റായ്പൂര്‍: ജനങ്ങളെ കൊള്ളയടിക്കാനുള്ള ഒരു അവസരവും പാഴാക്കാത്ത കോണ്‍ഗ്രസ് മഹാദേവന്റെ പേര് പോലും വിട്ടുകളഞ്ഞില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദര്‍ഗില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഛത്തീസ്ഗഡിലെ ഭൂപോഷ് ബാഗേല്‍ സര്‍ക്കാര്‍ മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ കോടികളുടെ അഴിമതി നടത്തിയെന്ന ഇ ഡിയുടെ കണ്ടെത്തത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം. ദര്‍ഗില്‍ ബിജെപി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രണ്ട് ദിവസം മുമ്പ് റായ്പൂരില്‍ ഒരു വലിയ ഓപ്പറേഷന്‍ നടന്നു. വന്‍ കറന്‍സി നോട്ടുകളുടെ ശേഖരം കണ്ടെത്തി. പണം ചൂതാട്ടക്കാരുടെയും പന്തയം വെക്കുന്നവരുടെതുമാണെന്ന് ആളുകള്‍ പറയുന്നു. കൊള്ളയടിച്ച പണം കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ വീടുകള്‍ നിറയ്‌ക്കുകയാണ്.
അതിന്റെ കണ്ണികള്‍ ആരിലേക്ക് നീളുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ടില്‍ കാണാം. ഈ കുംഭകോണത്തില്‍ പ്രതികളായ, ദുബായ്‌യില്‍ ഇരിക്കുന്നവരുമായി എന്ത് ബന്ധമാണുള്ളതെന്ന് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ഛത്തീസ്ഗഡിലെ ജനങ്ങളോട് പറയണം, പ്രധാനമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് മോദിയെ രാവും പകലും അധിക്ഷേപിക്കുന്നു. എന്നാല്‍ മോദിക്ക് അപമാനങ്ങളെ പേടിയില്ല എന്നാണ് എനിക്ക് ഛത്തീസ്ഗഡിലെ ജനങ്ങളോട് പറയാനുള്ളത്. അഴിമതിക്കാരെ നേരിടാനാണ് നിങ്ങള്‍ മോദിയെ ദല്‍ഹിയിലേക്ക് അയച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനധികൃത വാതുവെപ്പ് നടത്തിപ്പുകാര്‍ നല്‍കിയ ഹവാല പണം കോണ്‍ഗ്രസ് ഉപയോഗിക്കുന്നതായും മോദി പറഞ്ഞു. പറയുന്നത് ചെയ്യുക എന്നതാണ് ബിജെപിയുടെ ട്രാക്ക് റിക്കാര്‍ഡ്.
ഛത്തീസ്ഗഡ് രൂപീകരിച്ചത് ബിജെപിയാണ്, ഛത്തീസ്ഗഡിനെ ബിജെപി രൂപപ്പെടുത്തിയെടുക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നുണകളുടെ കെട്ട് ബിജെപിക്ക് മുന്നില്‍ നില്‍ക്കുന്നു. അഴിമതിയിലൂടെ ഖജനാവ് നിറയ്‌ക്കുക എന്നതിനാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍ഗണന, മോദി പറഞ്ഞു.
ഛത്തീസ്ഗഡ് കൊള്ളയടിച്ചവര്‍ക്കെതിരെ തീര്‍ച്ചയായും നടപടിയെടുക്കും. ഓരോ പൈസയും തിരിച്ചെടുക്കും. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം ഇത്തരം അഴിമതികളെക്കുറിച്ച് അന്വേഷിക്കും.
ജനങ്ങളെ കൊള്ളയടിച്ചവരെക്കുറിച്ച് അന്വേഷിക്കുമെന്നും അവരെ ജയിലിലേക്ക് അയയ്‌ക്കുമെന്നും ഉറപ്പു നല്‍കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാദേവ് വാതുവെപ്പ് ആപ്പ് പ്രൊമോട്ടര്‍മാര്‍ ഭൂപേഷ് ബാഗേലിന് 508 കോടി രൂപ നല്‍കിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: