തിരുവനന്തപുരം: മത രാഷ്‌ട്രവാദം നാടിനാപത്ത് എന്ന് ഇപ്പോള്‍ പറയുന്ന മുസ്ലിം ലീഗ് ആണ് രാജ്യത്ത് ആദ്യമായി മത രാഷ്‌ട്രവാദം ഉന്നയിച്ചതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ള. കെ.വി.രാജശേഖരന്‍ രചിച്ച അഞ്ചുപുസ്തകങ്ങളുടെ അവതരണ സഭ തിരുവനന്തപുരം മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗിന്റെ മത രാഷ്‌ട്ര വാദത്തെ പിന്താങ്ങിയതും ഖാലിസ്ഥാന്‍ വാദത്തെ അനുകൂലിച്ചതും കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് എന്നും കെ. രാമന്‍പിള്ള പറഞ്ഞു. അമൃത് സാഗര്‍ പ്രകാശന്‍ പ്രസിദ്ധീകരിച്ച ഖിലാഫത്തില്‍നിന്ന് അമൃതകാലത്തിലേക്ക്, ഭാരതീയ ജനാധിപത്യത്തിന്റെ കാവി വസന്തം, ഭാരതത്തിലെ കമ്യൂണിസം ജനിതകമാറ്റം സംഭവിച്ച അന്തകവിത്ത്, കേരളരാഷ്‌ട്രീയം ഇടതു വലതു വര്‍ഗീയ മുന്നണികളോട് പൊരുതി വളരുന്ന ദേശീയ പക്ഷം, ഭാരത് ഫസ്റ്റ് പേട്രിയോട്ടിക് അസര്‍ഷന്‍സ് ആന്‍ഡ് റെസ്‌പോണ്‍സസ് എന്നീ അഞ്ച് പുസ്തകങ്ങളുടെ അവതരണ സഭയാണ് സംഘടിപ്പിച്ചത്.
ഭാരതീയ വിചാര കേന്ദ്രം അക്കാദമിക് ഡീന്‍ ഡോ.കെ.എന്‍. മധുസൂദനന്‍ പിള്ള അദ്ധ്യക്ഷനായിരുന്നു. ജനം ടിവി മുന്‍ ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു, ഭാരതീയ സാഹിത്യ പരിഷത് കേരള ഘടകം സംയോജക് ഡോ.കെ.സി. അജയകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് പ്രൊഫ.എം.എസ്. രമേശന്‍, ജെ. സോമശേഖരന്‍ പിള്ള, തിരുമല ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പുസ്തകങ്ങളുടെ പുറംചട്ട ഡിസൈന്‍ ചെയ്ത യാഗശ്രീകുമാറിനെ ചടങ്ങില്‍ കെ. രാമന്‍പിള്ള പൊന്നാടയണിയിച്ച് ആദരിച്ചു. അഖില ഭാരതീയ സാഹിത്യ പരിഷത് കേരള സംസ്ഥാന സമിതിയാണ് അവതരണ സഭ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക