മുംബൈ: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് കളിയില്ല. ഞായറാഴ്ച പ്രാഥമിക റൗണ്ടിലെ അവസാന മത്സരവും കഴിഞ്ഞു. ഇനി കിരീട പോരാട്ടത്തിന് രണ്ട് കളികള്‍ മാത്രം. നാളെ മുംബൈയിലും മറ്റന്നാള്‍ കൊല്‍ക്കത്തിയിലുമായി സെമി ഫൈനല്‍. അതുകഴിഞ്ഞാല്‍ 19ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഈ ലോകകപ്പിന്റെ കൊട്ടിക്കലാശം. ആരായിരിക്കും കപ്പുയര്‍ത്തുക. ആതിഥേയരായ ഭാരതമോ, കരുത്തരായ ദക്ഷിണാഫ്രിക്കയോ, ഓസ്ട്രേലിയയോ, ന്യൂസിലാന്‍ഡോ? ഉത്തരത്തിനുള്ള കാത്തിരിപ്പാണിനി.
നാളെ, മുംബൈയില്‍, ആദ്യ സെമിയില്‍, ഭാരതം ന്യൂസിലാന്‍ഡിനെ നേരിടും. 16ന് കൊല്‍ക്കത്ത ഈഡന് ഗാര്‍ഡനില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ഏറ്റുമുട്ടും.
പ്രാഥമിക റൗണ്ടില്‍ കളിച്ച ഒമ്പത് കളികളും ആധികാരികമായി ജയിച്ചാണ് ഭാരതം ഒന്നാമന്മാരായി സെമിയിലെത്തിയത്. രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിലേക്ക് മുന്നേറിയത്. കളിച്ച ഒമ്പതില്‍ ഏഴും വിജയിച്ചപ്പോള്‍ രണ്ടില്‍ തോറ്റു. ഭാരതത്തോടും താരതമ്യേന ദുര്‍ബലരായ നെതര്‍ലന്‍ഡ്സിനോടുമായിരുന്നു അവരുടെ തോല്‍വി.
മൂന്നാം സ്ഥാനക്കാരായാണ് ഓസ്ട്രേലിയയുടെ അവസാന നാലിലേക്കുള്ള മുന്നേറ്റം. ആദ്യ രണ്ട് കളികളില്‍ ഭാരതത്തോടും ദക്ഷിണാഫ്രിക്കയോടും തോറ്റശേഷം ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന അവര്‍ തുടര്‍ച്ചയായ ഏഴ് വിജയങ്ങള്‍ സ്വന്തമാക്കിയാണ് സെമിയിലേക്ക് എത്തിയത്. നാലാം സ്ഥാനം നേടി ന്യൂസിലാന്‍ഡ് അവസാന നാലില്‍ കടക്കുകയായിരുന്നു. ഒന്‍പത് കളികളില്‍ അഞ്ച് വിജയവും നാല് പരാജയവുമാണ് അവര്‍ക്ക്.
ആദ്യ നാല് കളികളില്‍ ഇംഗ്ലണ്ടിനെയും നെതര്‍ലന്‍ഡ്സിനെയും ബംഗ്ലാദേശിനെയും അഫ്ഗാനിസ്ഥാനെയും തോല്‍പ്പിച്ചു തുടങ്ങിയ ന്യൂസിലന്‍ഡ് അഞ്ചാം കളിയില്‍ ഭാരതത്തോട് തോറ്റു. തുടര്‍ന്നുള്ള ഓസ്ട്രേലിയയോടും ദക്ഷിണാഫ്രിക്കയോടും പാകിസ്ഥാനോടും പരാജയപ്പെട്ട അവര്‍ അവസാനത്തെ നിര്‍ണായക പോരാട്ടത്തില്‍ ശ്രീലങ്കയെ തകര്‍ത്തതോടെ സെമി പ്രവേശം സാധ്യമാവുകയായിരുന്നു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ന്യൂസിലാന്‍ഡിനൊപ്പം എട്ട് പോയിന്റ് ഉണ്ടായിരുന്നെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റിന്റെ സഹായത്തോടെയാണ് കിവീസ് അവസാന നാലില്‍ ഇടംപിടിച്ചത്.
തുടര്‍ച്ചയായ മൂന്നാം തവണയാണ് ഭാരതം ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. 2015-ല്‍ ഓസ്ട്രേലിയക്ക് മുന്നില്‍ കാലിടറിയപ്പോള്‍ 2019-ല്‍ ഇത്തവണത്തെ എതിരാളികളായ ന്യൂസിലന്‍ഡിനോടായിരുന്നു ഭാരതത്തിന്റെ തോല്‍വി.
ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ കിവീസിനെതിരെ കിവീസിനെതിരെ ഭാരതം ആധികാരിക ജയം നേടിയെങ്കിലും നോക്കൗട്ട് പോരാട്ടത്തില്‍ കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് കണക്കുകളും ചരിത്രവും പറയുന്നത്. 1975 മുതല്‍ ഇതുവരെയുള്ള ലോകകപ്പുകളില്‍ 10 തവണ ഏറ്റുമുട്ടിയതില്‍ അഞ്ച് ജയവുമായി കിവീസ് മുന്‍തൂക്കം നിലനിര്‍ത്തുമ്പോള്‍ ഈ ലോകകപ്പിലടക്കം ഭാരതം ജയിച്ചത് നാലു കളികളിലാണ്. ഒരു മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിക്കപ്പെട്ടു.
2019ലെ ലോകകപ്പില്‍ ഭാരതത്തിന്റെ കിരീട മോഹങ്ങള്‍ എറിഞ്ഞിട്ടത് മാര്ട്ടിന് ഗപ്റ്റിലിന്റെ ഒരു ഡയറക്ട് ഹിറ്റായിരുന്നു. സെമിയില്‍ ജയത്തിനായി ഭാരതവും ന്യൂസിലന്‍ഡും ഇഞ്ചോടിഞ്ച് പൊരുതുമ്പോള്‍ ഭാരത നായകന് മഹേന്ദ്ര സിങ് ധോണിയെ രണ്ടാം റണ്ണിനായി ഓടുമ്പോള്‍ റണ്ണൗട്ടാക്കിയ മാര്ട്ടിന് ഗപ്ടിലിന്റെ വക ഡയറക്ട് ഹിറ്റ്. അതോടെ ഭാരതത്തിന്റെ പോരാട്ടം അവസാനിച്ചു. കഴിഞ്ഞ ലോകകപ്പില്‍ മാത്രമല്ല, അതിനു മുന്‍പും കിവീസ് ഭാരതത്തിന് മുന്നില്‍ ബാലികേറാമലയായിട്ടുണ്ട്.
2003ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലിറങ്ങിയ ഭാരതം ഏഴ് വിക്കറ്റിന് ന്യൂസിലന്‍ഡിനെ വീഴ്ത്തിയശേഷം അവര്‍ക്കെതിരെ ഒന്ന് ജയിച്ചുകയറാന്‍ ഭാരതത്തിന് 2023 വരെ കാത്തിരിക്കേണ്ടിവന്നു. 2003 നുശേഷം നടന്ന മൂന്ന് ലോകകപ്പുകളില്‍ (2007, 2011, 2015) ഭാരത-ന്യൂസിലന്‍ഡ് പോരാട്ടമുണ്ടായിരുന്നില്ല. 2003നുശേഷം 2019ലെ ഏകദിന ലോകകപ്പിലാണ് പിന്നീട് ഭാരത-ന്യൂസിലന്‍ഡ് പോരാട്ടം ഉണ്ടായത്. പ്രാഥമിക റൗണ്ടിലെ കളി ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. രണ്ടാം തവണ ഏറ്റുമുട്ടിയത് സെമിയിലായിരുന്നു. അന്ന് കോഹ്ലിയുടെ നേതൃത്വത്തിലിറങ്ങിയ ഭാരത ടീം ധോണി റണ്ണൗട്ടായതോടെയാണ് പരാജയപ്പെട്ടത്.
1975-ലായിരുന്നു ലോകകപ്പിലെ ഭാരത-ന്യൂസിലന്‍ഡ് ആദ്യ പോരാട്ടം. അന്ന് ന്യൂസിലന്‍ഡ് നാല് വിക്കറ്റിന് ജയിച്ചു. 1979 ലും വിജയം ന്യൂസിലാന്‍ഡിനൊപ്പമായിരുന്നു. അന്ന് എട്ട് വിക്കറ്റിന്റെ വിജയം നേടി. ഈ രണ്ട് പരാജയങ്ങള്‍ക്കും 1987-ല്‍ ഭാരതം പകരം വീട്ടി. ഗ്രൂപ്പ് എയില്‍ രണ്ട് തവണ ഈ പോരാട്ടം നടന്നു. രണ്ടിലും വിജയം ഭാരതത്തിനൊപ്പം നിന്നു. ആദ്യ കളിയില്‍ 16 റണ്‍സിനും രണ്ടാം കളിയില്‍ ഒന്‍പത് വിക്കറ്റിനുമായിരുന്നു ഭാരതവിജയം. പക്ഷേ, 1992-ല്‍ നാല് വിക്കറ്റിനും 1999-ല്‍ അഞ്ച് വിക്കറ്റിനും വിജയം ന്യൂസിലന്‍ഡിന് സ്വന്തമായി. തുടര്‍ന്ന് 2003-ല്‍ ഭാരതം ഏഴ് വിക്കറ്റിന് വിജയിച്ചു.
ഭാരത-ന്യൂസിലന്‍ഡ് ലോകകപ്പ് പോരാട്ടത്തിന്റെ കണക്കുകള്‍ അവിടെ അവസാനിക്കുന്നില്ല. 2007ല്‍ തുടങ്ങിയ ടി 20 ലോകകപ്പില്‍ ഭാരതവും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയിരുന്നു. അന്ന് ധോണിയുടെ നേതൃത്വത്തില്‍ ഭാരതം കിരീടം നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റത് ന്യൂസിലന്‍ഡിനോട് മാത്രമായിരുന്നു. പിന്നീട് 2016ല്‍ ഭാരതത്തില്‍ നടന്ന ടി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ത്തന്നെ കിവീസ് ഭാരതത്തെ ഞെട്ടിച്ചു. 2021 ല്‍ യുഎഇയില്‍ നടന്ന ടി 20 ലോകകപ്പിലും ഭാരതത്തിന് കാലിടറി. ടി 20 ലോകകപ്പില്‍ ഭാരതത്തിന് ഇതുവരെ കിവീസിനെ മറികടക്കാനായിട്ടില്ല.
ഏകദിനത്തിനും ടി 20 ക്കും പുറമെ 2021 ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റമുട്ടിയപ്പോഴും ഭാരതം കിവീസിനോട് പരാജയപ്പെട്ടു. കൂടാതെ ചാമ്പ്യന്‍സ് ട്രോഫിയിലും കിവീസ് ഭാരതത്തിന് മുന്നില്‍ വഴിമുടക്കിയിട്ടുണ്ട്. 2000 ലെ ചാമ്പ്യന്‍സ് ട്രോഫി നോക്കൗട്ടില്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലിറങ്ങിയ ഭാരതം കിവീസിനോട് തോറ്റ് പുറത്തായിരുന്നു. ഇതിനിടെ ദ്വിരാഷ്ട്ര പരമ്പരകളില്‍ ഭാരതം പലവട്ടം കിവീസിനെ മലര്‍ത്തയടിച്ചിട്ടുണ്ടെങ്കിലും ഐസിസി ടൂര്‍ണമെന്റുകളില്‍ കിവീസിന് മുന്നില്‍ കാലിടറുന്ന പതിവ് ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ രോഹിതും സംഘവും മറികടന്നു. ഇനി സെമിയിലും ഗ്രൂപ്പ് ഘട്ടത്തിലെ മേധാവിത്വം ഉറപ്പിച്ച് 19ന് അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലിലേക്ക് യോഗ്യതനേടുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: