വന്നുവീണ്ടും ശ്രാവണപ്പൂംപുലരിയെന്‍ മലയാള
മണ്ണിലെങ്ങും തിരുവോണക്കാഴ്ച നല്കിടാന്‍.
സുന്ദരമാം സ്വപ്‌നമെഴും ചിങ്ങമാസ നിലാവിന്റെ
തൊങ്ങലുകളണിയുന്ന ദേവഭൂമിക.
ഊയലാടും മനസ്സിന്റെ പോയകാലസ്മൃതികളില്‍
തൂലികയാലുണരുന്ന കാവ്യസൗഭഗം…,
വിരിയുന്ന വസന്തമാം ഋതുഗന്ധമിയലുന്നൊ
രിളംതെന്നലരികിലായ് പുണര്‍ന്നുനില്‍ക്കേ
വരവായി ചിങ്ങമാസ വിശേഷങ്ങളെഴുതുന്ന
‘വരമായി’ മധുമാസപ്പുലരിയായി,
തെളിമതന്നൊളിചിന്തും തിളങ്ങുന്ന ഗഗനത്തിന്‍
ചെരുവിലായ് വിളങ്ങുന്ന ചന്ദനക്കിണ്ണം!
നറുനിലാവൊഴുകുന്നു ഹൃദയപൂര്‍വ്വകം നമ്മ
ളൊരുമയോടിവിടിനി വസിയ്‌ക്കവേണം
വറുതികളകലട്ടെ, നറുദീപ പ്രഭയതില്‍
തെളിയട്ടെ മനസ്സില്‍ പൂക്കളങ്ങളെന്നും.
വരവായി മഹാബലി അതിരുകളകന്നൊരു
ചിരകാല സമൃദ്ധിയ്‌ക്കുവരവേകുവാന്‍
‘ഒരുജാതി ഒരുമതം ഒരുദൈവ’മരുളിയ
ഗുരുവര സ്വരജതി പാടിനില്‍ക്കുവാന്‍
പുലരണം സമത്വത്തിന്‍ ചരിതങ്ങളെഴുതുവാന്‍
കഴിയേണമതിന്നു,നാമുണര്‍ന്നീടേണം.
എളിമതന്‍ മനോഗതിയെഴുതുന്ന ‘കളങ്ങളി’
ലുണരുന്ന ഹൃദയത്തിന്‍ സാരസൗരഭം….
ഒഴുകീടും മലയാള മഹിമതന്‍ സവിശേഷ
ചരിതങ്ങളുണര്‍ത്തുപാട്ടെഴുതിവീണ്ടും.
പലവര്‍ണ്ണമെങ്കി, ലേകസ്വരമോടെ സമഭാവ
സ്തുതിഗീതമതില്‍ ക്കാണ്മൂ ലയനതാളം,
ഉണരണം മനസ്സുകൊണ്ടുയരുവാന്‍ കഴിയുന്നൊ
രുദയശ്രീലാളിതമാം സ്‌നേഹ വിസ്മയം…
എഴുതുന്ന പ്രപഞ്ചത്തിന്‍ സുമധുര ലാസ്യകേളി
ഉയരട്ടെ മേല്‍ക്കുമേലെന്‍ ഭുവനമാകെ!
കരുതേണം വരമാകും തിരുവോണക്കഥയുടെ
തെളിയുന്ന സത്യധര്‍മ്മ നീതിബോധങ്ങള്‍…
തെളിച്ചുനിര്‍ത്തുക നമ്മള്‍ സമതതന്‍ ഭദ്രദീപ
ത്തികവിലൊരുക്കിനിര്‍ത്തൂ ‘കാവ്യകൈരളി’
ഒരുമതന്‍തെളിമയിലെഴുതുന്ന മഹിതമാം
കവിതപോല്‍ തിരുവോണ ചരിതമെങ്ങും
വിജയശ്രീലാളിതമാം മലയാളക്കര സ്‌നേഹ
സഹിതമാം തിരുവോണക്കാഴ്ച നല്‍കയായ് !!
പ്രതികരിക്കാൻ ഇവിടെ എഴുതുക: