ഗുരുവായൂര്‍: പുന്നത്തൂര്‍ കോട്ടയിലെ ആനയുടെ കുത്തേറ്റ് ആറുവര്‍ഷത്തിനിടെ മരിച്ചത് മൂന്നുപേര്‍. 2017 ല്‍ ക്ഷേത്രത്തില്‍ രാവിലത്തെ ശീവേലി നടക്കുന്നതിനിടയില്‍ ശ്രീകൃഷ്ണന്‍ എന്ന കൊമ്പന്‍ എം. സുഭാഷിനെ അയ്യപ്പക്ഷേത്രത്തിന് മുന്നില്‍ വെച്ച് കൊമ്പില്‍ കോര്‍ത്തെടുത്തു.2020 ല്‍ ഇരിങ്ങാലക്കുട കീഴ്‌ത്താണ് ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ ഇതേ കൊമ്പന്‍ സി. നന്ദനെന്ന ചെറുപ്പക്കാരനേയും കൊമ്പില്‍ കോര്‍ത്തിരുന്നു.
ഇന്നലെ ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരന്റെ കുത്തേറ്റ് മരിച്ച രതീഷിന്റെ അപ്രതീക്ഷിത മരണം പുന്നത്തൂര്‍ ആനത്താവളത്തെ ശോകമൂകമാക്കി. മരണമെത്തിയത് വാടകവീട്ടില്‍ നിന്ന് രതീഷ് ദേവസ്വം നല്‍കിയ ഔദ്യോഗിക ക്വാര്‍ട്ടേഴ്സിലേയ്‌ക്ക് താമസം മാറ്റാനിരിക്കെയായിരുന്നു. ക്വാര്‍ട്ടേഴ്സിലേക്ക് താമസം മാറ്റുന്നതിനായി ഇന്നു മുതല്‍ ലീവെടുത്തിരിക്കുകയായിരുന്നു രതീഷ്. നാട്ടില്‍ നിന്ന് ഭാര്യയേയും, കുട്ടികളേയും കൂട്ടികൊണ്ടുവരാനായി ഇന്ന് നാട്ടിലെത്തുമെന്ന് രതീഷ് ഭാര്യയെ അറിയിച്ചിരുന്നു. പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം എത്തിയത്.
ഒന്നാംപാപ്പാന്‍ കെ.എന്‍. ബൈജു അവധിയായതിനാല്‍, രണ്ടാം ചട്ടക്കാരനായ രതീഷാണ് ആനയെ നോക്കിയിരുന്നത്. ഇന്നലെ ഉച്ചയോടെ വലിയ കോല്‍ ചെവിയില്‍വെച്ച് ആനത്തറി വൃത്തിയാക്കാന്‍ തുടങ്ങവെ, ആന രതീഷിനെ ചുറ്റിയെടുത്ത് അടിവയറിന് താഴെ കുത്തുകയായിരുന്നു. അടിവയര്‍ തകര്‍ന്ന രതീഷിനെ, ആന തുമ്പിയില്‍ ചുരുട്ടിയെടുത്ത് എറിയുകയും ചെയ്തു. ഉച്ചയായതിനാല്‍ കോട്ടയില്‍ സന്ദര്‍ശകര്‍ കുറവായിരുന്നു.
ദേവസ്വം ആംബുലന്‍സില്‍ അമല ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രക്കിടയില്‍ രതീഷ് മരിച്ചു. നവം. 2 നാണ് ചന്ദ്രശേഖരന്റെ രണ്ടാം പാപ്പാനായി രതീഷെത്തിയത്. സ്വതവെ അപകടകാരിയായിരുന്നതിനാല്‍, കഴിഞ്ഞ 28 വര്‍ഷമായി ആനക്കോട്ടയിലെ കെട്ടുതറിയില്‍ മാത്രം കഴിഞ്ഞുകൂടുകയായിരുന്നു, ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരന്‍.
നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ് ചന്ദ്രശേഖരനെ ക്ഷേത്രനടയിലേക്ക് ആഘോഷത്തോടെ കൊണ്ടുവന്നത്. ആനയെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുമ്പോള്‍ രതീഷായിരുന്നു, ആനപ്പുറത്തിരുന്നത്.
28 വര്‍ഷത്തിന് ശേഷം ആന പുറത്തേക്കിറങ്ങിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 1979 ജൂണ്‍ 3 ന് ബോംബെ കെ. സുന്ദരം നടയിരുത്തിയ ആനയാണ് ചന്ദ്രശേഖരന്‍. 2009 ലാണ് പാപ്പാനായി രതീഷ് ദേവസ്വത്തിലെത്തിയത്. സരിതയാണ് രതീഷിന്റെ ഭാര്യ. മക്കള്‍: ഹൃത്യ, ഹൃത്വിക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: