കൊച്ചി : കളമശേരി സ്ഫോടനത്തില്‍ മരണം നാലായി. കളമശേരി സ്വദേശി മോളി ജോയ് (61)ആണ് ഇന്ന് മരിച്ചത്. അപകടത്തില്‍ 80 ശതമാനത്തോളം പൊള്ളലേറ്റ മോളി എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലിരിക്കേ തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ മരണമടയുകയായിരുന്നു.
സ്ഫോടനത്തില്‍ മൂന്ന് പേര് നേരത്തെ മരിച്ചിരുന്നു. 20 പേര്‍ക്ക് പരിക്കേറ്റി ചികിത്സയിലാണ്. ഇവരില്‍ 11 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതില്‍ മോളിയടക്കം രണ്ട് പേര് ഗുരുതരാവസ്ഥയിലായിരുന്നു. ഇവരില്‍ ഒമ്പതുപേര്‍ വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. മരിച്ചവരില്‍ നാല് പേരും സ്ത്രീകളാണ്.
മരിച്ച 12 വയസുകാരി ലിബിനയുടെ സംസ്കാര ചടങ്ങുകള്‍ ശനിയാഴ്ചയാണ് നടന്നത്. ലിബിനയുടെ സഹോദരന്മാരും അമ്മയും പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയാണ്. ലിബിനയുടെ അമ്മയേയും സഹോദരങ്ങളേയും കാണിക്കാന്‍ അഞ്ചു ദിവസം കാത്തെങ്കിലും ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാല്‍ പിന്നീട് സംസ്കാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് നല്കിയ ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. വിശദമായ അന്വേഷണത്തിനായി 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ഉന്നയിച്ചിരിക്കുന്ന ആവശ്യം. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ളതില്‍ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. എന്നാല്‍ താന്‍ ഒറ്റയ്ക്ക് ആസൂത്രണം ചെയ്താണ് സ്ഫോടനം നടത്തിയതെന്നാണ് മാര്ട്ടിന് ആവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: