പത്തനംതിട്ട: അയ്യപ്പഭക്തകോടികള്ക്കു ഇഷ്ടപ്രസാദമായ അരവണയ്ക്ക് ഇക്കുറി രുചിയും സുഗന്ധവും കുറയും. മണ്ഡല-മകര വിളക്കുത്സവത്തിനുള്ള അരവണ പ്രസാദ നിര്‍മാണം സന്നിധാനത്ത് ആരംഭിച്ചെങ്കിലും ഇക്കുറി ഏലക്ക ചേര്‍ക്കുന്നില്ല. കഴിഞ്ഞ വര്‍ഷം അരവണയിലെ ഏലക്കയില്‍ കീടനാശിനി കണ്ടതിനെ തുടര്‍ന്ന് പ്രസാദ വിതരണം ഹൈക്കോടതി തടഞ്ഞിരുന്നു. വിതരണം നിര്‍ത്തിവച്ച 6.65 ലക്ഷം ടിന് അരവണ നശിപ്പിക്കാന്‍ സുപ്രീം കോടതിയും നിര്‍ദേശിച്ചിരുന്നു.
ഇരുനൂറോളം ദിവസ വേതനക്കാരെ വച്ച് ദേവസ്വം നേരിട്ടാണ് ഇക്കുറി അരവണയുണ്ടാക്കുന്നത്. മേല്‍നോട്ടത്തിന് ഒരു സ്പെഷല്‍ ഓഫീസറും രണ്ട് അസി. സ്പെഷല്‍ ഓഫീസര്‍മാരുമുണ്ട്. ദിവസം ഇരുനൂറോളം കൂട്ട് അരവണയാണ് ഉണ്ടാക്കുക, ഒരുകൂട്ട് 962 കണ്ടെയ്നറില്‍ നിറയ്ക്കാം. കീടനാശിനി കണ്ട അരവണ നശിപ്പിക്കുമ്പോള്‍ ഏഴു കോടി രൂപയുടെ നഷ്ടം ബോര്‍ഡിനുണ്ടാകും. പമ്പയിലെ ലാബില്‍ പരിശോധിച്ചാണ് ഏലക്ക സന്നിധാനത്തെത്തിച്ചിരുന്നത്. കീടനാശിനി സാന്നിധ്യമറിയാന്‍ സംവിധാനം പമ്പയിലെ ലാബിലില്ല. കോടതി നിര്‍ദേശ പ്രകാരം സ്പൈസസ് ബോര്‍ഡ് ലാബിലെ പരിശോധനയിലാണ് ഏലക്കയില്‍ വിഷാംശം കണ്ടത്. ഭക്ഷ്യയോഗ്യമല്ലാത്ത ഏലക്കയാണെന്നും ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു.
പ്രസാദ നിര്‍മാണത്തിലെ വാണിജ്യ താത്പര്യങ്ങളും നിര്‍മാണക്കരാര്‍ കിട്ടാനുള്ള കിടമത്സരങ്ങളുമാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനം. നല്ല അരവണ പോലും ഭക്തര്‍ക്ക് കൊടുക്കാനാകാത്തത് ബോര്‍ഡിന്റെ കെടുകാര്യസ്ഥത മൂലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: