ഹൈദരാബാദ്: കോണ്‍ഗ്രസിനും ബിആര്‍എസിനും ഒരേ ഡിഎന്‍എ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയുടെ ഡിഎന്‍എ ആണത്. എല്ലാ അഴിമതിക്കാരെയും പിടികൂടും പൊതുസമൂഹത്തിന്റെ പണം കൊള്ളയടിച്ചവര്‍ അതെല്ലാം മടക്കിനല്കേണ്ടിവരും.
ഹൈദരാബാദിലെ ലാല്‍ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ എന്‍ഡിഎ സംഘടിപ്പിച്ച ആത്മഗൗരവസഭയെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
പിന്നാക്ക ജനതയുടെ ആത്മഗൗരവമുയര്ത്തിയത് ബിജെപി സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഹങ്കാരമാണ് ഇത്രകാലം തെലങ്കാന ഭരിച്ചത്. ഇനി ജനതയുടെ ആത്മഗൗരവമുയര്ത്തുന്ന സര്‍ക്കാര്‍ വരണം, അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നത് ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു അധികാരത്തിന്റെ അഹന്തയിലാണ്. അത് അവസാനിപ്പിക്കണം. ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ തെലങ്കാനയ്ക്ക് ആദ്യ ഒബിസി മുഖ്യമന്ത്രിയെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാനയിലെ ജനങ്ങള്‍ കെസിആറിന്റെ അഹന്തയ്ക്ക് മറുപടി നല്കി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇതുതന്നെ സംഭവിക്കും. 2013ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഞാന്‍ മുന്നോട്ടുവന്നത് ഹൈദരാബാദിലെ ഇതേ മൈതാനത്ത് നടന്ന റാലിയിലാണ്.
ഈ മണ്ണാണ് മോദിയുടെ പ്രധാനമന്ത്രി പദത്തിന് അടിത്തറയിട്ടത്. ഇവിടെനിന്നുതന്നെ ജനങ്ങളുടെ അനുഗ്രഹത്തോടെ തെലങ്കാനയുടെ ആദ്യ പിന്നാക്ക വിഭാഗ മുഖ്യമന്ത്രിയും ഉയര്‍ന്നുവരും.
ഒബിസി വിഭാഗത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാരില്‍ 27 മന്ത്രിമാരും ബിജെപിക്ക് 85 എംപിമാരും 365 നിയമസഭാ അംഗങ്ങളും 65 ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളുമുണ്ട്. ദളിതര്‍ക്കും വനവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയത് ബിജെപിയാണ്.
എ.പി.ജെ. അബ്ദുള്‍ കലാമിനെയും രാംനാഥ് കോവിന്ദിനെയും ദ്രൗപദി മുര്‍മുവിനേയും രാഷ്ട്രപതിമാരാക്കിയത് ബിജെപിയാണ്, പ്രധാനമന്ത്രി പറഞ്ഞു. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലും ഒബിസികള്‍ക്ക് സംവരണം ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒമ്പതര വര്‍ഷമായി ഒരു പിന്നാക്ക വിരുദ്ധരുടെ സര്‍ക്കാരാണ് തെലങ്കാന ഭരിക്കുന്നത്. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. അവര്‍ക്ക് ബിജെപിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഞങ്ങള്‍ അധികാരത്തില്‍ വരുമെന്ന് ഉറപ്പാണ്, മോദി പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ജി കിഷന് റെഡ്ഡി, ജനസേനാ നേതാവ് പവന് കല്യാണ്‍ തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: