ബാറ്റര്‍മാരെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ തട്ടിമുട്ടിക്കളി തുടര്‍ന്നു. 45 ഓവര്‍ പിന്നിട്ടശേഷം താരം വമ്പന്‍ ഷോട്ടിന് മുതിര്‍ന്നെങ്കിലും പിച്ചിലെ വേഗക്കുറവ് വിനയായി. ഹെയ്സല്‍വുഡ് എറിഞ്ഞ പന്തില്‍ ഗ്ലൗടച്ചില് വീണു. ഇന്‍ഗ്ലിസിന് അനായാസ ക്യാച്ച്. അവസാന ഓവറുകളില്‍ കുല്‍ദീപ് യാദവും(10) മുഹമ്മദ് സിറാജും(9) നിര്‍ഭയം ബാറ്റ് ചെയ്തു. പത്താം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 14 റണ്‍സ് ചേര്‍ത്തു. സിറാജ് പുറത്താകാതെ നിന്നു. അവസാന പന്തില്‍ രണ്ടാം റണ്ണിന് ശ്രമിച്ച യാദവ് പുറത്തായി. ഷമി ആറ് റണ്‍സും ബുംറ ഒരു റണ്‍സുമെടുത്തു.
ഓസ്ട്രേലിയയ്ക്കുവേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി മുന്നില്‍ നിന്നു. ഹെയ്സല്‍വുഡും പാറ്റ് കമിന്‍സും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മാക്സ്വെലും സാംപയും ഓരോ വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: