ടെല്‍അവീവ്: ഇസ്രായേലില്‍ വ്യാപകമായ ആക്രമണത്തിനാണ് ഹമാസ് പദ്ധതിയിട്ടിരുന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. പദ്ധതി വിജയിച്ചിരുന്നെങ്കില്‍, ഹമാസിന്റെ ആക്രമണം മധ്യേഷ്യയിലാകെ സംഘര്‍ഷത്തിന് കാരണമാകുമായിരുന്നു. ഇസ്രായേലിനെയും അറബ് രാജ്യങ്ങളെയും തമ്മില്‍ ഭിന്നിപ്പിക്കലായിരുന്നു ലക്ഷ്യമെന്നും വാഷിങ്ടണ്‍ പോസ്റ്റിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രേഖാചിത്രങ്ങള്‍, ഭൂപടങ്ങള്‍, കുറിപ്പുകള്‍, ആയുധങ്ങള്‍ തുടങ്ങി, കൊല്ലപ്പെട്ട ഹമാസ് ഭീകരരില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഒരു വര്‍ഷം മുമ്പ് തന്നെ അവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി വിവരം ലഭിച്ചത്. വെസ്റ്റ് ബാങ്കിനോടടുത്തുള്ള, ഇസ്രായേലിന്റെ കിഴക്കന്‍ അതിര്‍ത്തി വരെ നുഴഞ്ഞുകയറാന്‍ ഹമാസ് പദ്ധതിയിട്ടിരുന്നു.
‘നിരവധി പേരെ കൊല്ലുക, കഴിയുന്നത്ര പേരെ ബന്ദികളാക്കുക’ എന്ന നിര്‍ദേശവും ഖുറാന് വചനങ്ങളുമടങ്ങിയ കുറിപ്പുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇസ്രായേല്‍ അതിര്‍ത്തിയിലെ 30 സ്ഥലങ്ങളില്‍ നിന്നാണ് ഇവര്‍ നുഴഞ്ഞുകയറിയത്. നുഴഞ്ഞുകയറാനും ആവശ്യത്തിനുള്ള ആഹാരവും ആയുധങ്ങളും കരുതണമെന്നും നിര്‍ദേശമുണ്ടായിരുന്നുവെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക കണ്ടെത്തല്‍.
ഇറക്കുമതി ചെയ്ത എകെ 47 തോക്കുകള്‍, റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകള്‍, കൈത്തോക്കുകള്‍ എന്നിവ ഉപയോഗിച്ചാണ് ജനസാന്ദ്രതയേറിയ ഗാസമുനമ്പില്‍ ഹമാസ് പരിശീലനം നടത്തിയത്. ഇസ്രായേലിന്റെ വ്യക്തമായ രൂപരേഖയ്ക്കായി ഡ്രോണുകളെ വിന്യസിച്ചു. ദിനംപ്രതി ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് തൊഴിലിനായി എത്തിയവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഇസ്രായേലിന്റെ വെബ്സൈറ്റുകളെക്കുറിച്ച് പഠിച്ചു. നഗരങ്ങളുടെ സ്വഭാവം മനസിലാക്കാന്‍ റിയല്‍ എസ്റ്റേറ്റ് ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളും നിരീക്ഷിച്ചു. ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ്, ഹിസ്ബുള്ള എന്നിവരാണ് ഇതിനുവേണ്ട പിന്തുണ നല്‍കിയിരുന്നത്, റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അതിനുപുറമെ, ഇസ്രായേലിനെ തെറ്റിദ്ധരിപ്പിക്കാനായുള്ള വ്യാജ സന്ദേശങ്ങളും ഹമാസ് നേതാവ് യഹിയ സിന്‍വാറിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ചുവെന്ന് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന് മൈക്കിള്‍ മില്‍ഷ്റ്റെയ്ന്‍ പറഞ്ഞു. ഹമാസ് ഇനിയൊരു യുദ്ധത്തിനാഗ്രഹിക്കുന്നില്ലെന്ന് ഇസ്രായേല്‍ അധികൃതരെ അറിയിച്ചു. വിവിധ വിഷയങ്ങളില്‍ അവര്‍ ഇസ്രായേലിനോട് യോജിച്ചു. ഇതിന്റെ ഫലമായി 2021 മുതല്‍ ഹമാസ് സംഘര്‍ഷങ്ങളില്‍ നിന്ന് വിട്ടു നിന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: