എന്‍.ഗോപാലകൃഷ്ണപിള്ള
അമ്പലപ്പുഴയുടെ സമൂഹപെരിയോന്‍ ആകാന്‍ കഴിഞ്ഞത് പുണ്യജന്മസുകൃതമെന്ന് എന്‍.ഗോ
പാലകൃഷ്ണപിള്ള. അയ്യപ്പന്റെ മാതൃസ്ഥാനീയര്‍ എന്ന നിലയില്‍ ശബരിമലയില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യമുള്ളവരാണ് അമ്പലപ്പുഴക്കാര്‍. അന്‍പത്തി ഒന്ന് ദിവസത്തെ കഠിനവ്രതം നോറ്റാണ് മകരവിളക്ക് ദര്‍ശിക്കാന്‍ അമ്പലപ്പുഴ ഭക്തസംഘം യാത്രതിരിക്കുന്നത്. മുന്‍ തലമുറയിലെ പെരിയോന്മാരില് നിന്ന് ലഭിച്ച ആചാരനിഷ്ഠ കൃത്യമായി പാലിച്ചാണ് ഗോപാലകൃഷ്ണപിള്ള അമ്പലപ്പുഴ സംഘത്തെ അയ്യപ്പസന്നിധിയില്‍ എത്തിക്കുന്നത്.
പതിനഞ്ചാം വയസ്സില്‍ 1960 കാലഘട്ടത്തിലാണ് ആദ്യമായി അച്ഛന് നാരായണപിള്ളയോടൊപ്പം അയ്യപ്പ സന്നിധിയില്‍ എത്തുന്നത്. പിന്നീട് അയ്യപ്പന്റെ അനുഗ്രഹത്താല്‍ ഒരിക്കല്‍ പോലും ദര്‍ശനം മുടങ്ങിയിട്ടില്ല എന്ന് ഗോപാലകൃഷ്ണപിള്ള പറയുന്നു. ആലുവ എഫ് എ സി റ്റി യില്‍ 1967ല്‍ ജോലിക്കുകയറി. ഈ കാലയളവില്‍ മകരജ്യോതി ദര്‍ശിക്കാന്‍ പത്ത് ദിവസത്തെ അവധി വാങ്ങും. 2013 ല്‍ ഇവിടെ നിന്ന് ഫിനാന്‍സ് മാനേജരയി വിരമിച്ചു. ഇതെല്ലാം അയ്യപ്പന്റെ അനുഗ്രഹത്താല്‍ ലഭിച്ചതാണെന്ന് ഗോപാലകൃഷ്ണപിള്ള പറയുന്നു. മുന്‍പുള്ള പെരിയോന്മാരായ ചന്ദ്രശേഖര കുറുപ്പ്, ശ്രീധരന് പിള്ള, ദാമോദരന്‍ പിള്ള, പുരുഷോത്തമന്, ചന്ദ്രശേഖരന് നായര്‍ എന്നിവര്‍ക്കൊപ്പം തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ സാധിച്ചു എന്നതുതന്നെ അഭിമാനമായി കാണുന്നു.
വ്രതനിഷ്ഠകളില്‍ വിട്ടുവീഴ്ച പാടില്ല എന്ന് പഠിച്ചത് പിതാവില്‍ നിന്നും, മുന്‍പുള്ള സമൂഹ പെരിയോന്മാരില് നിന്നുമാണ്. ആദ്യകാലത്ത് അയ്യപ്പയോഗം എന്ന പേരിലാണ് അമ്പലപ്പുഴ സംഘം മല ചവിട്ടാന്‍ പോയിരുന്നത് പിന്നീട് അയ്യപ്പഭക്തസംഘം എന്ന പേരിലേക്ക് മാറുകയായിരുന്നു. സമൂഹ പെരിയോന്‍ ആകുന്നതിന് മുന്‍പ് മൂന്നുവര്‍ഷം അയ്യപ്പ ഭക്തസംഘത്തിന്റെ പ്രസിഡന്റായിരുന്നു. അതിനു മുന്‍പ് ട്രഷറര്‍ ചുമതലയും വഹിച്ചിട്ടുണ്ട്. അയ്യപ്പന്റെ മാതൃസ്ഥാനീയര്‍ക്ക് പന്തളത്തു രാജാവ് കല്പിച്ചു നല്‍കിയിട്ടുള്ള അവകാശങ്ങള്‍ ഇന്ന് ദേവസ്വം ബോര്‍ഡും തുടരുമ്പോള്‍ ഇതിനെ പരിപാലിച്ചു നിര്‍ത്താന്‍ തനിക്കു കിട്ടിയ ഭാഗ്യത്തെ പുണ്യജന്മസുകൃതമായി കാണുകയാണ് ഗോപാലകൃഷ്ണപിള്ള .
പ്രതികരിക്കാൻ ഇവിടെ എഴുതുക: