ന്യൂദല്‍ഹി: ദല്‍ഹിയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള അകലം കുറയ്‌ക്കുന്നതിനുള്ള പാലമായിട്ടാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിസോറാമിലെ ജനങ്ങളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്ത് അവരുടെ ആവശ്യങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും സംസാരിക്കുകയായിരുന്നു മോദി.
2014ന് മുമ്പ് മിസോറാം പോലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ദല്‍ഹിയുമായി ഭൂമിശാസ്ത്രപരമായും മാനസികമായും അകലമുണ്ടായിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിനുശേഷം ഇക്കാര്യങ്ങള്‍ മനസ്സിലാക്കുകയും ഈ അകലം ഇല്ലാതാക്കുവാനുമാണ് ശ്രമിച്ചത്. ഈ സംസ്ഥാനങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും വ്യക്തമായ ബോധ്യം കേന്ദ്ര സര്‍ക്കാരിനുണ്ട്.
സാംസ്‌കാരികമായും പ്രകൃതിദത്തമായും ഏറെ സവിശേഷതകള്‍ നിറഞ്ഞതാണ് മിസോറാം. ഈ സവിശേഷതകള്‍ മിസോറാമിനെ ടൂറിസ്റ്റ് ഹബ്ബായി മാറ്റുമെന്നും മോദി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ടൂറിസവും വ്യാപാരവും വര്‍ദ്ധിക്കും. ഇത് നിക്ഷേപവും വ്യവസായവും തൊഴിലവസരങ്ങളും ഉണ്ടാക്കുവാന്‍ സഹായിക്കും.
ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വലിയ മാറ്റങ്ങളാണ് വടക്കുകിഴക്കന്‍ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. 2013-14 കാലഘട്ടത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ദേശീയപാത 11,000 കിലോമീറ്ററായിരുന്നെങ്കില്‍ ഇന്നത് 16,000 കിലോമീറ്ററായി വര്‍ദ്ധിച്ചതായും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: