കൊല്ലം: ഏതു പ്രതികൂല കാലാവസ്ഥയിലും ജീവന്‍ പണയം വച്ച് ഒരു ചാണ്‍ വയറിന് വേണ്ടി കടലില്‍ പോകുന്നവരുടെ ദുരിതങ്ങള്‍ തൊട്ടറിയാനുള്ള ബിജെപിയുടെ തീരദേശയാത്ര എട്ടിന് തുടക്കമാവുകയാണ്. കൊല്ലത്തിന്റെ തീരദേശവാസികളുടെ ദുഃഖം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന സന്തോഷത്തിലാണ് തീരദേശവാസികളും മത്സ്യതൊഴിലാളികളും തീരദേശയാത്രയെ കാത്തിരിക്കുന്നത്.
ഓരോ കാലവര്‍ഷത്തിലും ഉണ്ടാവുന്ന കടല്‍ക്ഷോഭം മൂലം വീട് നഷ്ടപ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയം തേടുന്നവരാണ് ജില്ലയിലെ മത്സ്യത്തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും. കാക്കത്തോപ്പ് ഉള്‍പ്പെടെയുള്ള ജില്ലയിലെ കടലോര മേഖലയില്‍ അധിവസിക്കുന്ന മത്സ്യത്തൊഴിലാളികളില്‍ പലരും ഇപ്പോഴും അഭയാര്‍ത്ഥികളാണ്.
ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായിട്ടില്ല. തൊഴിലാളികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല കേന്ദ്ര
സര്‍ക്കാര്‍ പദ്ധതികള്‍ പോലും ഫലപ്രദമായി ഉപയോഗിക്കുവാന്‍ കേരളത്തിന്റെ ഭരണ സംവിധാനത്തിന് കഴിഞ്ഞിട്ടില്ല. പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ തന്നെ അതില്‍ രാഷ്ര്ടീയം കലര്‍ത്തി തടയിടുന്ന ജനപ്രതിനിധികളാണ് കാലാകാലങ്ങളായി ഇവിടെ ജയിച്ചു പോകുന്നതെന്നും മത്സ്യതൊഴിലാളികള്‍ ചൂണ്ടികാട്ടുന്നു.
നോക്കുകുത്തിയാകുന്ന ഭരണസംവിധാനം
മുണ്ടയ്‌ക്കല്‍ പാപനാശം മുതല്‍ കാക്കത്തോപ്പ് ഇരവിപുരം വരെയുള്ള തീരദേശ മേഖലകളില്‍ രൂക്ഷമായ കടല്‍ക്ഷോഭം ഉണ്ടായിട്ടും നോക്കുകുത്തിയാകുന്ന സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരമാണ് ഉള്ളത്.
ഏത് നിമിഷവും കടലെടുക്കുന്ന രീതിയിലാണ് തീരദേശ റോഡുകള്‍. തകര്‍ന്ന് കുണ്ടും കുഴിയുമായി കിടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കിയിട്ടില്ല. ജില്ലയില്‍ രണ്ടു മന്ത്രിമാര്‍ ഉണ്ടായിട്ടും തീരദേശ മേഖലകളില്‍ എത്തുകയോ, അവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കാനോ തയ്യാറാകുന്നില്ലെന്നും തീരദേശവാസികള്‍ പറയുന്നു.
കുറെ കല്ലുകള്‍ തീരദേശത്ത് ഇട്ട് കാലാകാലങ്ങളില്‍ വരുന്ന സര്‍ക്കാരുകള്‍ കാണിക്കുന്ന അഴിമതിയും, തട്ടിപ്പും അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. തീരദേശ നിവാസികള്‍ക്ക് സംരക്ഷണം നല്‍കാനും, പുനഃരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാനും, സുരക്ഷിത കടല്‍ഭിത്തി നിര്‍മിക്കാനും സര്‍ക്കാര്‍ തയ്യാറകണമെന്ന ആവശ്യമാണ് ഉയരുന്നത്. മത്സ്യത്തൊഴിലാളികളുടെ യാനങ്ങള്‍ പോലും സുരക്ഷിതമായി വയ്‌ക്കുവാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണുള്ളത്.
കര ഇടിച്ചില്‍ രൂക്ഷം
പരവൂര്‍ ചില്ലക്കലില്‍ കടല്‍ക്ഷോഭം രൂക്ഷമാകുമ്പോള്‍ ഉണ്ടാകുന്ന ശക്തമായ തിരയില്‍ കര ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഏതു സമയവും തകര്‍ന്നു വീഴുന്ന നിലയിലാണ് ഒട്ടേറെ വീടുകള്‍. അഞ്ഞൂറ് മീറ്ററോളം കരഭൂമി കടലെടുത്തു.
അര കിലോമീറ്ററിനുള്ളില്‍ പലയിടത്തും ഭൂമി വിണ്ടു കീറി. ഒട്ടേറെ പേര്‍ വീടൊഴിഞ്ഞു. 2018-ലെ പ്രളയത്തിനു ശേഷമാണ് ചില്ലക്കലില്‍ കടല്‍ക്ഷോഭം രൂക്ഷമായതെന്ന് നാട്ടുകാര്‍ പറയുന്നു. പുലിമുട്ടാണ് പരിഹാരം എന്നിരിക്കെ ലക്ഷകണക്കിന് രൂപ ചെലവാക്കി വര്‍ഷം തോറും ജിയോ ബാഗുകള്‍ ഇടുകയും അത് കടലെടുത്തു കൊണ്ട് പോകുകയുമാണ്. കടല്‍ഭിത്തിയും പുലിമുട്ടുകളും നിര്‍മിച്ചില്ലെങ്കില്‍ അവശേഷിക്കുന്ന കരകൂടി കടലെടുക്കും.
മത്സ്യലഭ്യത കുറയുന്നു
കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യത്തിന് മത്സ്യം ലഭിക്കാത്ത സാഹചര്യമാണുള്ളത്. മത്സ്യലഭ്യത തീരെ കുറഞ്ഞതിനാല്‍ തീരദേശ മേഖല സമാനതകളില്ലാത്ത വറുതിയിലൂടെയാണ് കടന്നുപോകുന്നത്. കാലാവസ്ഥ വ്യതിയാനം കൂടുതല്‍ പ്രതികൂലമായി ബാധിച്ചത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാണ്.
കടലാക്രമണ ദുരന്തവും കൃത്യമായ മുന്നൊരുക്കങ്ങളും ചര്‍ച്ചകളും നടത്താത്ത ട്രോളിംഗ് നിരോധനവുമെല്ലാം മത്സ്യബന്ധന മേഖലയെ പിടിച്ചുലയ്‌ക്കുകയാണ്. നന്നായി മത്സ്യം ലഭിക്കുന്ന സീസണില്‍പോലും വെറുംകയ്യോടെ കരയിലെത്തേണ്ട സാഹചര്യമാണ് പലപ്പോഴും. ഇന്ധനവും അധ്വാനവും കടലില്‍ പാഴാക്കുന്ന സ്ഥിതിയിലാണ് മത്സ്യത്തൊഴിലാളികള്‍. ജില്ലയുടെ തീരത്ത് വ്യാപകമായി ലഭിച്ചിരുന്ന വില ലഭിക്കുന്ന
മീനുകളൊക്കെ അപ്രത്യക്ഷമായി.
മത്സ്യ അനുബന്ധതൊഴിലാളികളുടെയും അവസ്ഥ വ്യത്യസ്തമല്ല. കടലിനെ ആശ്രയിച്ചു കഴിയുന്ന ഐസ് ഫാക്ടറി, ചരക്കുവാഹനങ്ങള്‍, തീരത്തെ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികളും ഇതിന്റെ പരിണിത ഫലങ്ങള്‍ അനുഭവിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: