തിരുവനന്തപുരം: നിരവധി കായിക താരങ്ങളെ സമ്മാനിച്ച സെന്‍ട്രല്‍ സ്റ്റേഡിയത്തെ കേരളീയത്തിന് വേദികെട്ടി കുളമാക്കി. പരിശീലനം നടത്താനാകാതെ കായിക താരങ്ങള്‍. നവംബര്‍ 1 മുതല്‍ 7 വരെ നടത്തിയ കേരളീയത്തിന്റെ പ്രധാന വേദിയായിരുന്നു സെന്‍ട്രല്‍ സ്റ്റേഡിയം. കേരളീയത്തിന്റെ ഉദ്ഘാടനവും ഈ വേദിയില്‍ വച്ചായിരുന്നു നടന്നത്. ഏതാണ്ട് രണ്ടര കോടിയോളം രൂപ ചിലവഴിച്ചാണ് കൂറ്റന്‍ വേദി ഒരുക്കിയത്.
വേദി നിര്‍മാണത്തിനായി ഒക്ടോബര്‍ 15 മുതല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മറ്റ് പരിപാടികള്‍ നിരോധിച്ചു. ഇതോടെ കോളജിലെയും വിദ്യാലയങ്ങളിലെയും വിവിധ സ്പോര്‍ട്സ് സ്കൂളുകളിലെയും കായിക താരങ്ങള്‍ക്ക് ഇവടെ പരിശീലനം നടത്താന്‍ സാധിക്കാതെ വന്നു. കേരളീയം ഉത്സവം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും വേദി പൂര്‍ണമായും പൊളിച്ചു നീക്കാനായില്ല. മഴവെള്ളം കെട്ടിനിന്ന് കുളമായ അവസ്ഥയിലാണ് സെന്‍ട്രല്‍ സ്റ്റേഡിയം. പന്തലിന്റെ നിര്‍മാണത്തിന് ആവശ്യമായ തൂണുകള്‍ നിര്‍ത്തുന്നതിനും നീക്കം ചെയ്യുന്നതിനുമായി ജെസിബിയും ലോറികളും വന്നു പോയതോടെ സ്റ്റേഡിയത്തിലെ ട്രാക്ക് പൂര്‍ണമായും ചെളിക്കളമായി.
ഒരു മാസമായി കായിക താരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ സാധിക്കുന്നില്ല. വേദി പൂര്‍ണമായും പൊളിച്ചു നീക്കം ചെയ്യാന്‍ ഇനിയും ഒരാഴ്ച പിന്നിടും. സ്റ്റേഡിയത്തെ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ വീണ്ടും ഒരാഴ്ചയെങ്കിലും വേണ്ടി വന്നേക്കും. കായിക താരങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ കാണിച്ച ക്രൂരതയാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വേദി കെട്ടി നശിപ്പിച്ചതെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
മറ്റ് നിരവധി പരിപാടികള്‍ക്ക് സെന്‍ട്രല്‍ സ്റ്റേഡിയം വാടകയ്ക്ക് ആവശ്യപ്പെടുമ്പോള്‍ സ്റ്റേഡിയത്തില്‍ കുഴി കുത്തരുതെന്ന വ്യവസ്ഥ വച്ചാണ് നല്‍കുന്നത്. കേരളീയത്തിന് വേണ്ടി ഇതെല്ലാം മറികടക്കുകയായിരുന്നു. ഇതാണ് സ്റ്റേഡിയത്തിന്റെ നാശത്തിന് വഴിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: