മുംബയ് : ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വമ്പന്‍ സ്കോര്‍. നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 397 റണ്‍സ് നേടി. വിരാട് കോഹ് ലിയും ശ്രേയസ് അയ്യരും സെഞ്ചറി നേടി.
ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ചറി പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടവും കോഹ് ലിക്കാണ്. 113 പന്തില്‍ 117 റണ്‍സ് നേടിയ കോഹ്ലി ടിം സൗത്തിയുടെ പന്തില്‍ ഡെവോണ്‍ കോണ്‍വേ പിടിച്ച് പുറത്തായി.
ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് നായകന് രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും മികച്ച തുടക്കം നല്കി. ആദ്യ വിക്കറ്റില്‍ 71 റണ്‍സാണ് നേടിയത്. 29 പന്തില്‍ നാല് വീതം സിക്സും ബൗണ്ടറിയുമടിച്ച് രോഹിത് 47 റണ്‍സെടുത്ത് പുറത്തായി.
ശുഭ്മന്‍ ഗില്‍ കടുത്ത പേശീവലിവിനേത്തുടര്‍ന്ന് 23ാം ഓവറില്‍ റിട്ടയേഡ് ഹര്‍ട്ടായി. 65 പന്തില്‍ 79 റണ്‍സെടുത്തു നില്‍ക്കേയാണ് ക്രീസ് വിടേണ്ടി വന്നത് .എന്നാല്‍ അവസാന ഓവറുകളില്‍ തിരികെയെത്തിയ താരം ഒരു റണ്‍സ് കൂടി നേടി.
സൂര്യ കുമാര്‍(1) റണ്‍സിന് പുറത്തായി. കെഎല്‍ രാഹുല്‍ 20 പന്തുകളില്‍ നിന്ന് 39 റണ്‍സാണ് നേടിയത്. ന്യൂസിലന്‍ഡിനായി ടിം സൗത്തി മൂന്നു വിക്കറ്റും ട്രെന്‍ഡ് ബോള്‍ട്ട് ഒരു വിക്കറ്റും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: