തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്റെ കാലാവധി ഇന്നലെ അവസാനിച്ചു. പുതിയ പ്രസിഡന്റായി പി.എസ്. പ്രശാന്ത് ഇന്ന് ചുമതലയേല്‍ക്കും
സൂപ്രീംകോടതി നശിപ്പിക്കാന്‍ ഉത്തരവിട്ട അരവണ മാറ്റുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും തീരുമാനം ആയില്ലെന്ന് കെ. അനന്തഗോപന്‍ പറഞ്ഞു. ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ശബരിമലയില്‍ ഇതുവരെ ഇല്ലാത്ത വരുമാനം ഉണ്ടായതായും അദ്ദേഹം പറഞ്ഞു.
കാശിയില്‍ ദേവസ്വം ബോര്‍ഡിന്റെ വസ്തുവില്‍ സത്രം നിര്‍മിച്ച് 30 മുറികളുള്ള രണ്ട് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. തമിഴ്നാട് പൊന്പാളിയിലുള്ള ദേവസ്വം ബോര്‍ഡിന്റെ 30 ഏക്കര്‍ സ്ഥലം കൈവശക്കാരില്‍ നിന്നും നിയമാനുസൃതം പാട്ടക്കരാര്‍ വാങ്ങി ഉടമസ്ഥാവകാശം സ്ഥാപിച്ചു. മണ്ഡല മകര വിളക്ക് ഉത്സവത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. കെ. അനന്തഗോപനോടൊപ്പം ബോര്‍ഡ് മെമ്പര്‍ എസ്.എസ്. ജീവന്‍കുമാറിന്റെ കാലാവധിയും ഇന്നലെ അവസാനിച്ചു.
ഇന്ന് രാവിലെ 11ന് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പി.എസ് പ്രശാന്ത് പ്രസിഡന്റായി ചുമതലയേല്‍ക്കും. നെടുമങ്ങാട് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പരാജയത്തിന് കാരണം പാലോട് രവിയാണെന്നും അദ്ദേഹത്തെ ഡിസിസി പ്രസിഡന്റാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: