Categories: India

രാജസ്ഥാന്‍ തെരഞ്ഞെടുപ്പ്: ഛോട്ടുഭായിയുടെ മക്കള്‍ നേര്‍ക്കുനേര്‍; ഗോത്രവര്‍ഗ മേഖലയിലെ പതിനേഴ് മണ്ഡലങ്ങളിലും ബിടിപിയും ബിഎപിയും പോര്

ഗോത്രവര്‍ഗ മേഖലയില്‍ ആകെയുള്ള 25 മണ്ഡലങ്ങളില്‍ പതിനേഴിടത്ത് ബിടിപിയും ബിഎപിയും നേര്‍ക്കുനേര്‍

Published by

ജയ്പൂര്‍: ഗുജറാത്തി ഗോത്രവര്‍ഗ നേതാവ് ഛോട്ടുഭായ് വാസവയുടെ രണ്ട് മക്കള്‍ നേര്‍ക്കുനേര്‍ പൊരുതുന്നുണ്ട് രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍. രണ്ടുപേരും രണ്ട് ഗോത്രവര്‍ഗ പാര്‍ട്ടികളുടെ പേരിലാണ് മത്സരിക്കുന്നത്.

ഛോട്ടുഭായിയുടെ മൂത്ത മകന്‍ മഹേഷ് ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ (ബിടിപി) സ്ഥാനാര്‍ത്ഥിയായും ഇളയ മകന്‍ ദിലീപ് ബിടിപി പിളര്‍ന്ന് രൂപം കൊണ്ട ഭാരതീയ ആദിവാസി പാര്‍ട്ടിയുടെ(ബിഎപി) സ്ഥാനാര്‍ത്ഥിയായുമാണ് മത്സരിക്കുന്നത്. 2018 തെരഞ്ഞെടുപ്പില്‍ ബിടിപിക്ക് നിയമസഭയില്‍ രണ്ട് എംഎല്‍എമാരുണ്ടായിരുന്നു. ബിഎപി രൂപീകരിച്ചപ്പോള്‍ രണ്ടുപേരും അതില്‍ച്ചേര്‍ന്നു.

2017ലാണ് ഛോട്ടുഭായ് വാസവയുടെ ഗുജറാത്തില്‍ ബിടിപി രൂപം കൊണ്ടത്. അതേ വര്‍ഷം ഛോട്ടുവാസവയും മഹേഷും ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ച് എംഎല്‍എമാരായി. 2022ല്‍ പക്ഷേ ബിജെപിയുടെ സമഗ്ര വിജയത്തില്‍ മുങ്ങിപ്പോയ ബിടിപി മത്സരിച്ച ഇടങ്ങളില്‍ കെട്ടിവച്ച കാശ് പോലും കിട്ടാതെ തകര്‍ന്നു.

തുടര്‍ന്നാണ് പാര്‍ട്ടി പിളര്‍ന്നത്. രാജസ്ഥാനിലെ രണ്ട് എംഎല്‍എമാരടക്കം പല മുതിര്‍ന്ന നേതാക്കളും ബിടിപി വിട്ട് പുതിയ പാര്‍ട്ടിയില്‍ ചേക്കേറുകയായിരുന്നു. രാജസ്ഥാനിലെ ഗോത്രവര്‍ഗ മേഖലയില്‍ ആകെയുള്ള 25 മണ്ഡലങ്ങളില്‍ പതിനേഴിടത്ത് ബിടിപിയും ബിഎപിയും നേര്‍ക്കുനേര്‍ മത്സരിക്കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by