തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഗണപതിയെ അവഹേളിച്ച് സംസാരിച്ചതിനെ തുടര്‍ന്ന് എന്‍എസ്എസ് സംഘടിപ്പിച്ച നാമജപ യാത്രയ്‌ക്കെതിരായ കേസ് പിന്‍വലിച്ചു. നാമജപ യാത്രയ്‌ക്കിടെ യാതൊരു വിധത്തിലുള്ള ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കന്റോണ്‍മെന്റ് പോലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചിട്ടുണ്ട്.
പാളയം മുതല്‍ പഴവങ്ങാടി വരെയാണ് എന്‍എസ്എസ് നാമജപ യാത്ര സംഘടിപ്പിച്ചത്. ഇതില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ അണിനിരക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്പീക്കറുടെ പ്രസ്താവനയെ മുഖ്യമന്ത്രി പിന്തണയ്‌ക്കുകയും പിന്നാലെ നാമജപയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ഉള്‍പ്പെടെ 1000 പേര്‍ക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്.
കേസെടുത്തതിനെതിരെ എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയും പോലീസിന്റെ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പിന്നാലെ അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സമാധാനപൂര്‍വ്വമുള്ള നാമജപ യാത്ര നടത്തിയത്. അക്രമ സംഭവങ്ങളോ, ക്രമസമാധാന പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ലെന്നും പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: