കല്‍പ്പറ്റ: മാനന്തവാടി പേരിയ ചപ്പാരത്ത് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏറ്റുമുട്ടലിനിടെ പിടിയിലായ മാവോയിസ്റ്റുകള്‍ ചന്ദ്രു, ഉണ്ണിമായ എന്നിവരുടെ കസ്റ്റഡി കാലാവധി 22 വരെ നീട്ടി. കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കാലാവധി നീട്ടി നല്‍കിയത്. അതേസമയം മാവോയിസ്റ്റുകള്‍ പോലീസിനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും, ഉള്‍വനത്തില്‍ ആയുധ ശേഖരമുണ്ടെന്നും, സി.പി. ജലീല്‍ കൊല്ലപ്പെട്ട വൈത്തിരി ഉപവന്‍ റിസോര്‍ട്ട് ഏറ്റുമുട്ടലില്‍ ചന്ദ്രുവും ഉണ്ടായിരുന്നതായും പോലീസ് കോടതിയില്‍ അറിയിച്ചു
ചന്ദ്രുവിനും ഉണ്ണിമായയ്ക്കും വേണ്ടി അഡ്വ. വി.ജി. ലൈജു ഹാജരായി. കനത്ത പോലീസ് കാവലിലാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. അറസ്റ്റിലായതിന്റെ പിറ്റേന്ന് വൈകിട്ട് ഹാജരാക്കിയ മാവോവാദികളെ കോടതി അഞ്ചു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പം പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ കോടതി അനുവദിക്കുകയായിരുന്നു.
വെടിവയ്പ് നടന്ന ചപ്പാരത്ത് ഇവരെ എത്തിച്ച് ഇതുവരെ തെളിവെടുപ്പ് നടത്തിയിട്ടില്ല. ഇവരെ കേരള പോലീസിനു പുറമേ ദേശീയ അന്വേഷണ ഏജന്‍സിയിലെയും കര്‍ണാടക ആന്റി നക്സല്‍ സ്ക്വാഡിലെയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തെങ്കിലും വിവരങ്ങളില്‍ വ്യക്തതയില്ല. ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടില്‍നിന്നാണ് തമിഴ്നാട് തിരുവണ്ണാമല സ്വദേശി ചന്ദ്രുവും കര്‍ണാടക ചിക്കമംഗളൂരുവില്നിന്നുള്ള ഉണ്ണിമായയും പോലീസ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: