ന്യൂദല്‍ഹി: നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന വൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഭാരതത്തിന്റെ വടക്കന്‍ മേഖലയുടെ പവര്‍ ഹബായി ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ മാറുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. 6000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേന്ദ്രമായി കിഷ്ത്വാര്‍ മാറും. ഈ മേഖലയില്‍ ഏഴ് പ്രധാന ജലവൈദ്യുത പദ്ധതികള്‍ മോദി സര്‍ക്കാര്‍ ആരംഭിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആയിരം മെഗാവാട്ട് ശേഷിയുള്ള പകല്‍ ദുല്‍ ആണ് കിഷ്ത്വാറിലെ ഏറ്റവും വലിയ പദ്ധതി. 8,112.12 കോടി രൂപയാണ് ഇതിന്റെ ചെലവ്. 2025 ഓടെ ഇത് പൂര്‍ത്തിയാകും. 624 മെഗാവാട്ട് ശേഷിയുള്ള കിരു ജലവൈദ്യുത പദ്ധതിയാണ് മറ്റൊരു പ്രധാന പദ്ധതി. പദ്ധതിയുടെ എസ്റ്റിമേറ്റ് ചെലവ് 4,285.59 കോടി രൂപയാണ്.
ജമ്മു കശ്മീര്‍ ഭരണകൂടം നേരത്തെ നിര്‍മാണം ആരംഭിച്ച 850 മെഗാവാട്ട് റാറ്റില്‍ പദ്ധതിയും ഇപ്പോള്‍ പുനഃരുജ്ജീവിപ്പിച്ചിട്ടുണ്ട്.
നിലവിലുള്ള ദുല്‍ഹസ്തി പവര്‍ സ്റ്റേഷന് 390 മെഗാവാട്ട് ശേഷിയുണ്ട്, ദുല്‍ഹസ്തി ജലവൈദ്യുത പദ്ധതിക്ക് 260 മെഗാവാട്ട് ശേഷിയുണ്ടാകും. ജമ്മുകശ്മീരിലെ വൈദ്യുതി വിതരണത്തിന്റെ കുറവ് നികത്തുക മാത്രമല്ല, ഇതുവഴി വന്‍നിക്ഷേപം ആകര്‍ഷിക്കുകയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ലക്ഷ്യമാണെന്ന് കേന്ദ്രമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2014ന് മുമ്പ് ജമ്മുവില്‍ നിന്ന് കിഷ്ത്വാറിലേക്കുള്ള റോഡ് യാത്രാ സമയം ഏഴ് മണിക്കൂറില്‍ കൂടുതലായിരുന്നെങ്കില്‍ ഇപ്പോള്‍ അഞ്ച് മണിക്കൂറില്‍ താഴെയായി കുറഞ്ഞിട്ടുണ്ടെന്ന് മേഖലയിലെ മറ്റ് വികസന പദ്ധതികളെക്കുറിച്ച് സംസാരിക്കവെ സിങ് പറഞ്ഞു.
കിഷ്ത്വാര്‍ രാജ്യത്തിന്റെ വ്യോമയാന ഭൂപടത്തിലും ഇടംപിടിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: