കണ്ണൂര്‍: ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്ക് ആധുനിക ചികിത്സയും ആവശ്യമായ ആരോഗ്യ, ചികിത്സാ, ഭക്ഷണകാര്യ ഉപദേശങ്ങളും പരിരക്ഷയും നല്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ മിഠായി പദ്ധതി താളംതെറ്റുന്നു. രോഗം ബാധിച്ചവര്‍ക്ക് ഇന്‍സുലിന്‍ പെന്‍, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റര്‍, ഇന്‍സുലിന്‍ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ചികിത്സയും പരിരക്ഷയും നല്കുന്നതിനാണ് പദ്ധതി ആരംഭിച്ചത്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തുടക്കത്തില്‍ രണ്ട് മാസത്തേക്കുള്ള മരുന്ന് ഒരുമിച്ച് നല്കുമായിരുന്നു. പിന്നീട് ക്ഷാമമെന്ന കാരണം പറഞ്ഞ് മാസത്തില്‍ ഒരിക്കലും ആഴ്ചയിലൊരിക്കലുമാക്കി.
മിഠായി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരെ ഉള്‍ക്കൊള്ളിച്ച് വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അത് വഴിയാണ് അറിയിപ്പുകള്‍ കൈമാറുന്നത്. മരുന്ന് തീരുമ്പോള്‍ ഉപഭോക്താക്കള്‍ ആ ഗ്രൂപ്പില്‍ മരുന്നിനായി ആവശ്യപ്പെടും. എന്നാല്‍ ഇപ്പോള്‍ കുറച്ച് നാളുകളായി മരുന്ന് ലഭിക്കുന്നില്ല.
കണ്ണൂര്‍ മെഡിക്കല്‍ കോളജ് പരിയാരം വഴിയാണ് ജില്ലയില്‍ മരുന്നിന്റെ വിതരണം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം ജില്ലകളിലാണ് മരുന്നിന് കൂടുതല്‍ ക്ഷാമം. മിഠായി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 72 പേരാണ് കണ്ണൂരിലുള്ളത്. കോഴിക്കോട് ജില്ലയില്‍ ഇരുന്നൂറോളം കുട്ടികള്‍ ഈ പദ്ധതിയെ ആശ്രയിക്കുന്നുണ്ട്.
ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികളുടെ പ്രമേഹം ദിവസം ഏഴ് തവണ ടെസ്റ്റ് ചെയ്യണം. അതിനനുസരിച്ചാണ് ഇന്‍സുലിന്‍ നല്‌കേണ്ടത്. ഇതിന് ഒരു മാസത്തേക്ക് ഇരുന്നൂറിലധികം നീഡിലും സ്ട്രിപ്പും ആവശ്യമാണ്. എന്നാല്‍ മിഠായി പദ്ധതി പ്രകാരം ഒരു മാസത്തേക്ക് 50 സ്ട്രിപ്പും നീഡിലും മാത്രമാണ് നല്കിയിരുന്നത്. പുറമെ നിന്ന് വാങ്ങിക്കുമ്പോള്‍ ഒരു സ്ട്രിപ്പിന് 8 രൂപയും നീഡിലിന് 15 രൂപയുമാണ്.
പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അയച്ച അപേക്ഷകളൊന്നും ഇതുവരെ പരിഗണിച്ചില്ല. ഇതിനാല്‍ ചികിത്സയ്‌ക്കായി മാസം പതിനായിരത്തിലധികം രൂപയാണ് പലര്‍ക്കും കണ്ടെത്തേണ്ടി വരുന്നത്. പതിനെട്ട് വയസുവരെയുള്ളവര്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുക. മരുന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു വരുന്നു എന്ന മറുപടി മാത്രമാണ് സാമൂഹ്യ സുരക്ഷ മിഷന്‍ നല്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: