ന്യൂദല്‍ഹി : സര്‍വകലാശാല വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതുള്പ്പടെയുള്ള ബില്ലുകളില്‍ ഒപ്പുവെക്കുന്നില്ലെന്ന് ആരോപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം വീണ്ടും സുപ്രീംകോടതിയില്‍. ബില്ലുകളില്‍ ഒപ്പ് വയ്ക്കാത്ത നടപടിക്കെതിരെ 2022 ല്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി തള്ളിയതിനെതിരെയാണിപ്പോള് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഒരാഴ്ചക്കിടെ ഗവര്‍ണര്‍ക്കെതിരെ നല്കുന്ന രണ്ടാമത്തെ ഹര്‍ജിയാണിത്. ചീഫ് സെക്രട്ടറിയും, നിയമ സെക്രട്ടറിയുമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിലൂടെ ഗവര്‍ണര്‍ ജനങ്ങളോടും നിയമസഭ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പറയുന്നു.
നേരത്തേ സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനം വൈകിപ്പിക്കുകയാണ്. ഇത്തരത്തില്‍ എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനം എടുത്തിട്ടില്ലെന്നും ഈ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി റിട്ട് ഹര്‍ജി നേരത്തെ നല്‍കിയിരുന്നു ചീഫ് സെക്രട്ടറിയും പേരാമ്പ്ര എംഎല്‍എ ടി.പി.രാമകൃഷ്ണനുമാണു ഇതിലെ ഹര്‍ജിക്കാര്‍. ഗവര്‍ണര്‍, രാജ്ഭവന് അഡീഷണല്‍ ചീഫ് സെക്രട്ടറി, കേന്ദ്രസര്‍ക്കാര്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.
അതേസമയം ഗവര്‍ണര്‍ യുക്തമായ സമയത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നാണ് മുന്‍ വിധികളില്‍ പറയുന്നത്. ഈ സമയം എത്രയാണെന്ന് ആവശ്യമെങ്കില്‍ എഴംഗ ഭരണഘടനാബെഞ്ച് നിര്‍ണ്ണയിക്കണമെന്ന നിര്‍ദ്ദേശവും കേരളം മുന്നോട്ടു വയ്ക്കുന്നു. മുന്‍ അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ കേരളത്തിനായി ഹാജരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: