കേരളത്തെ നെടുകെ പിളര്‍ക്കുന്ന കെ-റെയില്‍ പദ്ധതിയായ സില്‍വര്‍ലൈനിനോടുള്ള ആഭിമുഖ്യം ചിലര്‍ക്ക് ഇനിയും കയ്യൊഴിനാവുന്നില്ല. കേരളത്തില്‍ ഉയര്‍ന്ന വലിയ ജനകീയ പ്രതിഷേധത്തെത്തുടര്‍ന്നും, പരിസ്ഥിതി നശിപ്പിക്കുകയും ജനജീവിതത്തെ തകിടംമറിക്കുകയും ചെയ്യുന്ന പദ്ധതിക്ക് അനുവാദം നല്‍കാനാവില്ലെന്ന് റെയില്‍വെ മന്ത്രാലയവും കേന്ദ്രസര്‍ക്കാരും ആവര്‍ത്തിച്ച് വ്യക്തമാക്കിയതിനെത്തുടര്ന്നും അടഞ്ഞ അധ്യായമായിക്കഴിഞ്ഞതാണ് ഈ പദ്ധതി. എന്നിട്ടും ഈ ആഡംബര പദ്ധതിക്ക് എങ്ങനെയെങ്കിലും തുടക്കമിടാന്‍ കഴിഞ്ഞാല്‍ അതുവഴി ലഭിക്കാന്‍ പോകുന്ന അഴിമതിപ്പണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ചിലര്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിയുന്നില്ല. അവര്‍ കരുതുന്നത് പദ്ധതി ഇപ്പോഴും സജീവ പരിഗണനയിലുണ്ടെന്നാണ്. ഇങ്ങനെ കരുതുന്നവരില്‍ ഒരു വിഭാഗം റെയില്‍വെ ഉദ്യോഗസ്ഥരാണ്. വെള്ളരിക്കാപ്പട്ടണത്തില്‍ കഴിയുന്ന ഇവര്‍ പദ്ധതിക്ക് അനുകൂലമായി പലതും പറഞ്ഞുകൊണ്ടിരിക്കുന്നു. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുത്തുന്നു. ഇതിലൊന്നാണ് പദ്ധതി രൂപരേഖയെക്കുറിച്ച് കെ-റെയിലുമായി തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ ദക്ഷിണ റെയില്‍വേയോട് റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശിച്ചതായുള്ള വാര്‍ത്ത. സില്‍വര്‍ലൈനിനുവേണ്ടി ഏറ്റെടുക്കേണ്ടിവരുന്ന റെയില്‍വെയുടെ ഭൂമിയെക്കുറിച്ച് കെ-റെയിലുമായി ചര്‍ച്ച നടത്താനാണത്രേ നിര്‍ദ്ദേശം. അടിയന്തര പ്രാധാന്യമുള്ള പദ്ധതിയാണിതെന്ന് റെയില്‍വേ ബോര്‍ഡ് ഓര്‍മിപ്പിച്ചതായും പറയുന്നു. റെയില്‍വേ ബോര്‍ഡിന് ഇങ്ങനെയൊരു വെളിപാടുണ്ടായതിനെത്തുടര്ന്ന് സില്‍വര്‍ ലൈനിന്റെ ഉപജ്ഞാതാക്കളായ പിണറായി സര്‍ക്കാര്‍ വലിയ പ്രതീക്ഷയിലാണെന്നും ചില വാര്‍ത്തകളില്‍ കാണുന്നുണ്ട്.
വാര്‍ത്തകളുടെ രൂപത്തില്‍ വന്ന ഈ കള്ളക്കഥ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പൊളിച്ചിരിക്കുന്നു. റെയില്‍വേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ കൃഷ്ണദാസിന് അവര്‍ നല്കിയ വിവരം സില്‍വര്‍ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ ഒരു പുനഃപരിശോധനയും നടത്തുന്നില്ല എന്നാണ്. ഇങ്ങനെയൊരു ഉദ്ദേശ്യം റെയില്‍വേ മന്ത്രാലയത്തിനോ റെയില്‍വേ ബോര്‍ഡിനോ ഇല്ല. അപ്പോള്‍ പിന്നെ ആരാണ് ഇത്തരം കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നത്? കേരളത്തിലെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇതില്‍ പങ്കുണ്ടാവാം. ആരെതിര്‍ത്താലും പദ്ധതി നടപ്പാക്കിയിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തില്‍ നടത്തിയ അവകാശവാദങ്ങള്‍ക്ക് കയ്യും കണക്കുമില്ല. കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. എന്നാല്‍ ഇങ്ങനെയൊരു പദ്ധതിക്ക് തങ്ങള്‍ അനുമതി നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയം കോടതിയില്‍ രേഖാമൂലം മറുപടി നല്‍കിയതോടെ പിണറായിയുടെയും കൂട്ടരുടെയും തട്ടിപ്പ് പൊളിഞ്ഞു. കേരളത്തില്‍ പദ്ധതിയെ ബിജെപി അതിശക്തമായി എതിര്‍ക്കുകയാണുണ്ടായത്. പദ്ധതി പ്രായോഗികമല്ലെന്നും അപകടകരമാണെന്നും ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനെ ബോധപ്പെടുത്തുകയും ചെയ്തു. എന്നിട്ടും ചില ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് കേന്ദ്രസര്‍ക്കാരിന്റെയും റെയില്‍വേ മന്ത്രാലയത്തിന്റെയും മുന്നില്‍ നല്ലപിള്ള ചമഞ്ഞ് പദ്ധതിക്ക് അനുമതി വാങ്ങിയെടുക്കാനുള്ള നിരവധി ശ്രമങ്ങള്‍ നടന്നു. ഒന്നും വിജയിച്ചില്ല. ഒടുവില്‍ എല്ലാം അവസാനിപ്പിച്ച് പിന്മാറേണ്ടിവന്നു. കേന്ദ്രത്തിനു താല്പര്യമുണ്ടെങ്കില് പദ്ധതി തുടങ്ങട്ടെ എന്നതായി പുതിയ നിലപാട്. കേരളത്തിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ഒരു പദ്ധതി കേന്ദ്രമാണ് മുടക്കിയതെന്ന പ്രതീതി സൃഷ്ടിക്കുകയായിരുന്നു.
സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ത്ത മറ്റൊരു കൂട്ടര് പ്രതിപക്ഷമായ കോണ്‍ഗ്രസ്സും സഖ്യകക്ഷികളുമാണ്. ജനദ്രോഹ പദ്ധതി നടപ്പില്‍ വരുത്താന്‍ പിണറായി സര്‍ക്കാരും നരേന്ദ്ര മോദി സര്‍ക്കാരും ഒത്തുകളിക്കുകയാണെന്നായിരുന്നു ഇക്കൂട്ടരുടെ ആരോപണം. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഹൈക്കോടതിയിലും പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്നും, ജനജീവിതത്തെ പല വിധത്തിലും പ്രതികൂലമായി ബാധിക്കുന്ന പദ്ധതിയാണിതെന്നും കേന്ദ്രസര്‍ക്കാര്‍ നിരന്തരം വ്യക്തമാക്കിയിട്ടും വിശദീകരിച്ചിട്ടും കോണ്ഗ്രസ്സുകാര് കളളപ്രചാരണം തുടര്‍ന്നു. ഇതിനിടെ മുഖ്യമന്ത്രി പിണറായിയുടെ ദല്‍ഹിയിലെ പ്രത്യേക ദൂതന് കെ.വി. തോമസ് മെട്രോമാന് ഇ. ശ്രീധരനുമായി ഒരു കൂടിക്കാഴ്ച നടത്തി പദ്ധതിക്ക് അനുകൂലമാണെന്ന് വാര്‍ത്ത വരുത്തിച്ചു. ഇതും കോണ്ഗ്രസ്സുകാര് കേന്ദ്രസര്‍ക്കാരിനെതിരെ കള്ളം പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചു. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നത് അത് ജനങ്ങള്‍ക്ക് വിനാശകരമാവുമെന്നതുകൊണ്ടല്ല, അധികാരത്തിലില്ലാത്തതുകൊണ്ടാണ്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഉണ്ടായിരുന്നതെങ്കില്‍ പിണറായി സര്‍ക്കാരിന്റെ ഈ പദ്ധതിക്ക് എന്നേ അനുമതി ലഭിക്കുമായിരുന്നു. അഴിമതിപ്പണം വീതംവയ്ക്കുന്നതില്‍ പരസ്പരധാരണയിലെത്തേണ്ട താമസം മാത്രമേ ഇതിനുണ്ടാവുകയുള്ളൂ. മുഖ്യമന്ത്രി പിണറായി വിജയന് സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചത് കുടുംബശ്രീക്കാര്‍ക്ക് മലബാറില്‍നിന്ന് അപ്പം കൊണ്ടുവന്ന് വിറ്റ് തിരിച്ചുപോകാനല്ല. കേരളം കണ്ട ഏറ്റവും വലിയ അഴിമതി നടത്തി സഹസ്രകോടികള്‍ കൈപ്പറ്റാനാണ്. ഇതിന്റെ വിഹിതം ലഭിക്കുമെങ്കില്‍ കോണ്‍ഗ്രസ്സുകാര്‍ക്കും പ്രശ്നമുണ്ടാവില്ല. ഇക്കൂട്ടര്‍ ഒത്തുകളിച്ചാണ് ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വ്യാജവാര്‍ത്തകള്‍ വരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: