മുംബൈ: അഞ്ച് വട്ടം ലോക കിരീടം ഉയര്‍ത്തിയ ഓസ്ട്രേലിയ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ. ജയത്തോടെ സെമിബെര്‍ത്ത് ഉറപ്പിക്കുകയാണ് ടീമിന്റെ ലക്ഷ്യം. വമ്പന്മാരെ വീഴ്ത്തുന്നത് പതിവാക്കിയ അഫ്ഗാന് ഇന്ന് ഓസീസിനെയും വീഴ്ത്താനായാല്‍ സെമി സാധ്യത കൂടും.
ഏഴ് കളികളില്‍ നിന്ന് നേടിയ അഞ്ച് ജയത്തില്‍ പത്ത് പോ
യിന്റ് സ്വന്തമാക്കി ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തുണ്ട്. ഇന്ന് അഫ്ഗാനെ തോല്‍പ്പിച്ചാല്‍ ലഭിക്കുന്നത് 12 പോയിന്റ്. പിന്നീട് നടക്കുന്ന മത്സരങ്ങളില്‍ ഓസീസിന് താഴെയുള്ള ഒരു ടീമിനും ഇത്രയും പോയിന്റ് നേടിയെടുക്കാനാവില്ല. അതിനാല്‍ ജയത്തേക്കാള്‍ വലിയ ആശ്വാസം കംഗാരുപ്പടയ്ക്ക് ഇന്ന് കിട്ടാനില്ല. ആദ്യത്തെ രണ്ട് മത്സരങ്ങളേ ടീം പരാജയപ്പെട്ടിട്ടുള്ളൂ. ടൂര്‍ണമെന്റില്‍ പകരംവയ്ക്കാനില്ലാത്ത പ്രകടനമികവ് പുലര്‍ത്തുന്ന ഭാരതത്തിന് മുന്നിലും കരുത്തരായ ദക്ഷിണാഫ്രിക്കയോടും. പിന്നീടിങ്ങോട്ട് തുടര്‍ച്ചയായി അഞ്ച് കളികള്‍ ജയിച്ചു. ഇന്ന് ആറാം മത്സരം. ജയം ശീലമാക്കിയാല്‍ പരാജയപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ള ടീം എന്ന മേന്മ ഓസ്ട്രേലിയന്‍ നിരയ്ക്ക് പണ്ടുമതലേ ഉണ്ട്. ഓസീസ് സെമിയില്‍ പ്രവേശിച്ചാല്‍ എട്ട് പോയിന്റ് വീതമുള്ള ന്യൂസിലന്‍ഡ്, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് ടീമുകള്‍ തമ്മില്‍ അവാസന റൗണ്ടില്‍ പൊരിഞ്ഞ പോരാട്ടം നടത്തേണ്ടിവരും.
വമ്പന്മാര് പലരെയും ഞെട്ടിച്ചുകൊണ്ട് സെമി ബെര്‍ത്തിന് അരികിലെത്തി നില്‍ക്കുകയാണ് അഫ്ഗാന് പടയാളികള്‍. നിലവില്‍ എട്ട് പോയിന്റുണ്ട്. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു തുടങ്ങിയ ടീം പിന്നീട് പാകിസ്ഥാന്റെയും ശ്രീലങ്കയുടെയും കഥ കഴിച്ചു. ഒടുവില്‍ തോല്‍പ്പിച്ചത് നെതര്‍ലന്‍ഡ്സിനെ. ഭാരതം, ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്ക ടീമുകളോടാണ് പരാജയപ്പെട്ടത്. ഇന്ന് ഓസീസിനെ കടന്നാല്‍ പത്ത് പോയിന്റാകും. ഈ ഫലം വന്നാല്‍ പ്രാഥമിക ഘട്ടത്തിലെ അവസാന റൗണ്ട് മത്സരങ്ങള്‍ കൂടുതല്‍ കലുഷിതമാകും. സെമിയിലെ രണ്ട് ടീമുകള്‍ തെരഞ്ഞെടുക്കപ്പെടാനുള്ള അവസാനവട്ട കടുത്ത പോരാട്ടത്തില്‍ ഓസ്ട്രേലിയക്കും പങ്കുചേരേണ്ടിവരും.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: