തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.കെ. കണ്ണനും എ.സി. മൊയ്തീനും പ്രതികള്‍ തന്നെയെന്ന് സൂചന നല്കി ഇ ഡി. ഒന്നാംഘട്ട കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് അന്വേഷണം രണ്ടാംഘട്ടത്തിലേക്ക് കടന്നു. ഇതില്‍ അന്വേഷണം പ്രധാനമായും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളെ കേന്ദ്രീകരിച്ചാകും.
എം.കെ. കണ്ണനും എ.സി. മൊയ്തീനും നല്കിയ മൊഴികളില്‍ ഏറെ വൈരുധ്യമുണ്ട്. ഇവരെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കും. കേസില്‍ ഇരുവര്‍ക്കുമെതിരേ തെളിവുകളുണ്ട്. തുടര്‍ ചോദ്യം ചെയ്യലിലും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പ്രതി ചേര്‍ക്കും. അനധികൃത സ്വത്തുക്കള്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവ സംബന്ധിച്ച് എം.കെ. കണ്ണന്‍ നല്കിയ വിശദീകരണത്തില്‍ പൊരുത്തക്കേടുകളാണ്. സ്വത്തു വിവരങ്ങള്‍ കണ്ണന്‍ വെളിപ്പെടുത്തിയിട്ടില്ല.
എ.സി. മൊയ്തീന്റെയും ഭാര്യയുടെയും 28 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടുകളും ഇരുവരുടെയും പേരിലുള്ള ഭൂമി ഇടപാടുകളും മരവിപ്പിച്ചു. കേസിലെ പ്രധാന പ്രതികളായ പി. സതീഷ്‌കുമാറിന്റെയും പി.ആര്‍. അരവിന്ദാക്ഷന്റെയും ശബ്ദരേഖയില്‍ എ.സി. മൊയ്തീന് ഇടപാടില്‍ പങ്കുണ്ടെന്നു വെളിപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ രഹസ്യമൊഴി നല്കിയ സാക്ഷി ജിജോറും മൊയ്തീനെതിരേ ശക്തമായ തെളിവുകള്‍ നല്കി.
നിലവില്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളവര്‍ക്കു പുറമേ കേസില്‍ കൂടുതല്‍ പ്രതികളുണ്ട്. ഇവരെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. കരുവന്നൂര്‍ ബാങ്കുവഴിയും മറ്റ് സഹകരണ ബാങ്കുകള്‍ വഴിയും വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചു.
കേന്ദ്ര സര്‍ക്കാരിനും ഇ ഡി ഇതു സംബന്ധിച്ച കാര്യങ്ങള്‍ കൈമാറി. അന്വേഷണം തടസ്സപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരും സഹകരണ വകുപ്പും വിവിധ സഹകരണ ബാങ്ക് ഭരണ സമിതികളും ശ്രമിക്കുന്നതായും ഇ ഡി കേന്ദ്രത്തെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: