ന്യൂദല്‍ഹി : തിന്മയ്‌ക്ക് മേല്‍ നന്മയുടെ വിജയമാഘോഷിക്കുന്ന ദീപാവലി രാജ്യത്തുടനീളം ആവേശത്തോടെയും സന്തോഷത്തോടെയും ഇന്ന് കൊണ്ടാടുന്നു. വീടുകളിലും ക്ഷേത്രങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും വിളക്കുകള്‍ തെളിച്ചാണ് ആഘോഷം. ഈ അവസരത്തില്‍ ആളുകള്‍ സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയെയും ആരാധിക്കുന്നു.
രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ദീപാവലി സന്തോഷത്തിന്റെ ഉത്സവമാണെന്നും ഇരുട്ടിനെതിരെ വെളിച്ചത്തിന്റെയും തിന്മയുടെ മേല്‍ നന്മയുടെയും അനീതിയുടെ മേല്‍ നീതിയുടെയും വിജയത്തെ അടയാളപ്പെടുത്തുന്നതിനാണ് ദീപാവലി ആഘോഷിക്കുന്നതെന്നും രാഷ്‌ട്രപതി സന്ദേശത്തില്‍ പറഞ്ഞു. ദീപാവലി ആഘോഷം മനസാക്ഷിയെ പ്രകാശിപ്പിക്കുകയും മനുഷ്യരാശിയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ എല്ലാവരെയും പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്ന് രാഷ്‌ട്രപതി കൂട്ടിച്ചേര്‍ത്തു.
പ്രകാശോത്സവം സുരക്ഷിതമായി ആഘോഷിക്കാനും പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കി രാഷ്‌ട്രനിര്‍മ്മാണത്തിനായി പ്രതിജ്ഞയെടുക്കാനും പ്രസിഡന്റ് മുര്‍മു ആഹ്വാനം ചെയ്തു.എല്ലാ സാഹചര്യങ്ങളിലും നീതിയും സദ്ഗുണവും നിറഞ്ഞ ജീവിതം നയിക്കാനും തങ്ങളുടെ കഴിവിന്റെ പരമാവധി നിര്‍വഹിക്കാനുമുള്ള ജനങ്ങളുടെ വിശ്വാസം ദീപാവലി ഊട്ടിയുറപ്പിക്കുന്നതായി ഉപരാഷ്‌ട്രപതി തന്റെ സന്ദേശത്തില്‍ പറഞ്ഞു. ഈ ഉത്സവത്തിന്റെ തെളിച്ചവും തിളക്കവും അറിവും ജ്ഞാനവും അനുകമ്പയും ജനഹൃദയങ്ങളിലേക്ക് വ്യാപിപ്പിക്കട്ടെയെന്ന് ശ്രീ ധന്‍ഖര്‍ പറഞ്ഞു.
ഈ പ്രത്യേക ഉത്സവം എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും അത്ഭുതകരമായ ആരോഗ്യവും നല്‍കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദേരമോദി ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: