തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികളും തൊഴില്‍ ദാതാക്കളും തമ്മിലുള്ള നൈപുണ്യ അന്തരം പരിഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന്.
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്ര തിരുവനന്തപുരം നെടുമങ്ങാട് സംഘടിപ്പിച്ച ജോബ് എക്സ്പോ 23 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും കമ്പനികളും ഉദ്യോഗാര്‍ത്ഥികളും തമ്മില്‍ നിലനില്‍ക്കുന്ന നൈപുണ്യ അന്തരത്തില്‍ മാറ്റം വരുത്തണം. നൈപുണ്യ അന്തരം പരിഹരിക്കുന്നതിനാണ് പുതിയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്നത്. തൊഴില്‍ദാതാക്കളുടെ ആവശ്യം തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പരിശീലനം നല്‍കാനുള്ള സംവിധാനം രൂപീകരിക്കേണ്ടതുണ്ടെന്നും വി മുരളീധരന് പറഞ്ഞു.
തൊഴില്‍ മേളയുടെ ഭാ?ഗമായി നടക്കുന്ന സ്വയം തൊഴില്‍ പദ്ധതികളെ കുറിച്ചുള്ള ശില്പശാല യുവാക്കളെ തൊഴില്‍ അന്വേഷകരില്‍ നിന്ന് തൊഴില്‍ ദാതാക്കളായി മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നെഹ്റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടര്‍ എം. അനില്‍ കുമാര്‍, ജോബ് മേള പ്രോജക്ട് ഡയറക്ടര്‍ പി.ജി. രാമചന്ദ്രന്, നെടുമങ്ങാട് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാര്‍, ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ. രാധാകൃഷ്ണന് നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വര്‍ക്കലയില്‍ കഴിഞ്ഞ മാസം നടന്ന ഒന്നാം ഘട്ട ജോബ് എക്സ്പോയില്‍ പഞ്ചാബ് സെന്റ് ബച്ചന്‍പുരി ഇന്റര്‍നാഷണല്‍ സ്കൂളില്‍ അധ്യാപകരായി നിയമനം ലഭിച്ച മൂന്ന് പേര്‍ക്ക് കേന്ദ്ര സഹമന്ത്രി വി. മുരളീധരന് ചടങ്ങില്‍ നിയമന ഉത്തരവുകള്‍ കൈമാറി. ജോബ് എക്സ്പോയില്‍ പങ്കെടുക്കുന്ന 50 ലേറെ സ്വകാര്യ സ്ഥാപനങ്ങളിലെ 4000 ത്തോളം ഒഴിവുകളിലേക്കാണ് നിയമനം നല്‍കുന്നത്.
മേളയോടനുബന്ധിച്ചു കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഫ്ലാഗ്ഷിപ് പരിപാടികളായ പ്രധാനമന്ത്രി സ്വനിധി, പ്രധാന മന്ത്രി വിശ്വകര്‍മ യോജന, പ്രധാന മന്ത്രി എംപ്ലോയ്മെന്റ് ജനറേഷന് പ്രോഗ്രാം, മുദ്ര യോജന എന്നിവയെ സംബന്ധിച്ചുള്ള സെമിനാറുകള്‍ക്ക് ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്, ലീഡ് ബാങ്ക്, ഫാര്‍മേഴ്സ് പ്രൊഡ്യൂസഴ്സ് ഓര്ഗനൈസേഷന് എന്നീ സ്ഥാപനങ്ങള്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: