ന്യൂദല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായതോടെ ഒരു കാര്യം വ്യക്തം. സിപിഎമ്മിനെ ആര്‍ക്കും വേണ്ട. രാജസ്ഥാനും ഛത്തീസ്ഗഡിലും മധ്യപ്രദേശിനും പുറമേ തെലങ്കാനയിലും സിപിഎമ്മിനെ കൂടെക്കൂട്ടാന്‍ കോണ്‍ഗ്രസ് തയാറായില്ല. ഇന്‍ഡി മുന്നണിയില്‍ കേറ്റാതെ വന്നതോടെ ചില മണ്ഡലങ്ങളില്‍ തനിച്ച് മത്സരിക്കുകയാണ് സിപിഎം.
രാജസ്ഥാനില്‍ 17 സീറ്റില്‍ സിപിഎം തനിച്ച് മത്സരിക്കുന്നുണ്ട്. പലവട്ടം മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയെങ്കിലും സീറ്റുകള്‍ നല്‍കിയില്ല. കഴിഞ്ഞ തവണ രാജസ്ഥാനില്‍ 24 ഇടത്ത് സിപിഎം മത്സരിച്ചെന്നും കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ ഇതു സഹായിച്ചെന്നുമാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാദം.
ഛത്തീസ്ഗഡില്‍ മൂന്നു സീറ്റുകളിലും മധ്യപ്രദേശില്‍ നാല് സീറ്റുകളിലും സിപിഎം ഒറ്റയ്‌ക്ക് മത്സരിക്കും. രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെങ്കിലും സിപിഎം ഒപ്പം വേണ്ടെന്നായിരുന്നു അവരുടെ നിലപാട്. ഒരുകാലത്ത് സിപിഎമ്മിന് ഏറെ സ്വാധീനമുണ്ടായിരുന്ന ഛത്തീസ്ഗഡില്‍ ഏറെ ദയനീയാവസ്ഥയിലാണ് പാര്‍ട്ടി.
സിപിഎമ്മിനെ മുന്നണിയില്‍ എടുത്താല്‍ ഒരു പ്രയോജനവുമില്ലെന്നായിരുന്നു ഛത്തീസ്ഗഡ് കോണ്‍ഗ്രസ് നിലപാട്. ജയസാധ്യതയുള്ള സീറ്റുകള്‍ വിട്ടു നല്‍കാനാവില്ലെന്നും കോണ്‍ഗ്രസ് നിലപാടെടുത്തു. തീര്‍ത്തും അനാഥാവസ്ഥയിലായ സിപിഎം പേരിന് മൂന്ന് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ദേശീയ പാര്‍ട്ടിയുടെ ‘ഗമ കാണിച്ചു’.
സിപിഎമ്മിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത് തെലങ്കാനയിലാണ്. തെലങ്കാനയില്‍ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ സജീവമായി തുടരുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസവും യെച്ചൂരി പറഞ്ഞത്.
എന്നാല്‍ തെലങ്കാനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ മുന്നണിയില്‍ ചേര്‍ക്കേണ്ടെന്നാണ് കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട്. ഇതോടെ 40 മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് സിപിഎം തീരുമാനം. ഒരുകാലത്ത് കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ ശക്തികേന്ദ്രമായിരുന്ന തെലങ്കാനയില്‍ വെറും രണ്ട് സീറ്റ് ചോദിച്ചിട്ടു പോലും കോണ്‍ഗ്രസ് നല്‍കിയില്ല എന്നതാണ് ദയനീയം.
കോണ്‍ഗ്രസിന് ജയിക്കണമെന്നില്ലെന്നും അതുകൊണ്ടാണ് ഞങ്ങളെ മുന്നണിയിലെടുക്കാത്തതെന്നുമാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ചെറുപള്ളി സീതാരാമുലുവിന്റെ പ്രതികരണം. മുന്നണിയിലെടുത്തില്ലെങ്കിലും ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎമ്മിന് സ്ഥാനാര്‍ത്ഥികളില്ലാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: