തൃശ്ശൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് നടക്കുന്ന ചെമ്പൈ സംഗീതോത്സവം ഇക്കുറി സംപ്രേഷണം ചെയ്യേണ്ടെന്ന നിലപാടില്‍ ദൂരദര്‍ശന്റെ തിരുവനന്തപുരം, തൃശ്ശൂര്‍ കേന്ദ്രങ്ങള്‍. സംഗീത പ്രേമികളുടെ ഇടയില്‍ നിന്നും വലിയ പ്രതിഷേധമാണ് ദൂരദര്‍ശന്റെ തീരുമാനത്തിനെതിരെ ഉയരുന്നത്. 45 വര്‍ഷമായി ആകാശവാണിയും ദൂരദര്‍ശനും ചെമ്പൈ സംഗീതോത്സവം സംപ്രേഷണം ചെയ്യുന്നുണ്ട്.
ദിവസവും ഓരോ മണിക്കൂര്‍ വീതവും സമാപനദിവസം ലൈവ് സപ്രേഷണവുമാണ് പതിവ്. തിരുവനന്തപുരം തൃശ്ശൂര്‍ കേന്ദ്രങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരാണ് ഇക്കുറി സംഗീതോത്സവം സംപ്രേഷണം ചെയ്യേണ്ട എന്ന തീരുമാനമെടുത്തത്. ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലെന്നും പരിപാടിക്ക് പ്രാധാന്യമില്ലെന്നുമുള്ള ന്യായങ്ങളാണ് ഇവര്‍ നിരത്തുന്നത്. സംഗീതോത്സവം സംപ്രേഷണം ചെയ്യുന്നത് വഴി ആകാശവാണിക്കും ദൂരദര്‍ശനും വലിയ കണ്ടന്റാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. ഒരു രൂപ പോലും ചെലവില്ലാതെ ഉന്നതരായ കലാകാരന്മാരുടെ സംഗീതശേഖരം എല്ലാ വര്‍ഷവും ലഭിക്കുന്നു.
സംപ്രേഷണം വേണ്ടെന്ന തീരുമാനത്തിനെതിരെ കേന്ദ്രമന്ത്രിക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് സംഗീത പ്രേമികളും ഗുരുവായൂരിലെ ഭക്തരും.
വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെ 15 ദിവസം എന്നത് ചുരുക്കി വേണമെങ്കില്‍ അഞ്ചുദിവസം സംപ്രേഷണം നടത്താമെന്ന നിലപാടിലേക്ക് ഇപ്പോള്‍ ദൂരദര്ശന് കേന്ദ്രം അധികൃതര്‍ മാറിയിട്ടുണ്ട്. എന്നാല്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ 15 ദിവസവും ചെമ്പൈ സംഗീതോത്സവം സംപ്രേഷണം ചെയ്യണമെന്ന് സംഗീത വിദഗ്ധരും ആസ്വാദകരും ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: