കോഴിക്കോട്: സാഹിത്യരംഗം എഴുത്തുകാരുടെ മാത്രമല്ല വായനക്കാരുടെ മേഖല കൂടിയായതിനാല്‍ പുതിയ കാലത്തിനനുസരിച്ച രചനകള്‍ സാഹിത്യ രംഗത്ത് ഉണ്ടാകേണ്ടതുണ്ടെന്ന് സംസ്കാര്‍ ഭാരതി അഖില ഭാരതീയ സംഘടന സെക്രട്ടറി അഭിജിത് ഗോഖലെ. ബാലസാഹിത്യത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കേണ്ട സന്ദര്‍ഭമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. തപസ്യയുടെ സഞ്ജയന് പുരസ്കാരം പ്രസിദ്ധ സാഹിത്യ-സാംസ്കാരിക നായകന് പി.ആര്. നാഥന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിലെ ആദ്യത്തെ സാഹിത്യ നഗരമായി കോഴിക്കോടിനെ യുനസ്കോ പ്രഖ്യാപിച്ചത് കോഴിക്കോടിനെ സംബന്ധിച്ച് ഏറെ പ്രതീക്ഷകളും ഉത്തരവാദിത്വങ്ങളും നല്‍കുന്നതാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പതിമൂന്നാമത് സഞ്ജയന് പുരസ്കാരമാണ് അഭിജിത് ഗോഖലെ സമ്മാനിച്ചത്. 50,000 രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം. തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനായി.
ലോകത്ത് നിരവധി ചിന്തകളും നിരവധി ഗുരുക്കന്മാരും ഉണ്ടെന്നും ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടാകുന്നത് ഗുരുക്കന്മാരിലൂടെയാണെന്നും പി.ആര്. നാഥന് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. തര്‍ക്കിക്കാന്‍ വരുന്നവര്‍ ജയിക്കാന്‍ വരുന്നവരാണ്. അവരെ തോല്‍പ്പിക്കാന്‍ ശ്രമിച്ച് ആ സമയം നഷ്ടപ്പെടുത്താതെ വായനയ്ക്കായി മാറ്റിവയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ശ്രീശൈലം ഉണ്ണികൃഷ്ണന്, കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ വത്സന് നെല്ലിക്കോട്, പ്രൊഫ. ഡോ.കെ.വി. തോമസ്, പ്രസിദ്ധ നോവലിസ്റ്റ്് യു.കെ. കുമാരന്, തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ യു.പി. സന്തോഷ്, പുരസ്കാര നിര്‍ണയ സമിതി അംഗം പി. ബാലകൃഷ്ണന് പങ്കെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന് സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍ പൂനൂര് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: