പാലക്കാട്/ തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒന്നേകാല്‍ ലക്ഷത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചെന്ന ആരോപണത്തില്‍ വന്‍ വിവാദം. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡിജിപിക്ക് നിര്‍ദേശം നല്കി. വിശദാംശങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിനോട് വിശദീകരണവും തേടി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
സ്ഥാനമൊഴിയുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ പിആര്‍ കമ്പനി വഴി വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചെന്നാണ് ആരോപണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഐഡി കാര്‍ഡിനെ വെല്ലുന്നതായിരുന്നു വ്യാജന്.
രാജ്യദ്രോഹ കുറ്റമാണെന്നും രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ കോണ്‍ഗ്രസ് അട്ടിമറിക്കുകയാണെന്നും കെ. സുരേന്ദ്രന് പരാതിയില്‍ പറയുന്നു. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി കൈമാറിയത്. ഡിജിപിക്കും കേന്ദ്ര ഏജന്‍സികള്‍ക്കും ബിജെപി പരാതി നല്‍കിയിട്ടുണ്ട്.
വ്യാജതിരിച്ചറിയില്‍ കാര്‍ഡ് നിര്‍മിച്ച കാര്യം ചൂണ്ടിക്കാണിച്ച് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മല്ലികാര്‍ജുന ഖാര്‍ഗെ, രാഹുല്‍, കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന് എന്നിവര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. ഇതിനായി വന്‍തുക ചെലവഴിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
‘സിആര്‍ കാര്‍ഡ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി നിര്‍മിച്ചത്. ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും പേരും മേല്‍വിലാസവും അടക്കമുള്ള വിവരങ്ങളും നല്കിയാല് അഞ്ചു മിനിട്ടിനകം വ്യാജ കാര്‍ഡ് കിട്ടും. ഇത് പിവിസി കാര്‍ഡില്‍ പ്രിന്റ് എടുക്കാനാവും.
മൂന്ന് ദിവസം മുമ്പാണ് യൂത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫലം വന്നത്. ഷാഫി പറമ്പിലിന്റെ പിന്തുണയുള്ള രാഹുല്‍ മാങ്കൂട്ടം സംസ്ഥാന പ്രസിഡന്റായി ജയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ മുറുകുന്നതിനിടെ ഇന്നലെയാണ് രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള അട്ടിമറി നടന്നെന്ന ഞെട്ടിക്കുന്ന ആരോപണം പുറത്തു വന്നത്. വിഷയത്തില്‍ അതീവ ഗൗരവത്തോടെ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: