(ശതരുദ്രോപാഖ്യാനം അവസാനഭാഗം)
”സന്മതേ! ഒരു കാലത്ത്, യദൃച്ഛയാ ബ്രഹ്മാവിന്റെ ഹംസമായി വിഹരിച്ചു. രുദ്രലോകത്തുചെന്നു രുദ്രനെ കണ്ടു. പിന്നെ രുദ്രനാണു ഞാനെന്നു ആ ഹംസം ഭാവിച്ചു. രുദ്രനായി, ശിവപുരാചാരങ്ങളോടുകൂടി രുദ്രലോകത്തില്‍ വളരെക്കാലം സ്വച്ഛന്ദം വിഹരിച്ചു. നിത്യവും ശിവഗണയുക്തനായി വര്‍ത്തിക്കുന്ന ആ രുദ്രന്‍ സര്‍വോത്തമജ്ഞാനവിസ്താരയായ ബുദ്ധിയോടെ പൂര്‍വജന്മസംഭൂതമായി വൃത്താന്തം മുഴുവനും നന്നായി കണ്ടു.
മറവില്ലാതെയുള്ള വിജ്ഞാനസ്വരൂപനായി മരുവുന്ന ഭഗവാനായീടുന്ന ആ ഹരന്‍ പിന്നെ അത്യന്തം നിജസ്വപ്‌നസഞ്ചയവിസ്മിതനായി ഇത്തരം ഏകാന്തത്തില്‍ സ്വയം വാണുകൊണ്ട് ഓര്‍ത്തു. ‘ഹാ ഹാ! വിചിത്രമേറ്റം, സര്‍വലോകങ്ങളെയും മോഹിപ്പിച്ചീടുന്ന ഈ മായ ചിന്തിച്ചാല്‍ ഇല്ലാത്തതാണെന്നാകിലും മരുഭൂമിയിലെ ജലംപോലെ സുദൃഢമായുള്ളതുപോലെ വിളങ്ങുന്നു. വിചിത്രകളായീടുന്ന ഘോരസംസാരാരണ്യഭൂമികളില്‍ ഞാന്‍ വളരെ ഭ്രമിച്ചു. ഒരു സര്‍ഗ്ഗത്തില്‍ ഞാന്‍ ജീവടാഖ്യനായി വാണു. മറ്റൊരു സര്‍ഗ്ഗത്തില്‍ മഹാബ്രാഹ്മണനായി വാണു. വിരുതേറീടുന്ന ഒരു രാജാവായി പിന്നെ ഞാന്‍ വാണു, അരയന്നമായി ഞാന്‍ താമരപ്പൊയ്കയില്‍ സരസമായി വാണു. വിന്ധ്യാചെരുവുകളില്‍ ഞാന്‍ ആനത്തലവനായി വാണു. ഇത്തരമൊരു നൂറുജന്മങ്ങള്‍ കഴിഞ്ഞ് ഇപ്പോള്‍ രുദ്രതയെ പ്രാപിച്ചു. ഇവിടെ നൂറു ചത്യുര്യുഗങ്ങളും ഒരായിരം സംവത്സരവും കഴിച്ചു ഞാന്‍. എന്നല്ല, ചെയ്തിട്ടുള്ള കാര്യങ്ങള്‍ക്ക് അന്തമില്ല. എന്റെ ജന്മങ്ങളെയൊക്കെയും ചെന്നു ഞാന്‍ നോക്കി. നന്നായുള്ള ഒരു ബോധം വളര്‍ത്തീട്ട് അവരെയിന്നു എന്നോടു കൂട്ടീട്ട് ഞാന്‍ ഏകീകരിക്കുന്നു.’ എന്നെല്ലാം ഓര്‍ത്ത് രുദ്രന്‍ ശവംപോലെ ഉറങ്ങി സന്ന്യാസി വര്‍ത്തിക്കുന്ന സര്‍ഗ്ഗത്തെ പ്രാപിച്ചു. സന്ന്യാസിപ്രവരനെ ഉണര്‍ത്തി ചേതസ്സോടെയും ചേതനത്തോടും സംയോജിപ്പിച്ചു. പിന്നെ, അന്നേരം മനസ്സില്‍ സന്ന്യാസിപ്രവരന്‍ തന്റെ ഭ്രമങ്ങളെയൊക്കെയും ഓര്‍മ്മിച്ചു.
രുദ്രനായിട്ടും ജീവടാദികളായും കണ്ടിട്ട് ആ മഹാനാകുന്ന സന്ന്യാസി ബോധമുള്ളതുകൊണ്ട് വിസ്മയിക്കാനേതും കാരണമില്ലാതെയാകിലും വിസ്മയം പ്രാപിച്ചു. പിന്നെ രുദ്രനും സന്ന്യാസിയും രണ്ടുപേരുമൊന്നിച്ച് ചിദാകാശത്തിന്റെ ഏകകോണകമാകുന്ന ജീവട സംസാരത്തെ പ്രാപിച്ച് ഉണര്‍ത്തി, ആ ജീവടനെയും നല്ല ബോധമുള്ളവനാക്കി. പിന്നീട് ആ മൂന്നുപേരുമൊന്നിച്ച് പുറപ്പെട്ടുചെന്ന് ഭൂദേവാദികളോട് അവ്വണ്ണം ചേര്‍ന്നു.
ദിവ്യജ്ഞാനികളായി, രുദ്രന്മാരായിട്ട് അവരേവരും നിരാമയരായി വിളങ്ങി. രുദ്രാജ്ഞകൈക്കൊണ്ട് അവരേവരും അവനവന്‍ വര്‍ത്തിക്കുന്ന നികേതനം പ്രാപിച്ച് അനന്തരം ബന്ധുക്കളോടുകൂടി വളരെക്കാലം വസിച്ചു. എന്നിട്ട് ദേഹാന്ത്യത്തില്‍ രുദ്രനോടുചേര്‍ന്നു. ചിത്തതിലുണ്ടഖിലവും. എവ്വണ്ണം ഏതൊന്നിനെ ചിത്തുതന്നെ കണ്ടീടുന്നിതു, അവ്വണ്ണമായിട്ടതു സര്‍വാത്മകത്ത്വംമൂലം സംഭവിച്ചീടുന്നു എന്നുള്ളത് നിര്‍വ്വാദമീയിട്ടുള്ളതാണ് എന്നറിഞ്ഞാലും. യാതൊന്നു സ്വപ്‌നത്തിങ്കല്‍ കാണപ്പെട്ടീടുന്നു, യാതൊന്നു സങ്കല്പത്താല്‍ കാണപ്പെട്ടീടുന്നു, അതേരൂപമായിട്ട് ആയത് അവിടെത്തന്നെ രാഘവ! സദാകാലം വര്‍ത്തിച്ചുകൊണ്ടീടുന്നു.
ഏതവസ്ഥയാല്‍ സങ്കല്പസ്വപ്‌നഗമാകുന്ന സാധനം പ്രാപിക്കപ്പെടുന്നു, മഹാമുനേ! അഭ്യാസം, യോഗം എന്നീ രണ്ടുമില്ലെന്നുവന്നാല്‍ എപ്പോഴും ആ അവസ്ഥ സിദ്ധിച്ചീടുന്നതല്ല. യാഗജ്ഞാനങ്ങള്‍ ചേര്‍ന്നുവാഴും ശങ്കരാദികള്‍ സര്‍വം സര്‍വത്ര കണ്ടീടുന്നു. ഇഷ്ടമായുള്ള കാര്യമതൊക്കെയും ഓര്‍ത്താല്‍ ഏകനിഷ്ഠനായുള്ളവനേ കിട്ടുകയുള്ളു. തെക്കേദിക്കുനോക്കി പോയീടുന്നവന്‍ ഉത്തരദിക്കില്‍ച്ചെന്നു ചേരുന്നതെപ്രകാരം, സന്ദേഹമില്ല, സങ്കല്പാര്‍ത്ഥതല്പരന്മാരാല്‍തന്നെ ഈ സങ്കല്പാര്‍ത്ഥം പ്രാപിക്കപ്പെടുന്നു. എന്നപോലെ ഗ്രന്ഥാര്‍ത്ഥതല്പരന്മാരല്ലാത്തവര്‍ തന്നാല്‍ അഗ്രന്ഥാര്‍ത്ഥം പ്രാപിക്കപ്പെടുന്നു. അഗ്രത്തിലുള്ള ബൂദ്ധിയിലിരിക്കുമ്പോള്‍ ഉള്ളില്‍ സങ്കല്പിതാര്‍ത്ഥത്തെ ആര് ഇച്ഛിക്കുന്നു. ഏകനിഷ്ഠത്വഭാവംകാരണം രണ്ടിനെയും മൂഢനായവന്‍ കളയുന്നു. ഞാന്‍ വിദ്യാധരനായി ഭവിച്ചീടുമെന്നോ, സത്ബ്രാഹ്മണനായി ഭവിച്ചീടുമെന്നോ ഓര്‍ത്തുകൊള്ളുന്നത് ഏകധ്യാനസാഫല്യമാകുന്ന അര്‍ത്ഥസിദ്ധിക്കുള്ള ദൃഷ്ടാന്തമായീടുന്നു. ആകയാല്‍ സങ്കല്പാര്‍ത്ഥൈകനിഷ്ഠത്വത്താല്‍ രാഘവ! സന്ന്യാസിയുടെ ജീവനെ നിരൂപിക്കുക. രുദ്രനായി ഭവിച്ചിട്ട് ആ രുദ്രരൂപത്തിനാല്‍ത്തന്നെ സത്യത സങ്കല്പാര്‍ത്ഥത്തിനു സംഭവിച്ചു. ഭിക്ഷുസങ്കല്പജീവന്മാരാകുന്ന അവരെല്ലാവരും രുദ്രരൂപത്വംമൂലം സത്യസങ്കല്പത്വത്താല്‍ സത്യത്വം പ്രാപിച്ചിട്ടു പ്രത്യേകം തജ്ജഗത്തു വെവ്വേറെ കാണുന്നു. ഈവണ്ണം സന്ന്യാസിയുടെ സങ്കല്പം കാരണം ജീവടാദികളായവരെല്ലാം സാനന്ദം സ്വസങ്കല്പകല്പിതങ്ങളാകുന്ന നഗരങ്ങളെ പ്രാപിച്ചു. അതിനുശേഷം രുദ്രനോടു ചേര്‍ന്നിട്ടവര്‍ നന്നായി പരംപദം പ്രാപിച്ചു. ” എന്നതുകേട്ടു മഹാബുദ്ധിമാനായ ശ്രീരാഘവന്‍ വന്ദ്യനാകുന്ന വസിഷ്ഠനോട് ഇങ്ങനെ ചോദിച്ചു, ”ഈവണ്ണം ഭിക്ഷുവിന്റെ സങ്ക്‌ല്പഹേതുവായി ജീവടാദികളെല്ലാവരും എങ്ങനെ സത്യത്വം പ്രാപിച്ചു? സങ്കല്പാര്‍ത്ഥത്തില്‍, ഓര്‍ത്താല്‍, സത്യതയുണ്ടാകുമോ?” രാമനിങ്ങനെ ചോദിച്ചപ്പോള്‍ വസിഷ്ഠന്‍ പറഞ്ഞു, ”മനക്കാമ്പില്‍ സന്ദേഹമുണ്ടായിടേണ്ട, ഒന്നു പോയി ആയിരമായി ഭവിക്കും രഘുപതേ! അംശാവതാരലീലായുക്തനാകുന്ന നാരായണന്‍ വിശ്വത്തെ രക്ഷിക്കുന്നതെങ്ങനെയാണ്? ഈവിധം സന്ന്യാസിയുടെ സങ്കല്പം കാരണം ജീവടാദികളായവരെല്ലാവരും സംശുദ്ധസംവിദേകാംശങ്ങളായീടുന്നു, അവര്‍ സത്യത്വമാര്‍ന്നപോലെ സ്ഥിതിചെയ്യുകയത്രെ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: