Categories: Samskriti

ശാന്തിപ്രദായകം വിഷ്ണുപൂജ: വിഷ്ണു പ്രീതിക്കായി ചെയ്യുന്ന ഈ കര്‍മം ഗ്രഹപ്പിഴകള്‍ മാറുന്നതിന് ഉത്തമം

Published by

ന്മനക്ഷത്രം വരുന്ന നാളില്‍ വിഷ്ണുപൂജ നടത്തുന്നത് വളരെയേറെ ശാന്തിപ്രദമാണ്. വിഷ്ണു പ്രീതിക്കായി ചെയ്യുന്ന ഈ കര്‍മം ഗ്രഹപ്പിഴകള്‍ മാറുന്നതിന് ഉത്തമമാണ്. സ്വസ്തികപത്മമിട്ട് വിളക്കുവെച്ച് വേണം വിഷ്ണുപൂജ നടത്താന്‍. രാവിലെയാണു പൂജനടത്താന്‍ അനുകൂലമായ സമയം. വിഷ്ണുസഹസ്രനാമം, പുരുഷസൂക്തം, നാരായണസൂക്തം തുടങ്ങിയവ ജപിച്ച് അര്‍ച്ചന നടത്താം. ദ്വാദശനാമം, അഷ്ടോത്തരശതം എന്നിവയാല്‍ പുഷ്പാഞ്ജലി നടത്തുന്നതും പതിവാണ്. മുഖ്യനിവേദ്യം പാല്‍പ്പായസമാണ്.

വളരെ വിപുലമായും വിഷ്ണു പൂജ നടത്താറുണ്ട്. ദ്വാദശ നാമം പൂജയും കാലുകഴുകിച്ചൂട്ടും എന്ന പേരില്‍ ഗോദാനാദി ദശദാനങ്ങള്‍, ഫലമൂല ദാനങ്ങള്‍ തുടങ്ങിയവയോടുകൂടിയാണിത്. പൂജയുടെ അവസാനം പന്ത്രണ്ടുപേര്‍ക്ക് ദാനവും കാലുകഴുകിച്ചൂട്ടും നടത്തുന്നതും പതിവാണ്.

ഷഷ്ഠിപൂര്‍ത്തി, സപ്തതി, ശതാഭിഷേകം, നവതി, ദശാബ്ദി തുടങ്ങിയവയ്‌ക്ക് വിഷ്ണുപൂജ ഇങ്ങനെ നടത്തുന്നത് ഉത്തമമാണ്. പക്കപ്പിറന്നാള്‍ തോറും ലളിതമായും ആട്ടപ്പിറന്നാളിന് വിപുലമായും വിഷ്ണുപൂജ നടത്തിയാല്‍ ഗ്രഹപ്പിഴകള്‍ മാറുമെന്നാണ് വിശ്വാസം.

ജാതകനെക്കൊണ്ട് വിധിപ്രകാരം മന്ത്രങ്ങള്‍ ചൊല്ലിച്ച് ദാനം നടത്തുമ്പോള്‍ അത് സ്വീകരിക്കുന്നയാള്‍ അക്ഷതമിട്ട് ആയുരാരോഗ്യസൗഖ്യം നേര്‍ന്ന് അനുഗ്രഹിക്കുന്നു. വ്യാഴദശാകാലമുള്ളവര്‍ ജന്മനക്ഷത്രം തോറും വിഷ്ണുപൂജ നടത്തുന്നത് ഏറെ ഫലപ്രദമാണ്.

മാര്‍ഗശീഷമാസം മുതല്‍ 12മാസങ്ങള്‍ക്ക് ക്രമത്തില്‍ വിഷ്ണുവിന്റെ ദ്വാദശമൂര്‍ത്തികള്‍ അധിപതികളാണ്.കേശവന്‍, നാരായണന്‍, മാധവന്‍, ഗോവിന്ദന്‍, വിഷ്ണു, മധുസൂദനന്‍, ത്രിവിക്രമന്‍, വാമനന്‍, ശ്രീധരന്‍, ഋഷികേശന്‍, പത്മനാഭന്‍, ദാമോദരന്‍ എന്നിവരെ യഥാക്രമം അതാതു മാസത്തില്‍ ജാതകന്റെ ജന്മനക്ഷത്രം തോറും അതാതു നാമങ്ങളില്‍ പൂജ ചെയ്യുന്നതും നല്ലതാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by