തിരുവനന്തപുരം: സര്‍ക്കാര്‍ കൊട്ടിഘോഷച്ച് നൈറ്റ് ലൈഫ് നടപ്പിലാക്കിയ സാംസ്കാരിക ഇടനാഴി, മാനവീയം വീഥി അക്രമികളുടെ ഇടനാഴിയാകുന്നു. നൈറ്റ്ലൈഫിന്റെ മറവില്‍ സംഘര്‍ഷങ്ങള്‍. പോലീസും സര്‍ക്കാരും നോക്കുകുത്തിയാകുന്നു. ശനിയാഴ്ച രാത്രിയില്‍ യുവാവിനെ നിലത്തിട്ട് ക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍ സിനിമാ സ്റ്റൈലില്‍ ചുറ്റും നിന്ന് നൃത്തം ചെയ്ത് യുവാക്കള്‍. അന്ന് മാത്രം ഉണ്ടായത് നാലു സംഘര്‍ഷങ്ങള്‍.
യുവാവിനെ നിലത്തിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പൂന്തുറ സ്വദേശിയായ അക്സലനെയാണ് (27) ഒരുസംഘം നിലത്തിട്ട് ക്രൂരമായി മര്‍ദിച്ചത്. മര്‍ദിക്കുന്നതിനിടെ ഒരു കൂട്ടം യുവാക്കള്‍ ഇതിന് ചുറ്റും നിന്ന് നൃത്തം ചെയ്തു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസിന്റെ എയിഡ് പോസ്റ്റും കേരളീയത്തിന്റെ സുരക്ഷാ സന്നാഹനവും ഉള്ളിടത്ത് നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ ആളെപ്പോലും പോലീസ് തിരിച്ചറിഞ്ഞത്. ആ സംഘര്‍ഷത്തില്‍ അക്സലന്റെ അനുജന് ജനീഷിനും പരിക്കേറ്റു. അക്രമിസംഘത്തിലെ ഒരാളെ മാത്രമാണ് പോലീസിന് പിടികൂടാനായത്. ഇതേദിവസം നാലു സംഘര്‍ഷങ്ങള്‍ മാനവീയം വീഥിയിലുണ്ടായി.
സംഘര്ഷത്തില്പ്പെട്ടവരെല്ലാം മദ്യപിച്ചും ലഹരി ഉപയോഗിച്ചും എത്തിയവരാണെന്ന് പോലീസും സമ്മതിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും മാനവീയം വീഥിയില്‍ ഇരുസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പുതുക്കിപ്പണിത് സ്ഥാപിച്ച ടൈലുകളും ലൈറ്റുകളും അടിച്ചുതകര്‍ത്തു. മാനവീയം റോഡ് തുറന്നുകൊടുത്തതിന് പിന്നാലെ ഒരു കുടംബത്തെ ഒരുകൂട്ടം അക്രമികള്‍ കൈയേറ്റവും ചെയ്തു. അന്ന് അധ്യാപിക അടക്കമുള്ള കുടുംബത്തിന് ക്രൂരമായി മര്‍ദനമേറ്റു. അധ്യാപിക വിളിച്ചുവരുത്തിയ പോലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്തുവെന്ന് അന്നും ആരോപണം ഉയര്‍ന്നിരുന്നു.
ഏറെക്കാലമായി മാനവീയം വീഥി ലഹരിസംഘങ്ങളുടെ പിടിയിലാണ്. ലഹരി വില്പനയുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷം പതിവാണിവിടെ. നൈറ്റ് ലൈഫ് ആരംഭിച്ചശേഷം ചെറുതും വലുതുമായുള്ള സംഘര്‍ഷങ്ങള്‍ പതിവാണെന്ന് പോലീസ് തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ പരാതിയുമായി ആരും സ്റ്റേഷനിലെത്താറില്ല. ലഹരി മാഫിയയും ക്രിമിനല്‍ സംഘങ്ങളും മാനവീയം വീഥിയില്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി മാനവീയം കൂട്ടായ്മ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമരം സംഘടിപ്പിക്കുകയും ചെയ്തു. ലഹരിസംഘങ്ങള്‍ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നതായി സമീപവാസികളും പറയുന്നു.
അതേസമയം മാനവീയം വീഥിയിലെ അക്രമിസംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണ് പോലീസും സര്‍ക്കാരും. നൈറ്റ് ലൈഫില്‍ പോലീസിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടാകരുതെന്നാണ് സിറ്റി പോലീസ് കമ്മിഷണര്‍ നിര്‍ദേശിച്ചിട്ടുള്ളത്. സംഘര്‍ഷം കുറയ്ക്കാനാണ് പോലിസിന്റെ സാന്നിധ്യമെന്നും കമ്മിഷണര്‍ നിര്‍ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: