ഇന്ത്യയിൽ പുതിയ രണ്ടിനം നെയ്മീനുകളെ കൂടി കണ്ടെത്തി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റേതാണ് (സിഎംഎഫ്ആർഐ) കണ്ടെത്തൽ. അറേബ്യൻ സ്പാരോ നെയ്മീൻ, റസൽസ് പുള്ളിനെയ്മീൻ എന്നിവയെയാണ് കണ്ടെത്തിയത്.
സ്കോംബെറോമോറസ് അവിറോസ്ട്രസ് എന്നാണ് അറേബ്യൻ സ്പാരോ നെയ്മീനിന് ശാസ്ത്രീയമായി നാമകരണം ചെയ്തിരിക്കുന്നത്. രണ്ടാമത്തേത് പുനരുജ്ജീവിപ്പിക്കപ്പെട്ട റസൽസ് പുള്ളിനെയ്മീനാണ്. മുമ്പ് ഈ മത്സ്യം ഇന്ത്യൻ തീരങ്ങളിൽ കാണപ്പെടുന്ന പുള്ളി നെയ്മീനാണെന്നാണ് കരുതിയിരുന്നത്. ഇതോടെ, ഇന്ത്യൻ കടലുകളിൽ നെയ്മീനുകളുടെ എണ്ണം നിലവിലെ നാലിൽ നിന്നും ആറായി ഉയർന്നു.
ഇന്ത്യയുടെ വിവിധ തീരങ്ങളിൽ നിന്ന് ശേഖരിച്ച പുള്ളിനെയ്മീനുകളിൽ നടത്തിയ വിശദമായ വർഗീകരണ-ജനിതക പഠനമാണ് സിഎംഎഫ്ആർഐയിലെ ഗവേഷകസംഘത്തെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. മുമ്പ് ഒറ്റ ഇനമായി കണക്കാക്കപ്പെട്ടിരുന്ന പുള്ളി നെയ്മീൻ യഥാർഥത്തിൽ മൂന്ന് വ്യത്യസ്തയിനം മീനുകളാണെന്ന് പഠനത്തിൽ വ്യക്തമായി. ഇവയിൽ ഒന്ന് പുതുതായി കണ്ടെത്തിയ നെയ്മീനും രണ്ടാമത്തേത് പുനരുജ്ജീവിപ്പിക്കപ്പെട്ടതുമാണ്. മൂന്നാമത്തേത് നേരത്തെ തന്നെ ലഭ്യമായ പുള്ളിനെയ്മീനാണ്. ഈ മൂന്ന് നെയ്മീനുകളും മറ്റിനങ്ങളേക്കാൾ താരതമ്യേന ചെറുതാണ്. തീരത്തോട് അടുത്താണ് ഇവ കൂടുതലായും കണ്ടുവരുന്നത്.
അറേബ്യൻ സ്പാരോ നെയ്മീൻ ലഭ്യമാകുന്നത് പൂർണമായും അറബിക്കടൽ തീരത്ത് മംഗലാപുരത്ത് നിന്നും വടക്കോട്ടുള്ള സ്ഥലങ്ങളിലാണ്. അറേബ്യൻ ഗൾഫ് വരെ കടലിൽ ഈ മത്സ്യം കാണപ്പെടുന്നുണ്ട്. കുരുവിയുടേതിന് സാമ്യമായ ചുണ്ടുള്ളതിനാലാണ് ശാസ്ത്രസംഘം ഈ പേര് നൽകിയത്. മറ്റ് രണ്ട് മീനുകളും ബംഗാൾ ഉൾക്കടലിന്റെ തീരങ്ങളിൽ നാഗപ്പട്ടണത്തിന് വടക്കോട്ടുള്ള ആൻഡമാൻ ഉൾപ്പെടയുള്ള തീരങ്ങളിലാണ് ലഭ്യമാകുന്നത്. കൂടാതെ, ചൈനാ കടൽതീരത്തും ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: