പുതിയ സിനിമ ‘ഗരുഡന്’ കണ്ടു. നല്ല അഭിനയം; ബിജു മേനോന്റെ അഭിനയവും. സിനിമയും ഏറെ നന്നായി. സിനിമാഭിനയമെന്ന തൊഴില്‍, പൊതുപ്രവര്‍ത്തനം, സാമൂഹ്യസേവനം, ജീവകാരുണ്യപ്രവര്‍ത്തനം, സ്വന്തം കുടുംബം നോക്കല്‍ എന്നിങ്ങനെ സ്വയം ഇഷ്ടപ്പെട്ട ജോലികളിലും ഉത്തരവാദിത്വങ്ങളിലും വീഴ്ചയില്ലാതെ വ്യാപൃതനായി, അതേസമയം, ഇത്തരം പ്രവൃത്തി മണ്ഡലങ്ങളില്‍ അറിയാതെയെങ്കിലും ചെയ്യാവുന്നതും ചെയ്തുവെന്ന് ആക്ഷേപമുണ്ടാകാവുന്നതുമായ അഴിമതി ഇടപാടുകളില്‍ പേരുപോലും പരാമര്ശിക്കപ്പെടാതെ സുരേഷ് ഗോപി ഇങ്ങനെ മുന്നേറുന്നതു കാണുന്നതില്‍ സന്തോഷമുണ്ട്; നരേന്ദ്ര മോദിയെപ്പോലെ. കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രസിഡന്റ് ചുമതല ഏറ്റിട്ടുണ്ട്. ഒരു സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് ചെയ്യാവുന്നത് എന്തെല്ലാം, എത്രത്തോളം മികവില്‍ എന്ന കാര്യത്തിലും മാതൃകയാകാനുള്ള അവസരം താങ്കള്‍ പാഴാക്കില്ലെന്ന് ഉറപ്പുണ്ട്.
സിനിമാഭിനയകാര്യത്തില് വ്യത്യസ്തനായിരുന്നതുപോലെ സിനിമാ സംഘടനയായ എഎംഎംഎ യിലും വ്യത്യസ്ത നിലപാട് എടുക്കുകയും അതായിരുന്നു ശരിയെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിക്കുകയും ചെയ്തതും മാതൃകയാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിലും, ബിജെപി അംഗമായിട്ടുകൂടി, പാര്‍ട്ടിയുടെ പ്രവര്‍ത്തന മണ്ഡലത്തില്‍നിന്ന് വ്യത്യസ്തമായ രീതിയിലും പദ്ധതിയിലും പ്രവര്‍ത്തിച്ചു. സാമൂഹ്യ സേവനരംഗത്തുമുണ്ട് സുരേഷ്ഗോപി ടച്ച്. ഇതിനെല്ലാം അഭിനന്ദനങ്ങള്‍.
എന്നാല്‍, ഒരു ‘ടച്ചി’ന്റെ പേരിലാണ് ‘സുഗോ’ ഇപ്പോള്‍ ചര്‍ച്ചയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ‘ഓര്‍മയുണ്ടോ ഈ മുഖം’ എന്ന് ചോദിച്ച്, സാമാന്യ ജനങ്ങളെ മാത്രമല്ല, സ്റ്റാന്‍ഡാര്‍ഡുള്ള പോലീസ് ഉദ്യോഗസ്ഥരെ വരെ സ്വാധീനിച്ചു അഭിനേതാവായ സുരേഷ് ഗോപി. വായനക്കാര്‍ക്ക് ഓര്‍മ്മയുണ്ടായിരിക്കണം, സുരേഷ് ഗോപിയെ കണ്ടപ്പോള്‍ ഒരു ചടങ്ങില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ അന്ന് സല്യൂട്ട് ചെയ്തത്. കഥാപാത്രമായാണെങ്കിലും ജനമനസ്സുകളില്‍ സുഗോ സ്വാധീനമായി. കാക്കിടയിട്ട ആ ആദ്യകാല കമ്മീഷണര്‍ (ഭരത് ചന്ദ്രന് ഐപിഎസ്), കാക്കിയില്ലാത്ത കമ്മീഷണറായാണ് (ഹരീഷ് മാധവ്) ഗരുഡന് സിനിമയില്‍. സിനിമയിലെ കാക്കിവേഷങ്ങള്‍ നടനില്‍ ചില നല്ല സാമൂഹ്യമൂല്യങ്ങള്‍ ആവേശിപ്പിച്ചുവെന്നത് വാസ്തവമാണ്; അനീതികളോടുള്ള പ്രതികരണവും വാസ്തവങ്ങള്‍ കണ്ടെത്താനുള്ള പ്രേരണയും. പക്ഷേ, കരുണയുടെയും സ്നേഹ വാത്സല്യങ്ങളുടെയും അതിരില്ലായ്മകൂടി ആ വ്യക്തിത്വത്തില്‍ കടന്നുകൂടി. അത് ദോഷകരമായതാണ് ഇന്നത്തെ’ടച്ചിങ്’ വിവാദത്തിലെത്തിച്ചത്.
കോഴിക്കോട്ടെ നടക്കാവ് പോലീസ് സ്റ്റേഷനില്‍, ഒരു മാധ്യമ പ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്ന് മൊഴിയെടുക്കാന്‍ സുഗോയെ പോലീസ് വിളിപ്പിച്ചതും ജനാവലി തടിച്ചുകൂടിയതും വലിയ വാര്‍ത്തയായിരുന്നുവല്ലോ. ‘ഗരുഡന്’ സിനിമയിലുണ്ട്, അതുപോലെയൊരു സീന്‍. പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ തെറ്റിദ്ധാരണയില്‍ പോലീസ് പിടിയിലായ ഈ കമ്മീഷണര്ക്കഥാപാത്രത്തിനെതിരേ സ്ത്രീകളുള്‍പ്പെടെ പൊതുജനങ്ങള്‍ പ്രകടനം നടത്തുന്ന സീന്‍. കേരള പോലീസിന്റെ കഴിവിനെ പ്രകീര്‍ത്തിച്ച്, അവര്‍ നിശ്ചയിച്ചുറപ്പിച്ചാല്‍, രാഷ്ട്രീയ ക്രമിനല്‍ കൂട്ടുകെട്ടിനെ തകര്‍ത്തുകളയാന്‍ സാധിക്കുമെന്നും സകലതും കാണുകയും നിയന്ത്രിക്കുകയും ആവശ്യമെങ്കില്‍ നിഗ്രഹിക്കുകയും ചെയ്യാന്‍ കഴിയുന്ന അവതാരമായ ‘ഗരുഡ’നെപ്പോലെയാണ് കേരള പോലീസെന്നും സുഗോയുടെ ഈ കമ്മീഷണര്‍ ഹരീഷ് മാധവ് സിനിമയില്‍ പറയുന്നുണ്ട്. പക്ഷേ, ആ പോലീസാണ് സുഗോയെ നടക്കാവില്‍ ചോദ്യം ചെയ്തത്. ‘പൂവന്തുറ’യില്‍ കലാപം നടത്തിയ, അന്വേഷണക്കമ്മീഷനെ കൊലപ്പെടുത്തിയ’മോഹന്‍ തോമസ്’ എന്ന രാഷ്ട്രീയക്കാരനെ (കമ്മീഷണറിലെ രതീഷിന്റെ കഥാപാത്രം) ചോദ്യം ചെയ്തതുപോലെ. ഇനി ഈ കേസിന്റെ കാര്യം പോലീസും കോടതിയും തീരുമാനിക്കട്ടെ. പക്ഷേ, ഈ സിനിമയുടെ അവസാന മിനുക്കുപണിയും കഴിഞ്ഞ് സെന്‍സറിങ് കഴിഞ്ഞ്, റിലീസ് (നവംബര്‍ മൂന്ന്) ചെയ്യാനിരിക്കെയാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതിക്ക് കാരണമായ സംഭവം തോളില്‍ തൊട്ടത് ഉണ്ടായത് (ഒക്ടോബര്‍ 27ന്). സിനിമയിലെ സീന്‍ സുഗോയ്ക്ക് എതിരെയായിരുന്നു പ്രകടനം. നടക്കാവില്‍ സഗോയെ അനുകൂലിച്ചും. പക്ഷേ, അങ്ങനെയൊന്ന് സംഭവിച്ചുവെന്നത് യാദൃച്ഛികമാണെങ്കിലും കൗതുകകരമാണ്.
സുഗോയുടെ ജനപ്രിയത, പോലീസിലുള്‍പ്പെടെ പ്രമുഖര്‍ പരസ്യമായും രഹസ്യമായും നല്കുന്ന പിന്തുണ ഒക്കെ പരസ്യമായ രഹസ്യങ്ങളാണ്. സുഗോ, ബിജെപി രാഷ്ട്രീയത്തിനുമുപരിയായി ഒരു പ്രത്യേക വ്യക്തിത്വമാകുന്നുവെന്ന് പല സംഭവങ്ങളിലൂടെ സമൂഹത്തിന് അനഭമായതാണ്. സുഗോയെ വ്യക്തിഹത്യ ചെയ്യുക എന്നത്, അതുകൊണ്ടുതന്നെ മുമ്പ് പലരുടെയും കാര്യത്തില്‍ വിജയിച്ചു പരീക്ഷിച്ച ആ കുപ്രചാരണത്തിലൂടെ, നടപ്പാക്കുക മാത്രമാണ് വാസ്തവത്തില്‍ ഇപ്പോഴത്തെ ‘ടച്ചിങ്’ കേസിന് പിന്നിലെ ഗൂഢോദ്ദേശ്യം എന്നതും വ്യക്തമാണ്. പക്ഷേ, കേസായാല്‍, ആ വകുപ്പുകള്‍ ചുമത്തിയാല്‍, കോടതിയിലെത്തിയാല്‍, നിയമം നിയമത്തിന്റെ വഴിയില്‍ പോകും. അത് ചിലപ്പോള്‍ ശിക്ഷയിലെത്താം. അത് കണ്ടറിയേണ്ട വിഷയമാണ്. ഇവിടെയാണ് സുഗോയുടെ കാര്യത്തില്‍ ഫഌഷ് പോയിന്റ്.
സുഗോയുടെ ആരാധകര്‍ നടക്കാവ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയത് അദ്ദേഹത്തെ മോചിപ്പിക്കാനൊന്നുമായിരുന്നില്ല; ആരാധന പ്രകടിപ്പിക്കാനായിരുന്നു. ബിജെപിയുടെ ഏതാണ്ട് മുഴുവന്‍ സംസ്ഥാന നേതാക്കളും അവിടെയെത്തിയത്, സുഗോയ്ക്ക് പിന്തുണ പ്രഖ്യാപിക്കാനും വലിയ തോതില്‍ ആള്‍ക്കൂട്ടം എത്തിച്ചേരുന്ന പരിപാടിയില്‍ ഉണ്ടാകാവുന്ന ഏത് അനിഷ്ട സംഭവങ്ങളും പാര്‍ട്ടിക്കുമേലുള്ള ആക്ഷേപമാകുമെന്നതിനാല് അത് തടയാനുംകൂടിയാണ്. എന്നാല്‍, ഈ സാധ്യതയൊന്നും മനസ്സിലാക്കാന്‍ സര്‍ക്കാരിന്, സര്‍ക്കാരിന്റെ പോലീസിന്, പോലീസിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് എന്ന ‘പി വി’ക്ക് ആ’പി വി’യെ ഉപദേശിക്കുന്ന പൊളിറ്റിക്കല്‍ സഹായി പി. ശശിക്ക് അറിയാത്തതാണെന്ന് കരുതുന്നെങ്കില്‍ തെറ്റി. അതായത്, സുഗോ സിപിഎമ്മിന്റെ ഒരു ടെസ്റ്റ് ഡോസായിരുന്നു.
ശ്രദ്ധിച്ചോ? സാധാരണ ബിജെപി എന്ത് ചെയ്താലും ‘പി വി’ മുതല്‍ താഴേത്തട്ടിലുള്ള സൈബര്‍ കാലാള്പ്പടവരെ പ്രതികരിക്കാറുണ്ട്. എന്നാല്‍ നടക്കാവ് ‘ബില്ഡപ്പി’നോട് അവര്‍ പ്രതികരിച്ചില്ല. പോലീസ് സ്റ്റേഷന് ആക്രണവും പ്രതിയെ മോചിപ്പിക്കലും പതിവാക്കിയ പാര്‍ട്ടിയും നേതാക്കളും എന്തുകൊണ്ട് മിണ്ടിയില്ല എന്നു ചോദിച്ചാല്‍, ഉത്തരം ഇതാണ്: നാളെ ഇതിനപ്പുറം ചെയ്യാനുള്ള ലൈസന്‍സ് അവര്‍ നേടുകയായിരുന്നു. ‘പി വി’യെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാനുള്ള സാദ്ധ്യതകള്‍ ഏറെയാണ്. ‘മാസപ്പടി’യാണ് ഏറ്റവും പുതുത്. അതിനു മുമ്പുള്ള ‘സ്വര്‍ണ്ണക്കടത്ത്,’ ‘ഡോളര്‍ക്കടത്ത്’ മുതലുള്ളവ ഇനിയും അവസാനിക്കാത്ത കേസുകളാണ്. വേറേയുമുണ്ട് നേതാക്കള്‍ ചോദ്യം ചെയ്യപ്പെടാവുന്നവര്‍. പോലീസ്, സിബിഐ, ഇഡി, എന്‍ഐഎ തുടങ്ങിയ ഏജന്‍സികള്‍ അവരെ ചോദ്യം ചെയ്യാനോ മൊഴിയെടുക്കാനോ വിളിപ്പിച്ചേക്കാം. അന്ന് ഇങ്ങനെയൊരു ബില്‍ഡപ് സാദ്ധ്യത ബന്ധപ്പെട്ടവര്‍ കണ്ടുവെച്ചോളുക. പക്ഷേ, സുരേഷ് ഗോപിയുടെ കേസുമായി മാസപ്പടിയേയും സര്‍ണ്ണ ഡോളര്‍ കടത്തുകളേയും സാമ്യപ്പെടുത്താനാവില്ലെന്നത് വേറേകാര്യം.
ഗരുഡന്റെ അവസാന ഘട്ടത്തില്‍ സുഗോയും മുഴുവന്‍ പോലീസും ഒന്നിച്ചുനിന്നാണ് എതിര്‍ശക്തിയെ പിടികൂടുന്നത്. ആത്യന്തികമായി പിടിക്കപ്പെടുന്നത് സര്‍വ്വതിനും ആണിക്കല്ലായ, പൊതുജനത്തെ കഴുതയാക്കുന്ന ഭരണ രാഷ്ട്രീയക്കാരാണ്. ഗരുഡനില്‍ ആ ഭരണക്കാരുടെ പ്രതീകമാണ് മുന്‍മന്ത്രി മാത്യു എംഎല്‍എ. ഗരുഡനില്‍ ഹരീഷ് മാധവിനോടുള്ള പക തീര്‍ക്കാന്‍ അയാളുടെ വളര്‍ത്തുനായ ‘ഡ്രക്കി”നെ മാത്യുവിന്റെ ആളുകള്‍ കൊന്നുകളയുന്നുണ്ട്. സിനിമയുടെ ഒടുവില്‍ മാത്യുവിന്റെ വണ്ടി തടഞ്ഞു നിര്‍ത്തി, കമ്മീഷണര്‍ ഹരീഷ് മാധവ് പറയുന്ന ഡയലോഗില്‍ ‘ജോണ്‍ വിക്’ എന്ന വിഖ്യാത ക്രൈം ത്രില്ലര്‍ സിനിമാ പരമ്പരയെക്കുറിച്ച് പരാമര്‍ശമുണ്ട്. ചാഡ് സ്റ്റേല്സ്കി സംവിധാനം ചെയ്ത ഇംഗ്ലീഷ് സിനിമ. ഒരുകാലത്ത് കൊലപാതക പരമ്പരകള്‍ നടത്തിയ ക്രിമിനല്‍ എല്ലാം അവസാനിപ്പിച്ച് മര്യാദക്കാരനായതും അയാളുടെ വളര്‍ത്തുനായയെ കൊന്നതിന്റെ പേരില്‍, വീണ്ടും കൊലയാളിയായി പ്രതികാരം വീട്ടാനിറങ്ങിയതുമാണ് ജോണ്‍ വിക്കിന്റെ കഥ. നാലുഭാഗമുള്ള സിനിമാ പരമ്പരയില്‍ നാലാം ഭാഗവും ഇറങ്ങി. രക്തം ഉറഞ്ഞു പോകുന്ന ദൃശ്യാനുഭവങ്ങള്‍. അതിന്റെ മൂന്നാം ഭാഗത്തിന്റെ പേര് ‘പാരാബല്ലം’ എന്നാണ്. ലാറ്റിനില്‍ അതിനര്‍ത്ഥം ‘യുദ്ധത്തിനാരുങ്ങുക’ എന്നാണ്.
‘ഇതുവരെ ഞാന്‍ ഇങ്ങനെയൊന്നും വിമര്‍ശിച്ചിട്ടില്ല, എന്നാല്‍ ഇന്നുമുതല്‍ തുടങ്ങുകയാണ്’ എന്നു പറഞ്ഞ് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് ‘ഒരു അമ്മായി അച്ഛന്റെയും മരുമകന്റെയും’ ഭരിച്ചു മുടിക്കലിനെക്കുറിച്ചാണ്. ജോണ്‍ വിക്ക് ചെയ്തതുപോലെ തോക്കെടുത്തോ, രക്തമൊഴുക്കിയോ അല്ലാതെയുള്ള ഒരു യുദ്ധത്തിന് സുഗോ ഒരുങ്ങേണ്ടതുണ്ട്. ഒരു കാര്യം ഉറപ്പാണ്, ജനാവലി സുഗോയ്ക്ക് ഒപ്പമുണ്ടാകും; ഒറ്റയ്ക്കാവില്ല. കാരണം, കേരളം ഭരിക്കുന്നവരുടെ സ്വന്തം പാര്ട്ടിക്കാര് പോലും ഈ അധികാര ഭ്രാന്തരെ മടുത്തിരിക്കുന്നു. പക്ഷേ, കനത്ത ജാഗ്രത വേണം.
പിന്കുറിപ്പ്:
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തെക്കുറിച്ച് പരാമര്‍ശിച്ച ഭാഷയുടെ പേരില്‍ സാംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് പിറ്റേന്ന് സ്ഥാനം തെറിച്ചു. ഹൊ! എന്തൊരു സ്പീഡ്!! ആദിവാസി വിഭാഗത്തെ അറവുമാടുകളെ ചന്തയിലെന്നപോലെ ‘കേരളീയ’ത്തില്‍ സര്‍ക്കാര്‍ പ്രദര്‍ശിപ്പിച്ചു. വിവാദമായപ്പോള്‍ വകുപ്പു മന്ത്രി കൈമലര്‍ത്തി. മുഖ്യമന്ത്രി വായപൊത്തി. ഇപ്പോഴും സംഭവത്തില്‍ ഏതോ ബലിയാടുകള്ക്കായി തിരച്ചിലാണ്. എന്തൊരു സ്പീഡ്!! സുരേഷ് ഗോപിക്കെതിരേ ധൃതിപിടിച്ച് നടപടിയെടുത്തു. സമാനമായ വിഷയത്തില്‍ മന്ത്രിസഭാംഗങ്ങളില്‍ ഒരാള്‍ക്കെതിരേ പരാതിയുണ്ട്… പക്ഷേ, ആ പ്രതി പോലീസിന്റെ കണക്കില്‍ ‘ഒളിവി’ലാണ്’… ഹൊ! എന്തൊരു സ്പീഡ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: