ഹൈദരാബാദ്: ഭരണഘടനാ ശില്പിയായ ബി.ആര്. അംബേദ്കറെ തെരഞ്ഞെടുപ്പില്‍ തോല്പിച്ചവരാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് കോണ്‍ഗ്രസിന്റെയും ബിആര്‍എസിന്റെ ദളിത് വിരുദ്ധതയ്ക്കെതിരെ മോദി ആഞ്ഞടിച്ചത്.
ബിആര്‍എസിന് ബി.ആര്. അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടന പോരാ പോലും. അവര്‍ പുതിയ ഭരണഘടന വേണമെന്ന് വാദിച്ച് അദ്ദേഹത്തെ അപമാനിക്കുകയാണ്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഒരു പടി മുന്നിലാണ്. ഇപ്പോള്‍ ജാതി സെന്‍സസെന്ന് പറഞ്ഞ് വോട്ട് തട്ടാനിറങ്ങുന്നവര് ഒറ്റ തവണ പോലും അംബേദ്കറെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അനുവദിക്കാത്തവരാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അവര്‍ ബാബാ സാഹേബിന്റെ ചിത്രം പോലും പാര്‍ലമെന്റ് ഹാളില്‍ വച്ചിരുന്നില്ല. ഭാരത രത്ന നല്‍കിയില്ല. തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ടുതവണയും അദ്ദേഹത്തെ തോല്പിച്ചു. അംബേദ്കര്‍ നിയമമന്ത്രിയായ സര്‍ക്കാരാണ് 1947ല്‍ രാജ്യം സ്വതന്ത്രമായപ്പോള്‍ അധികാരമേറ്റത്. എന്നാല്‍ ആദ്യ പൊതു തെരഞ്ഞെടുപ്പ് 1951 ഒക്ടോബറിനും 1952 ഫെബ്രുവരിക്കും ഇടയില്‍ നടക്കുമ്പോള്‍ ബോംബെ നോര്‍ത്ത് സെന്‍ട്രലില്‍ നിന്ന് മത്സരിച്ച അംബേദ്കറിനെതിരെ അവര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി.
നാരായണ്‍ സദോബ കജ്റോള്‍ക്കര്‍ എന്ന കോണ്ഗ്രസുകാരന് വേണ്ടിയാണ് അവര്‍ വോട്ട് പിടിച്ചത്. 1954ലെ ഉപതെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ഭണ്ഡാര മണ്ഡലത്തില്‍ നിന്ന് മത്സരിച്ചപ്പോഴും അംബേദ്കര്‍ ജയിക്കരുതെന്ന വാശിയോടെ കോണ്‍ഗ്രസ് എതിര്‍ത്തു, അദ്ദേഹത്തെ തോല്പിച്ചു, പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: