ബിശ്രംപൂര്‍ : ഛത്തീഗഢില്‍ കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ മനുഷ്യക്കടത്തും ലഹരികടത്തും വര്‍ധിച്ചു വരികയാണ്. സുര്‍ഗുജയില്‍ ഇത്തരത്തിലുള്ള കള്ളക്കടത്ത് സംഘങ്ങള്‍ വര്‍ധിച്ചതായും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢ് ബ്ശ്രംപൂരില് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം.
അടുത്തിടെ ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ നക്സല്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സീകരിക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടു. രാജ്യത്ത് എപ്പോഴൊക്കെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലും ഭീകരരും നക്സലുകളും ശക്തി പ്രാപിക്കും. അപ്പോഴൊക്കെ രാജ്യത്തിന്റെ പലഭാഗത്തുനിന്നും സ്ഫോടനവാര്ത്തകളും കൊലപാതക വാര്‍ത്തകളും കേള്‍ക്കാനാകും.
നിങ്ങള്‍ക്ക് ബോംബിന്റെയും തോക്കുകളുടേയും നിഴലില്‍ കഴിയുവാനാണോ താത്പര്യം? എത്ര സമ്പാദ്യമുണ്ടെങ്കിലും നിങ്ങളുടെ മകന് വീട്ടിലെത്തുന്നതിന് പകരം, മകന്റെ മൃതദേഹമാണ് വീട്ടിലെത്തുന്നതെങ്കില്‍ എന്താണ് കാര്യം? അതുകൊണ്ട്, സുരക്ഷയ്ക്കാണ് പ്രധാന്യം. അതിനായി പോളിങ് ബൂത്തുകളില്‍ നിന്നുതന്നെ കോണ്‍ഗ്രസിനെ പുറത്താക്കണം.
മഹാദേവിന്റെ പേരില്‍ പോലും അവര്‍ അഴിമതി നടത്തി. 30 ശതമാനം കമ്മീഷന് സര്‍ക്കാരാണിപ്പോള്‍ ഛത്തീസ്ഗഢ് ഭരിക്കുന്നത്.
ഗോത്ര മേഖലയില്‍ നിന്ന് ഒരാള്‍ രാഷ്ട്രപതിയാകുന്നത് തടയാന്‍ കോണ്‍ഗ്രസ് എത്രമാത്രം ശ്രമിച്ചുവെന്നത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകില്ല. എന്നാല്‍ അവര്‍ക്കായി ബിജെപി നിലകൊണ്ടുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഛത്തീസ്ഗഢ്, മിസോറാം എന്നിവിടങ്ങളില്‍ ഇന്ന് വോട്ടെടുപ്പാണ്. ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: