ബെംഗളൂരു: തന്റെ വിവാദ ആത്മകഥ ‘നിലാവ് കുടിച്ച സിംഹങ്ങള്‍’ പിൻവലിക്കുന്നുവെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. കോപ്പികൾ പിൻവലിക്കണമെന്ന് പ്രസാധകർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച ഷാര്‍ജ പുസ്തകോത്സവത്തില്‍ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ സാന്നിധ്യത്തില്‍ നടക്കേണ്ട പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം റദ്ദാക്കി. വിവാദ ആത്മകഥ ഷാര്‍ജ പുസ്തകോത്സവത്തോടനുബന്ധിച്ചുള്ള സ്റ്റാളുകളില്‍ നിന്നെല്ലാം പ്രസാധകര്‍ നീക്കം ചെയ്തു.
എസ് സോമനാഥിന്റെ ‘നിലാവ് കുടിച്ച സിംഹങ്ങൾ’ എന്ന ആത്മകഥ വിവാദമായതോടെയാണ് പിൻവലിക്കുന്നത്. ആത്മകഥയുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുസ്തകത്തിലെ ചില ഭാഗങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് തീരുമാനം.
സര്‍വ്വീസിലിരിക്കെ എഴുതിയ ആത്മകഥയിലെ പ്രധാന വിവാദം മുന്‍ ഐഎസ് ആര്‍ഒ ചെയര്‍മാനായിരുന്ന കെ. ശിവനെ വിമര്‍ശിച്ച ഭാഗങ്ങളാണ്. ചന്ദ്രയാന്‍ ഒന്ന് ദൗത്യ പരാജയപ്പെട്ടപ്പോള്‍ കെ. ശിവന്‍ നടത്തിയ പ്രസ്താവന ‘കോണ്‍ടാക്ട് ലോസ്റ്റ്’ (ബന്ധം നഷ്ടമായി) എന്നാണ്. വാസ്തവത്തില്‍ പേടകം തന്നെ നഷ്ടമായി എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നിട്ടും അദ്ദേഹം വ്യാജമായ സന്ദേശം പുറത്ത് നല്‍കിയെന്ന് സോമനാഥ് ആത്മകഥയില്‍ എഴുതിയത് വലിയ വിവാദമായി മാറി. .വേണ്ടത്ര പരീക്ഷണങ്ങളും അവലോകനങ്ങളും നടത്താതെ തിരക്കിട്ട് വിക്ഷേപിച്ചതാണ് ചന്ദ്രയാൻ 2 ദൗത്യത്തിന്റെ പരാജയത്തിനു കാരണമെന്ന വിമർശനവും പുസ്തകത്തിലുണ്ട്. ഇതിന് പുറമെ കെ. ശിവനുമായി ബന്ധപ്പെട്ട ചില വിവാദങ്ങളും പ്രശ്നമായി.
ജിയോ ഇമേജിങ്ങ് സാറ്റലൈറ്റ് വിക്ഷേപകണം മാറ്റിവെച്ചത് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണെന്ന
സോമനാഥിന്റെ പരാമര്‍ശവും വിവാദമായിട്ടുണ്ട്.
കോഴിക്കോട് ലിപി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ. കുട്ടിക്കാല ജീവിതം മുതൽ ചന്ദ്രയാൻ 3 ദൗത്യം വരെയുള്ള ജീവിതമാണ് എസ് സോമനാഥ് പരാമർശിക്കുന്നത്. ഒരു സാധാരണ കുടുംബത്തിൽ പിറന്ന് വേണ്ടത്ര മാർഗ്ഗ നിർദ്ദേശങ്ങളൊന്നും ലഭിക്കാതെ വിദ്യാഭ്യാസ കാലം മുഴുവൻ ദാരിദ്ര്യത്തിൽ കഴിഞ്ഞ ഒരു വ്യക്തി ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ ചെയർമാൻ ആവുകയും വളരെ ദുർഘടമായ ചന്ദ്രന്റെ തെക്കേമുനമ്പിലേക്ക് ഇന്ത്യയുടെ ഉപഗ്രഹത്തെ സോഫ്റ്റ് ലാൻറ് ചെയ്യിപ്പിക്കുകയും അങ്ങനെ ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുകളിൽ പ്രതിഷ്ഠിക്കുകയും ചെയ്തത് എങ്ങനെയെന്ന പ്രചോദനാത്മകമായ കഥയാണ് 167 പേജുകൾ വരുന്ന ഈ പുസ്തകത്തിലുള്ളത്.
സര്‍വ്വീസിലിരിക്കുന്ന ഒരാള്‍ ആത്മകഥയെഴുതുക എന്നത് തന്നെ അത്യന്തം അപകടകരമാണ്. അത് തന്നെ വേണ്ടത്ര റിവ്യൂ ചെയ്യാതെ പ്രസിദ്ധീകരിച്ചതും എല്ലാവരേയും അത്ഭുതപ്പെടുത്തുന്നു. പ്രതിസന്ധികളെ തരണം ചെയ്ത് വിജയം കൈവരിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ആത്മകഥയുടെ ഉദ്ദേശം.
ഉന്നതങ്ങളിലേക്ക് എത്തും തോറും നമ്മൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ചാണ് പുസ്തകത്തിൽ പരാമർശിച്ചത്.”- സോമനാഥ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: