മുംബൈ: അന്താരാഷ്ട്ര തലത്തില്‍ നാണ്യപ്പെരുപ്പം കുറയുന്നതായി കണക്കുകള്‍ പുറത്തുവന്നതോടെ ഇന്ത്യന്‍ ഓഹരിവിപണിയില്‍ മുന്നേറ്റം. ബുധനാഴ്ചയാണ് യുഎസിന്റെയും യുകെയുടെയും നാണ്യപ്പെരുപ്പം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
യുഎസില്‍ ഉപഭോക്തൃ വിലസൂചിക താഴ്ന്നു
യുഎസിലെ ഒക്ടോബര്‍ മാസത്തിലെ ഉപഭോക്തൃ വിലസൂചിക മൂന്ന് മാസത്തെ താഴത്തെ നിലയില്‍ 3.2 ശതമാനത്തില്‍ എത്തി. സെപ്തംബറില്‍ ഇത് 3.7 ശതമാനമായിരുന്നു. ഇത് യുഎസില്‍ നാണ്യപ്പെരുപ്പം കുറയുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
യുകെയില്‍ നാണ്യപ്പെരുപ്പം താഴ്ന്ന നിലയില്‍
ഗ്യാസ്, വൈദ്യുതി വില കുറഞ്ഞതോടെ യുകെയിലെ നാണ്യപ്പെരുപ്പം ഒക്ടോബര്‍ മാസത്തില്‍ വെറും 4.6 ശതമാനമെന്ന നിലയിലായി. രണ്ട് വര്‍ഷമായി ഏറ്റവും താഴ്ന്ന നിലയിലാണ് നാണ്യപ്പെരുപ്പ നിരക്ക്. സെപ്തംബറില്‍ ഇത് 6.7 ശതമാനമായിരുന്നു. ജീവിതച്ചെലവ് കുതിച്ചുയര്‍ന്നതിന്റെ പേരില്‍ ജീവിതം പ്രതിസന്ധിയിലായ ഒട്ടേറെപ്പേര്‍ക്ക് ആശ്വാസമാണ് യുകെയുടെ കുറഞ്ഞ ഉപഭോക്തൃ വിലസൂചിക നിരക്ക്.
യുകെയിലെയും യുഎസിലെയും നാണ്യപ്പെരുപ്പം താഴ്ന്നതായുള്ള കണക്കുകള്‍ പുറത്ത് വന്നത് ഇന്ത്യയ്ക്ക് ആശ്വാസമായി. ഇതോടെ ഇന്ത്യയുടെ ഓഹരി വിപണിയിലേക്കും നിക്ഷേപമേഖലയിലേക്കും കൂടുതല്‍ വിദേശനിക്ഷേപം എത്തുമെന്ന് കരുതുന്നു.
യുഎസ് ബോണ്ട് ആദായം കുറഞ്ഞു
യുഎസ് ബോണ്ട് ആദായം കുറഞ്ഞതും യുഎസ് നിക്ഷേപകരെ വീണ്ടും ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് കരുതുന്നു. 10 വര്‍ഷത്തെ കാലാവധിയുള്ള യുഎസ് ബോണ്ടിന്റെ ആദായം 20 ബിപിഎസ് കുറഞ്ഞ് 4.43 ശതമാനത്തില്‍ എത്തി. സെപ്തംബര്‍ 22ന് ശേഷം ഇതാദ്യമായാണ് ബോണ്ട് ആദായം ഇത്രയും കുറയുന്നത്. യുഎസ് ബോണ്ടില്‍ നിക്ഷേപിച്ചാല്‍ ആദായകരമായ വരുമാനം ലഭിക്കില്ലെന്നതിനാല്‍ വിദേശ നിക്ഷേപകര്‍ ബോണ്ടില്‍ നിക്ഷേപിക്കുന്നത് നിര്‍ത്തും. ഇത് യുഎസില്‍ നിന്നുള്ള വിദേശനിക്ഷേപം വീണ്ടും ഇന്ത്യയില്‍ എത്തിയ്ക്കും.
ഇതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ സെന്‍സെക്സ് 742 പോയിന്റ് ഉയര്‍ന്ന് 65,676ല്‍ എത്തി. നിഫ്റ്റി 232 പോയിന്റ് ഉയര്‍ന്ന് 19675ല്‍ എത്തി. ടാറ്റാമോട്ടോഴ്സ്, ഐഷര്‍ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, എച്ച് ഡിഎഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഓഹരികള്‍ കുതിച്ചുര്‍ന്നു.
അതേ സമയം ബജാജ് ഫിനാന്‍സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, പവര്‍ ഗ്രിഡ് കോര്‍പ് ഓഹരികള്‍ താഴ്ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: