തിരുവനന്തപുരം : നയതന്ത്ര ബാഗേജു വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്‌ന സുരേഷിനും എം ശിവശങ്കറിനും അടക്കമുള്ള എല്ലാ പ്രതികള്‍ക്കും വന്‍ തുക പിഴചുമത്തി കസ്റ്റംസ്. കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷിന് ആറ് കോടി രൂപയാണ് പിഴയിനത്തില്‍ അടയ്‌ക്കേണ്ടത്. കേസിലെ മറ്റ് പ്രധാന പ്രതികളായ പിഎസ് സരിത്ത്, സന്ദീപ് നായര്‍, കെ ടി റമീസ്, യുഎഇ കോണ്‍സുലേറ്റ് മുന്‍ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, മുന്‍ അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അഷ്‌മേയി എന്നിവര്‍ക്കും ആറ് കോടി രൂപ വീതം കസ്റ്റംസ് ചുമത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് 50 ലക്ഷം രൂപ മാത്രമാണ് പിഴ. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ രാജേന്ദ്രകുമാറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മൊത്തം 44 പ്രതികളുള്ള കേസിൽ ഏഴു പേരെ ഇനിയും പിടികൂടാനുണ്ട്. ഇവരൊഴികെയുള്ള പ്രതികളില്‍നിന്ന് 66.60 കോടി രൂപ പിഴ ഈടാക്കാനാണ് ഉത്തരവ്. ബാക്കിയുള്ളവര്‍ കൂടി പിടിയിലായാല്‍ അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. പ്രതികളുടെ ആഡംബര വാഹനങ്ങളടക്കമുള്ള വസ്തുക്കളും കസ്റ്റംസ് കണ്ട് കെട്ടിയിട്ടുണ്ട്.
രാജ്യത്ത് ഇതാദ്യമായാണ് സ്വര്‍ണക്കടത്ത് കേസില്‍ ഇത്രയും വലിയ തുക പിഴയീടാക്കുന്നത്. ഉത്തരവിനെതിരെ പ്രതികള്‍ക്ക് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാം. ട്രിബ്യൂണലിന് ഉത്തവ് ശരിവെയ്‌ക്കുകയോ തിരുത്തലുകള്‍ ആവശ്യപ്പെടുകയോ ചെയ്യാനുള്ള അധികാരമുണ്ട്. പക്ഷെ ഇത്തരം കേസുകളില്‍ പിഴത്തുകയില്‍ ഇളവുലഭിക്കാന്‍ സാധ്യത വളരെ കുറവാണ്.
2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം കാര്‍ഗോ കോപ്ലക്‌സില്‍ നിന്ന് കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുത്തത്. 30 കിലോ സ്വര്‍ണമാണ് പ്രതികളില്‍ നിന്ന് പിടികൂടിയത്. ഇതിന് ഏകദേശം 14.65 കോടി രൂപ മൂല്യം കണക്കാക്കുന്നു. 2019 മുതല്‍ 2020ന്റെ ആദ്യപാദംവരെ നയതന്ത്ര ബാഗേജുവഴി പ്രതികള്‍ സ്വര്‍ണം കടത്തിയെന്ന് തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: